22 December 2024, Sunday
KSFE Galaxy Chits Banner 2

ചരിത്രപ്രാധാന്യമുള്ള വിധി

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
May 15, 2022 1:01 am

2021 ജൂൺ 20ന് ”രാജ്യദ്രോഹക്കുറ്റം പുനർ നിർവചിക്കണം” എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ലേഖനം ഈ പംക്തിയിൽ ഞാൻ എഴുതിയിരുന്നു. പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകൻ വിനോദ് ദുവെയ്ക്കെതിരെ ഹിമാചൽപ്രദേശ് ഗവൺമെന്റ് ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്തുകൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം ജൂൺ ആദ്യം പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ലേഖനം.

ഇന്ത്യൻ പീനൽ കോഡിലെ 124 എ (സെഡീഷൻ) എന്ന വകുപ്പ് 1870 ൽ എഴുതി ചേർത്തതാണ്. ജീവപര്യന്തം തടവുശിക്ഷ വിധിക്കാവുന്ന ഒരു വകുപ്പാണിത്. ബ്രിട്ടീഷാധിപത്യത്തിൽ ഞെരിഞ്ഞമർന്ന ഇന്ത്യയിൽ സ്വാതന്ത്ര്യ സമരങ്ങൾ അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ ധീര ദേശാഭിമാനികളെ നിശബ്ദരാക്കാനും കൽത്തുറുങ്കിലടയ്ക്കാനും ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമമാണിത്. ബ്രിട്ടീഷിന്ത്യയിലാദ്യമായി ഒരു രാഷ്ട്രീയ പണിമുടക്ക് നടത്താൻ ഇന്ത്യൻ തൊഴിലാളിവർഗം നിർബന്ധിതമായത് ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോഴാണ്. തിലകനെ അറസ്റ്റ് ചെയ്തപ്പോൾ ബ്രിട്ടീഷ് സിംഹാസനം ഉപയോഗിച്ച വകുപ്പ് ഇതു തന്നെ ആയിരുന്നു. പിന്നീട് 1922 ൽ മഹാത്മജിയെ അറസ്റ്റ് ചെയ്തതും ഇതേ വകുപ്പനുസരിച്ചായിരുന്നു. എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളെ കാരാഗ്രഹ വാസത്തിനയക്കാൻ ബ്രിട്ടീഷ് അധികാരികൾ ഉപയോഗിച്ച ”രാജ്യദ്രോഹക്കുറ്റം” ഇന്ത്യൻ പീനൽ കോഡിൽ മെക്കാളെ പ്രഭുവാണ് 1870ൽ ഉൾപ്പെടുത്തിയത്. മെക്കാളെ പ്രഭുവിന്റെ രാജ്യമായ ഇംഗ്ലണ്ടിൽ 2010 ൽ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച നിയമം റദ്ദു ചെയ്തു എന്നതും ഓർക്കേണ്ടതാണ്. 1950 ൽ നാം ഒരു റിപ്പബ്ലിക്കാവുകയും ലിഖിതവും ശ്രേഷ്ഠവുമായ ഒരു ഭരണഘടനയുടെ ഉടമസ്ഥരാവുകയും ചെയ്തപ്പോൾ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ധാരാളം ഇളനീർ രുചിക്കുവാൻ നമുക്കവസരം ലഭിച്ചു. ഒരു സാധാരണ ഇന്ത്യൻ പൗരന് നിയമ പരിരക്ഷയെന്ന കവചം തീർത്തുകൊണ്ടുള്ള ഭരണഘടന ഇന്ന് നമുക്കുണ്ട്.

 


ഇതുകൂടി വായിക്കൂ:  രാജ്യദ്രോഹക്കുറ്റം പുനർനിർവചിക്കണം


 

ഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്ഥകൾക്കും വിരുദ്ധമാണ് സെഡീഷൻ നിയമം എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീം കോടതിയിൽ ഒരു കേസ് വന്നു. 1962 ലെ കേദാർനാഥ് സിങ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാരിനെയോ അതിന്റെ സ്ഥാപനങ്ങളിലെ ആളുകളെയോ കടുത്ത ഭാഷയിൽ വിമർശിച്ചു എന്നുള്ളതുകൊണ്ടു മാത്രം 124 എ രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പുകൾ ആകർഷിക്കപ്പെടുന്നില്ല എന്നു വ്യക്തമാക്കുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെങ്കിലും ഒരു കലാപം നടത്താനുള്ള ആഹ്വാനമുണ്ടെങ്കിലും മാത്രമെ സെഡീഷൻ നിലനിൽക്കുകയുള്ളു എന്നും ചീഫ് ജസ്റ്റിസ് ഭുവനേശ്വർ പി സിൻഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19ന്റെ ലംഘനം ഈ നിയമവ്യവസ്ഥയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും ഈ കേസിൽ കോടതി പരിശോധിച്ചു. ഒരു ജനാധിപത്യ രാജ്യത്തിൽ സർക്കാരിനെ വിമർശിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കാൻ ശ്രമിക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപ് ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യൻ ദേശാഭിമാനികൾക്കെതിരെ എടുത്ത രാജ്യദ്രോഹക്കുറ്റ കേസുകൾക്ക് ശേഷം ഇത്രയധികം രാജ്യദ്രോഹക്കുറ്റത്തിന് ഇന്ത്യാക്കാരുടെ പേരിൽ കേസെടുക്കുന്നത് മോഡി സർക്കാരായിരിക്കും.

മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള അഞ്ച് വർഷം കൊണ്ട് 352 കേസുകളാണ് രാജ്യദ്രോഹം ആരോപിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ ആറ് കേസുകളിൽ മാത്രമെ ശിക്ഷ ഉണ്ടായിട്ടുള്ളൂ. ബാക്കി ഉള്ളവയിൽ ഭൂരിപക്ഷവും കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ചുമത്തപ്പെട്ട ”രാജ്യദ്രോഹക്കുറ്റ”മാണ്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് എം വി രമണയുടെ ബെഞ്ച് ഇന്ത്യൻ പീനൽ കോഡിലെ 124 എ (രാജ്യദ്രോഹക്കുറ്റം) മരവിപ്പിച്ചു എന്ന് മാത്രമല്ല, ഈ വകുപ്പ് പ്രകാരം ഇനി കേസെടുക്കരുതെന്ന് നിർദേശിക്കുകയും അതിൻപ്രകാരമുള്ള എല്ലാ കേസുകളുടെയും തുടരന്വേഷണവും കോടതി നടപടി ക്രമങ്ങളും നിർത്തിവയ്ക്കാനും ഉത്തരവിട്ടിരിക്കുകയാണ്. നിലവിൽ രാജ്യദ്രോഹക്കുറ്റം മാത്രം ചുമത്തി ജയിലിൽ അടക്കപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്.


ഇതുകൂടി വായിക്കൂ:  124എ: അടിച്ചമര്‍ത്താനുള്ള ഭരണകൂട ആയുധം; ആറ് വര്‍ഷത്തിനിടയില്‍ 326 രാജ്യദ്രോഹക്കേസുകള്‍


സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനായ കപിൽ സിബൽ പറഞ്ഞത് പതിമൂവായിരത്തിലധികം ആളുകൾ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ കഴിയുന്നു എന്നാണ്. രാജ്യദ്രോഹക്കുറ്റം നിലനിർത്തുന്നതിന് വേണ്ടി കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് സൂപ്രണ്ട് ഓഫ് പൊലീസിന്റെ അനുമതി വാങ്ങണമെന്ന നിബന്ധന വയ്ക്കാമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എഫ്ഐആർ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന കേന്ദ്ര നിർദേശവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ബെഞ്ച് നിരാകരിച്ചുകൊണ്ടാണ് ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. സുപ്രീം കോടതിക്കും ഒരു ”ലക്ഷ്മണ രേഖ” ഉണ്ട് എന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞത് ഇക്കാര്യത്തിൽ മോഡി സർക്കാരിന്റെ കോടതിയോടുള്ള എല്ലാ അതൃപ്തിയും പ്രകടമാക്കുന്നതാണ്.

ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ, അലിഗഡ് മുസ്‌ലിം സർവകലാശാല വിദ്യാർത്ഥികൾ, ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥികൾ, 2018 ലെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടവർ, ഹത്രാസ് കൂട്ടബലാത്സംഗ കേസിനെതിരെ പ്രതികരിച്ചവർ, ജാമിയാ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ, ഷഹീൻ ബാഗ് സമരക്കാർ തുടങ്ങി മോഡി ഭരണത്തിനെതിരെ ശബ്ദമുയർത്തിയ ആയിരക്കണക്കിന് ആക്ടിവിസ്റ്റുകളെയാണ് ഈ കൊളോണിയൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. അഭിപ്രായങ്ങൾ തുറന്നു പറയുന്ന രാഷ്ട്രീയ എതിരാളികളെയും മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും സാഹിത്യ‑സാംസ്കാരിക നായകന്മാരേയും മോഡി സർക്കാർ തുടർച്ചയായി തടവിലാക്കി കൊണ്ടിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ഫാ. സ്റ്റാൻ സാമിയും ഇപ്പോൾ കോടതിയിൽ നിന്നു ജാമ്യം ലഭിച്ച് ആശുപത്രിയിൽ കഴിയുന്ന തെലുങ്ക് കവി 82 കാരനായ വരവരറാവുവും 85 കാരനായ സായിബാബയും പ്രശസ്ത അഭിഭാഷക സുധ ഭരദ്വാജും, ദിശാ രവിയും, ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ശബ്ദിച്ച ഐഷാ സുൽത്താനയും, മാധ്യമ റിപ്പോർട്ടർ മലയാളിയായ സിദ്ദിഖ് കാപ്പനും തുടങ്ങിയ നിരവധി ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഇതേ വകുപ്പുപയോഗിച്ചാണ്. എതിർ ശബ്ദങ്ങളെ നിർവീര്യമാക്കാൻ മോഡി സർക്കാർ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വകുപ്പിന്റെ താല്ക്കാലികമായ വിരാമം മാത്രമാണ് ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  കിരാത നിയമം മരവിപ്പിച്ചത് സ്വാഗതാര്‍ഹം


ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം എതിർ ശബ്ദങ്ങളെ ഉൾക്കൊള്ളുന്നതിലാണ്. രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടക്കുന്ന വ്യവസ്ഥ ഏകാധിപത്യത്തിന്റെ മുഖമുദ്രയാണ്. തീവ്ര ഹിന്ദുത്വ വർഗീയത എന്ന മോഡിയുടെയും ബിജെപിയുടെയും അപ്രഖ്യാപിത മാർഗം ഇന്ത്യൻ ജനാധിപത്യത്തിന് ഏല്പിച്ച മാരകമായ മുറിവുകൾ ഇന്ന് ജുഡീഷ്യറി പല നിലയിൽ പരിശോധിക്കുന്നു എന്നത് ആശ്വാസകരം തന്നെ.

രാജ്യദ്രോഹക്കുറ്റം പോലെ പുനർ നിർവചിക്കപ്പെടേണ്ടുന്ന മറ്റൊരു നിയമമാണ് യുഎപിഎ എന്ന കരിനിയമവും. സുപ്രീം കോടതിയുടെ ഈ ചരിത്രവിധിയെ സ്വാഗതം ചെയ്തവർ അധികാരം തങ്ങളുടെ കയ്യിൽ കിട്ടിയാൽ ഇത്തരം കരിനിയമങ്ങൾ രാഷ്ട്രീയ എതിരാളികളുടെ മേലോ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഇന്ത്യൻ പൗരന്മാരുടെ മേലോ പ്രയോഗിക്കുകയില്ല എന്നുകൂടി പറയുമ്പോഴാണ് അവരുടെ ഇക്കാര്യത്തിലുള്ള ആത്മാർത്ഥതയെ ജനങ്ങൾ അംഗീകരിക്കുന്നത്. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ”നാവടക്കൂ പണിയെടുക്കൂ” എന്ന മുദ്രാവാക്യത്തിനെതിരെ ആഞ്ഞടിച്ചവർ ഇന്ന് അധികാരത്തിലെത്തിയപ്പോൾ മേൽപ്പറഞ്ഞ കരിനിയമങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു വിരോധാഭാസമാണ്. ഏകാധിപത്യത്തെ താലോലിക്കുന്നവർക്ക് മാത്രമാണ് അത് ഭൂഷണമായിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങ് ഇടാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനു മേൽ ഏറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതിയുടെ ചരിത്ര പ്രാധാന്യമുള്ള വിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.