23 April 2024, Tuesday

Related news

April 20, 2024
April 18, 2024
April 17, 2024
March 5, 2024
February 22, 2024
February 16, 2024
February 6, 2024
January 9, 2024
December 6, 2023
November 23, 2023

രാജ്യദ്രോഹനിയമത്തില്‍ കേന്ദ്രം ഒളിച്ചു കളിക്കുന്നു

Janayugom Webdesk
November 4, 2022 6:00 am

ന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹ നിയമങ്ങൾ നരേന്ദ്ര മോഡി സർക്കാർ ഏറെക്കാലമായി ദുരുപയോഗം ചെയ്യുകയാണ്. പൊതുസമൂഹത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായിട്ടും തങ്ങളുടെ നയങ്ങളിലെ ധാർഷ്ട്യത്തെ എതിർക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ നിന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര‑സംസ്ഥാന സർക്കാരുകളെ തടയാനായില്ല. ഒടുവില്‍ കഴിഞ്ഞ മേയ് 11 ന് സുപ്രീം കോടതി ഈ വകുപ്പ് ഉപയോഗിച്ചുള്ള നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു. എങ്കിലും രാജ്യദ്രോഹ നിയമത്തോടുള്ള കൂറ് തുടരുന്ന കേന്ദ്രം സുപ്രീം കോടതിയിലുള്‍പ്പെടെ ഒളിച്ചുകളി തുടരുകയാണ്. കൊളോണിയൽ നിയമം പുനഃപരിശോധിക്കുകയാണെന്നാണ് ഒക്ടോബർ 31 ന് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ‘പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തീരുമാനമുണ്ടായേക്കാമെന്നും അതിനാൽ കുറച്ചുകൂടി സമയം അനുവദിക്കണമെന്നു‘മാണ് അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി, ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിനോട് അഭ്യർത്ഥിച്ചത്. വിഷയം ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്നും, മേയ് 11ലെ ഇടക്കാല ഉത്തരവ് നിലവിലുള്ളതിനാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും സർക്കാരിന്റെ നിയമോപദേഷ്ടാവ് കോടതിയില്‍ പറഞ്ഞു. ഈ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹ നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ച് വാദം കേൾക്കുന്ന സുപ്രീം കോടതിയുടെ ബെഞ്ച് വ്യവസ്ഥകൾ പുനരവലോകനം ചെയ്യുന്നതിന് അധിക സമയം അനുവദിച്ചു.

‘വിവാദപരമായ രാജ്യദ്രോഹ നിയമവും എഫ്ഐആറുകളുടെ രജിസ്ട്രേഷനും 2022 മേയ് 11ന് ഈ കോടതി പുറപ്പെടുവിച്ച ഇടക്കാല നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേസ് 2023 ജനുവരി രണ്ടാം വാരത്തിലേക്ക് മാറ്റിവയ്ക്കുന്നു‘വെന്നും ബെഞ്ച് പറഞ്ഞു. ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. സുപ്രീം കോടതിയിൽ നിന്ന് കൂടുതല്‍ സമയം നേടുന്നതിൽ മോഡി സർക്കാർ വിജയിച്ചു. എന്നാല്‍ എന്തിന് വേണ്ടിയാണിത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതിനിധി സുപ്രീം കോടതിയെ അറിയിച്ചത്. രാജ്യദ്രോഹനിയമം റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ, അറ്റോർണി ജനറൽ ഇക്കാര്യം ബെഞ്ചിനെ നേരിട്ട് അറിയിക്കുമായിരുന്നു. അങ്ങനെയല്ലാത്തിടത്തോളം ചില മാറ്റങ്ങളോടെ വ്യവസ്ഥ നിലനിർത്താനുള്ള സാധ്യതയാണ് തെളിയുന്നത്. സർക്കാർ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനയനുസരിച്ച് സെക്ഷൻ 124എ യിലെ ചില നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാനും ചിലത് നേർപ്പിക്കാനും ഒപ്പം മറ്റു ചിലത് ശക്തിപ്പെടുത്താനുമാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥ പൂർണമായും ഉപേക്ഷിക്കുന്നതിനുപകരം പുതിയരൂപത്തില്‍ നിലനിർത്താൻ സമർത്ഥമായ വഴികൾ തേടുകയും ആസൂത്രണം ചെയ്യുകയുമാണെന്നര്‍ത്ഥം. വിമർശകരെ നിശ്ശബ്ദമാക്കാനുള്ള ഒരു ഉപകരണമെന്ന നിലയില്‍ മോഡി സർക്കാരിന് രാജ്യദ്രോഹ നിയമത്തോട് പ്രത്യേക താല്പര്യമുണ്ട്. അതുകൊണ്ട് കേന്ദ്രം എന്താണ് ചെയ്യുകയെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും ഈ വ്യവസ്ഥ ഏതുവിധേനയും നിലനിർത്തണമെന്ന് സർക്കാരിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നതിനാൽ,124 എവകുപ്പ് പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരുന്ന ‘അനുയോജ്യമായ” ഭേദഗതികള്‍ പിൻവാതിലിലൂടെയും സുപ്രീം കോടതിയെ കബളിപ്പിച്ചും വ്യവസ്ഥ നിലനിർത്തുന്നതിനുള്ള തന്ത്രങ്ങള്‍ മാത്രമായിരിക്കും. അതേസമയം സുപ്രീം കോടതിയെ കബളിപ്പിച്ചുവെന്ന ആരോപണം ഒഴിവാക്കാൻ വിവാദനിയമം പൂര്‍ണമായി ഐപിസിയിൽ നിന്ന് ഒഴിവാക്കണമെന്ന മറ്റൊരു അഭിപ്രായവും ഭരണ കേന്ദ്രങ്ങളിലുണ്ട്. 124എ വകുപ്പ് പ്രകാരം കുറ്റം ചുമത്തി പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്യരുതെന്നാണ് സുപ്രീം കോടതി കേന്ദ്ര‑സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചിരുന്നു. എങ്കിലും കേന്ദ്രം ആവശ്യപ്പെടുന്ന പുനരവലോകനത്തിനുള്ള അനന്തമായ കാലതാമസം ദുരൂഹമാണ്. പ്രത്യേകിച്ചും സർക്കാർ സമയം ആവശ്യപ്പെടുകയും സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്യുമ്പോൾ. ബ്രിട്ടീഷ് ഭരണകാലത്തും സ്വതന്ത്ര ഇന്ത്യയിലും ഈ വ്യവസ്ഥ ദുരുപയോഗം ചെയ്തതിന്റെ നിരവധി ചരിത്രങ്ങളുണ്ട്. കൊളോണിയൽ ഭരണകാലത്ത്, വിയോജിപ്പുകളെ അടിച്ചമർത്താനും മഹാത്മാഗാന്ധി, ബാലഗംഗാധര തിലക് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ തടവിലാക്കാനും രാജ്യദ്രോഹ നിയമം ഉപയോഗിച്ചു. ബിജെപി ഭരണകൂടം, സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെയോ വീഴ്ചകളെയോ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, പൊതുപ്രവര്‍ത്തകര്‍ എന്നിവർക്കെതിരെ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ അഭൂതപൂർവമായ കുതിപ്പാണ് നടത്തിയത്.

ഇന്ത്യൻ ഭരണഘടനയിലെ ‘മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന തത്വത്തിന് വിരുദ്ധമായി സ്വേച്ഛാധിപത്യ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനായി വിമർശകരെ നിശ്ശബ്ദരാക്കാനും വിയോജിപ്പുകളെ അടിച്ചമർത്താനും ഈ വ്യവസ്ഥ വ്യക്തമായി ദുരുപയോഗം ചെയ്യപ്പെട്ടു. അതിനാൽ, രാജ്യദ്രോഹ നിയമം ജനാധിപത്യത്തിന്റെ നിലനില്പിന് ഭീഷണിയായാണ് പൊതുസമൂഹം കാണുന്നത്. ഇക്കാരണത്താലാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, റിട്ട. മേജർ ജനറൽ എസ് ജി വോംബത്കെരെ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) തുടങ്ങിയവർ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്തത്. മൗലികാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുമുള്ള യുക്തിരഹിതമായ നിയന്ത്രണമാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നിലവിലെ വ്യവസ്ഥ ഭേദഗതി ചെയ്യുകയോ നേർപ്പിക്കുകയോ ചെയ്ത് പുതിയ രൂപത്തില്‍ നിലനിർത്തി രാജ്യത്തെ കബളിപ്പിക്കുന്നതിൽ മോഡി സർക്കാർ വിജയിച്ചാൽ അത് ദൗർഭാഗ്യകരമാണ്. പിൻവാതിലിലൂടെ നിലനിർത്താനുള്ള പുനരവലോകനം പോലുള്ള തന്ത്രങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. രാജ്യദ്രോഹ നിയമം പൂര്‍ണമായും ഇല്ലാതാകുക തന്നെ വേണം. (അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.