18 December 2024, Wednesday
KSFE Galaxy Chits Banner 2

മുറിവുകളെ ഗാഢമായി ചുംബിക്കുമ്പോൾ

ജയന്‍ മഠത്തില്‍
December 11, 2022 10:27 pm

ചിന്തകൾക്ക് തീപിടിക്കുമ്പോഴാണ് ജസ്റ്റിൻ ജബിൻ കവിതയെഴുതുന്നത്. അതുകൊണ്ടാണ് ജസ്റ്റിന്റെ കവിതകൾ നമ്മെ പൊളളിക്കുന്നത്. ഈ ലോകം ഒരു തടവറയാണെന്നും നമ്മളെല്ലാം അതിലെ തടവുകാരാണെന്നും ജലാലുദീൻ റൂമി പറയുന്നുണ്ട്. അതിനകത്തു നിന്നും രക്ഷപ്പെടാൻ ഒരു ദ്വാരം ഉണ്ടാക്കണമെന്നും എന്നിട്ട് അതിലൂടെ വേഗം രക്ഷപ്പെടാനും റൂമി തുടർന്ന് ഉപദേശിക്കുന്നു. ഇത്തരം തടവറയിൽപ്പെട്ട് ചതഞ്ഞുപോയവരുടെ നിലവിളിയാണ് പലപ്പോഴും സർഗാത്മക രചനകൾ. മറ്റൊരർത്ഥത്തിൽ ജീവിതത്തിന്റെ ദിവ്യരഹസ്യാത്മകമായ അർത്ഥം തേടിയുള്ള യാത്രയാണ് ഓരോ കലാസൃഷ്ടിയും. അസന്തുഷ്ടിയുടെ ഉറവിടം ഏതെന്ന കണ്ടെത്തലാണ് ഏറ്റവും വലിയ ആഹ്ലാദം. ഈ ആഹ്ലാദമാണ് കവിയും കലാകാരനും തന്റെ സൃഷ്ടിയിൽ ഒളിച്ചു വയ്ക്കുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യം തേടി പോകുന്ന ഒരു നചികേതസ് ഓരോ കവികളുടെ ഉള്ളിലുമുണ്ട്. ഈ അന്വേഷണത്തിന്റെ വഴിയിലാണ് ജസ്റ്റിൻ ജബിൻ കവിതയിലൂടെ ഒരു ദ്വാരമുണ്ടാക്കുന്നത്. അതിലൂടെ പുറത്തുകടക്കാൻ ശ്രമിക്കുന്നത്. അപ്പോഴൊക്കെ ഹൃദയത്തെ കീറിമുറിച്ചു കൊണ്ട് ജസ്റ്റിൻ പാടുന്നു. അവയിലൊക്കെ കണ്ണീരുപ്പു കലർന്ന ജീവിതമുണ്ട്. ജീവിതത്തിൽ പൊള്ളിയവൻ കവിത കൊണ്ടു നമ്മെ നയിക്കുന്നു. കവിത തനിക്ക് ആശ്വാസമാണെന്ന് ജസ്റ്റിൻ കരൾ പറിച്ചെറിഞ്ഞ് പറയുന്നു. അതുകൊണ്ടു തന്നെ വേദനകളുടെ വെളിപാടു പുസ്തകമാണ് ജസ്റ്റിൻ ജബിന്റെ ‘മുറിവുകളുടെ പോഷണം.’

സമൂഹ മാധ്യമത്തിലൂടെയാണ് കുറേക്കാലം മുൻപ് ജസ്റ്റിന്റെ ‘രണ്ട് കവിതകൾ’ എന്നിലേക്ക് വന്നത്. അതിൽ പ്രകൃതിയുടെയും പ്രണയത്തിന്റെയും നോവുകൾ ഉണ്ടായിരുന്നു. ബിംബകല്പനയുടെ സൗന്ദര്യമുണ്ടായിരുന്നു. ലളിതമായ ആശയങ്ങളുടെ തെളിനീരുറവയുണ്ടായിരുന്നു. പിന്നീട് എപ്പോഴൊക്കെയോ ചാഞ്ഞും ചെരിഞ്ഞും ആ കവിതത്തുള്ളികൾ എന്റെ ഹൃദയത്തിലേക്ക് പെയ്തു കൊണ്ടിരുന്നു. ഒരിക്കൽ ഞാൻ ജസ്റ്റിനെ വിളിച്ചു; “ചെങ്കൽ ചൂളയിൽ ജോലിയിലാണ് സർ, രാത്രി എട്ടു മണി കഴിയും വീടെത്താൻ. അപ്പോൾ വിളിച്ചാൽ മതിയോ?” എന്ന് ക്ഷീണിത സ്വരത്തിൽ പറഞ്ഞു. ആ രാത്രിയിൽ തന്റെ ഒറ്റ മുറി വീട്ടിലിരുന്നുകൊണ്ട് ജസ്റ്റിൻ എന്നോടു സംസാരിച്ചു കൊണ്ടേയിരുന്നു. അയാൾ പറഞ്ഞതിന്റെ സാരാംശം ഇത്രമാത്രം;
“കവിത എനിക്കൊരു ആശ്വാസമാണ്.”
അതിൽ മുറിപ്പാടിന്റെ നീറ്റൽ ഉണ്ടായിരുന്നു. അതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരുന്നു. സ്നേഹത്തിന്റെ ശബ്ദം എത്ര കേട്ടാലും മതി വരില്ലെന്ന് ഷെല്ലി പറയുന്നുണ്ട്. ജസ്റ്റിൻ പ്രണയത്തെപ്പറ്റി പാടികൊണ്ടേയിരിക്കുന്നു. പ്രണയ മുനകൊണ്ട് എത്രമേൽ മുറിവേറ്റാലും അതെടുത്ത് ചൂടാൻ തന്നെയാണ് കവിയുടെ തീരുമാനം. കാരണം, ഓഷോ പറയും പോലെ, പ്രണയം നമ്മെ ജാഗ്രതാവസ്ഥയിൽ എത്തിക്കും. ജസ്റ്റിൻ പ്രണയത്തെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു. എന്റെ പ്രണയ ഭാജനത്തെ അറിയാൻ ഞാൻ ആരെ സമീപിക്കണം എന്ന് കബീർ ചോദിക്കുന്നുണ്ട്. അന്വേഷണത്തിന്റെ അടങ്ങാത്ത ജിജ്ഞാസ അതിലുണ്ടായിരുന്നു. ജസ്റ്റിന്റെ കവിതകളിലും ഇത്തരം ഒരു അന്വേഷണം കാണാം. മനുഷ്യൻ എന്ന കവിതയിൽ ജസ്റ്റിൻ മനുഷ്യനെ അന്വേഷിക്കുന്നു. ദൈവം മണ്ണിൽ വരച്ചിട്ട ഒരു കടലാസു ചിത്രമാകാം മനുഷ്യൻ എന്ന് കവി പറയുന്നു. നാലു തുള്ളി മഴകൊണ്ട് അവൻ ഇല്ലാതാകും. കാറ്റിന്റെ രണ്ടുവരി ചൂളം കൊണ്ട് അവനെ കാണാതാകും. പനിമൂത്ത സൂര്യന്റെ ഒരു വെയിൽത്തുണ്ടു കൊണ്ട് അവൻ കത്തിത്തീരും. അത്രേയുള്ളൂ മനുഷ്യൻ. ഇതറിയാതെയാണ് മനുഷ്യൻ ദുരമൂത്ത്, കൊതിമൂത്ത് ഭൗതിക സുഖങ്ങൾക്ക് പിറകെ ഓടുന്നത്. ചുട്ടുപഴുത്ത ലോഹത്തിലേക്ക് ഒരു തുള്ളി വെള്ളം വീഴുമ്പോൾ അപ്രത്യക്ഷമാകുന്നതു പോലെ നശ്വരമാണ് മനുഷ്യ ജീവിതം എന്ന് അധ്യാത്മ രാമായണംകിളിപ്പാട്ടിൽ എഴുത്തച്ഛൻ നിരീക്ഷിക്കുന്നുണ്ട്.

ജീവിതത്തിന്റെ പനിച്ചൂടിൽ കിടന്നുകൊണ്ടാണ് ജസ്റ്റിൻ കവിതയെഴുതുന്നത്. അതുകൊണ്ടാണ് അതിന്റെ ചൂട് വായനക്കാരിലേക്കും പടർന്നു കയറുന്നത്. വിശപ്പ് ഒരു രൂപകമായി ജസ്റ്റിന്റെ കവിതകളിൽ കടന്നുവരുന്നു. വിശപ്പിന് ആഹാരം മാത്രമാണു താരാട്ടുപാട്ട് എന്ന് കവി പറയുന്നു. ഞങ്ങൾക്കിന്നും ഉമിനീരാണ് അത്താഴം. ജസ്റ്റിൻ എഴുതുന്നു:
ഞങ്ങളെ നിങ്ങൾ
ആഹാരംകൊണ്ടു താരാട്ടുക
ഈ രാവിൽ ഞങ്ങൾക്ക്
രുചിമെത്തയിലൊന്നുറങ്ങണം
വിശപ്പിന് കവിതയെഴുതിയതുകൊണ്ടോ പുസ്തകം വായിച്ചതു കൊണ്ടോ കാര്യമില്ല. വിശപ്പിന് ആഹാരമാണ് താരാട്ടുപാട്ട്. വിശപ്പിന് വ്യാകരണം ഭക്ഷിച്ചതുകൊണ്ടോ ദാഹിക്കുമ്പോൾ കാവ്യരസം കുടിച്ചതുകൊണ്ടോ കാര്യമില്ല എന്നും വിദ്യകൊണ്ട് സ്വന്തം കുലത്തെ ഉദ്ധരിക്കാൻ കവിയ്ക്ക് കഴിയില്ലെന്നും സംസ്കൃത കവി മാഘൻ പറയുന്നുണ്ട്.
അതുകൊണ്ട് കാവ്യരചനയിൽ ഏർപ്പെട്ട് ജീവിത ദാരിദ്ര്യം അനുഭവിക്കാതെ കവി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മറ്റു മാർഗ്ഗം തേടണം എന്ന് മാഘൻ ഉപദേശിക്കുന്നുണ്ട്. അതുകൊണ്ടാണ് ജസ്റ്റിൻ കവിതയിലൂടെ ജീവിത മാർഗ്ഗം അന്വേഷിക്കാതെ ചെങ്കൽ ചൂളയിലേക്ക് പോകുന്നത്. രാവന്തിയോളം പണിയെടുക്കുന്നത്. എങ്കിലും കവിത ജസ്റ്റിന് ആശ്വാസമാണ്. ജീവിതത്തിലൂടെ പൊള്ളിയിട്ട് കവിതയിലൂടെ ജസ്റ്റിൻ നനഞ്ഞു കയറുന്നു. പട്ടിണിയും വിശപ്പും ദാരിദ്ര്യവും പനി എന്ന കവിതയിലും പ്രമേയമായി വരുന്നു. ഒരല്പം ഉപ്പുകല്ലു മതി മാങ്ങാരുചിക്കാനെന്ന് അവളും ഒരല്പം മുളകുമതി പുളിരുചിക്കാനെന്ന് അവനും പറയുന്നു. ഒടുവിൽ പുളിമാവിന്റെ കൊമ്പിലും പുളിമരക്കൊമ്പിലും രണ്ട് ജഡങ്ങൾ തൂങ്ങിയാടുമ്പോൾ ചോണനുറുവും പാമ്പുറമ്പും അവരെ മാറി മാറി രുചിക്കുന്നു. പ്രണയവും ദാരിദ്ര്യവും ഒരു തണുത്ത സ്പർശനിയായി കവിതയിൽ കടന്നുവരുന്നു.

നഷ്ടപ്രണയത്തിന്റെ ബിലഹരിയാണ് ജസ്റ്റിന്റെ മിക്ക കവിതകളും. പ്രണയച്ചൂടിൽ പനിച്ചു കിടക്കാനാണ് കവിയ്ക്കിഷ്ടം. പ്രണയിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ഉള്ളിലാണെന്നല്ല, നിങ്ങളുടെ ഉള്ളിലാണ് ദൈവം എന്ന് ജിബ്രാനെ പോലെ ജസ്റ്റിനും കരുതുന്നു. പ്രണയം പനിച്ചൂടാണ്. പ്രണയകാലത്തെ ശീതോഷ്ണങ്ങളുടെ രണ്ട് കൈകളായി കവി കരുതുന്നു. പ്രണയിനി കവിയുടെ അളവുമാപിനിയിൽ രണ്ടു ധ്രൂവങ്ങളായി ഒഴുകുന്നു. പ്രണയാവസ്ഥകളുടെ കയറ്റിറക്കങ്ങളിലൂടെ കവി ഒഴുകുകയാണ്. പുസ്തകം പഠിച്ചവരല്ല പ്രണയസ്വരങ്ങൾ ആത്മാവിലറിഞ്ഞവരുണ്ട് യഥാർത്ഥ ജ്ഞാനികൾ. അതുകൊണ്ടാണ് എത്ര പ്രണയച്ചൂടിലും ആഴ്ന്നു കിടക്കാൻ കവി ആഗ്രഹിക്കുന്നത്. ജസ്റ്റിൻ എഴുതുന്നു:
എനിക്കിന്ന്
നിന്റെ
ഞരമ്പുകളിൽ
ഒന്ന്
പനിച്ചു കിടക്കണം ( നിന്നിൽ പനിച്ചു കിടക്കണം)
നന്ദിനിയെ അഭിസംബോധന ചെയ്യുന്നതാണ് ജസ്റ്റിന്റെ മിക്ക പ്രണയ കവിതയും. നന്ദിനിയ്ക്ക് നിയതമായ ഒരു രൂപമില്ല. എല്ലാ പ്രണയത്തിനും നന്ദിനിയുടെ രൂപമാണ്. പ്രണയത്തിന് ഒരു രുചിയേയുള്ളൂ, ഒരു മണമേയുള്ളൂ അത് നന്ദിനിയുടേതാണ്. നന്ദിനി കാമധേനുവിന്റെ പുത്രിയാണ്. അഗ്രഹിക്കുന്നതെന്തും തരുന്നവൾ. കവിയുടെ ആശയും ആശ്രയവുമാണ് നന്ദിനി. അഗ്നിയെ തോൽപ്പിക്കാൻ അഗ്നിയുടെ ചൂടു മതിയെന്നും തന്നിലത് ഉണ്ടെന്നും അത് തനിക്ക് തന്നത് പ്രണയിനിയാണെന്നും മറ്റൊരു കവിതയിൽ ( പ്രണയാഗ്നി ) ജസ്റ്റിൻ എഴുതുന്നു. പ്രണയിക്കുമ്പോൾ അത് ആകാശത്തിന്റെ വേരിൽ നിന്നാകണമെന്നും കെട്ടിപ്പിടിപ്പിക്കുമ്പോൾ അത് ദൈവത്തിന്റെ കൈകൾ കൊണ്ടാകണമെന്നും നന്ദിനിയെ സംബോധന ചെയ്തു കൊണ്ടുള്ള കവിതയിൽ ജസ്റ്റിൻ പറയുന്നു. കടലിന്റെയും കാറ്റിന്റെയും ചിന്തകളിൽ നിന്നാണ് ചുംബിക്കേണ്ടതെന്നും കൂടെ നിറുത്തേണ്ടത് തീയുടെയും ജലത്തിന്റെയും ധൈര്യത്തിൽ നിന്നാവണമെന്നും കവി തുടർന്നെഴുതുന്നു. അന്നൊരിക്കൽ ഒറ്റനിമിഷം കൊണ്ട് തന്നിലേക്ക് പ്രണയ നോട്ടമെറിഞ്ഞ് അവൾ തന്നെ ജപ്തി ചെയ്തു കളഞ്ഞു എന്നും ഇന്ന് അവളില്ലാ നേരങ്ങളിൽ ഓളപ്പരപ്പിന് മുകളിലൂടെ രണ്ടു നാൾ പഴക്കത്തോടെ താൻ ഒഴുകി നടന്നു എന്നും കുറിച്ചിട്ടുമ്പോൾ പ്രണയ ദുരന്തത്തിന്റെ മറുകര കാട്ടിത്തരുന്ന ഒരു ജാലവിദ്യക്കാരനായി കവി മാറുന്നു. പ്രണയം ചിലപ്പോൾ പദ്മരാജൻ പറയുന്നതു പോലെ നമ്മളോട് യാത്ര പോലും പറയാതെ, ഒന്നു തിരിഞ്ഞു പോലും നോക്കാതെ ജീവിതത്തിൽ നിന്ന് ഇറങ്ങി പൊയ്കളയും. പ്രണയത്തിൽ നീ കിഴക്കും ഞാൻ പടിഞ്ഞാറുമാണെങ്കിലും എന്റെ പ്രണയത്തിന് നിന്നെയൊന്ന് ഉടുക്കണമെന്ന് കവി മുട്ടുകുത്തി പ്രാർത്ഥിക്കുന്നു.

സ്ത്രീയുടെ സ്വത്വങ്ങളും സ്വത്വ സംഘർഷങ്ങളും ഉത്തരാധുനിക കവികൾക്ക് പ്രിയപ്പെട്ട വിഷയങ്ങൾ തന്നെയാണ്. ദൈവത്തിന്റെ കിരണങ്ങൾ എന്നാണ് ജലാലുദീൻ റൂമി സ്ത്രീയെ നിർവചിച്ചത്. എന്നാൽ സ്ത്രീകളെ ഒറ്റവാക്കിൽ പൂരിപ്പിക്കാൻ കഴിയില്ലെന്ന് ജസ്റ്റിൻ പറയുന്നു. അവളെ ഏക ഭാഷയിലും എഴുതാൻ കഴിയില്ല. ഉള്ളിൽ കദനക്കടലു പേറുന്നവളാണവൾ. അവളിൽ കണ്ണീർപ്പുഴകളുണ്ട്. ഗ്രീഷ്മം ധരിച്ച മരുഭൂമി അവളിലുണ്ട്. ഏക സംഖ്യയാലും ഒറ്റസംഖ്യയാലും അവളെ കണക്കാക്കാൻ കഴിയില്ല. എത്ര ചേർത്തെഴുതിയാലും മുറിഞ്ഞു പോകുന്ന വൃത്തഭംഗങ്ങളുമുണ്ട്. അതിനാൽ സ്ത്രീകള ഒറ്റവാക്കിൽ പൂരിപ്പിക്കരുത്. മുഴുപ്പുകൾ എന്ന കവിതയിൽ പെൺമക്കളുള്ള സ്ത്രീകളുടെ ആധികൾ വർത്തമാന കാല പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് കവി. അരി കഴുകുമ്പോഴും കറിയ്ക്കരിയുമ്പോഴും തുണിയാറാനിടുമ്പോഴും അമ്മമാർ പറയുന്നുണ്ട്, ‘ഒളിപ്പിക്കാനാവാത്ത മുഴുപ്പുകൾ തന്നെയാണ് പെൺ മക്ക’ളെന്ന്. കുഞ്ഞായിരുന്നപ്പോൾ നിറുത്താതെ പോയ വണ്ടിക്കാര് പെണ്ണായി വളർന്നപ്പോൾ വണ്ടി നിറുത്തി വരുന്നോ എന്ന് ചോദിക്കുന്നു. അത് അവളിലെ പെണ്ണളവുകൾ കണ്ടിട്ടാണ്. അനുകമ്പ എന്ന വാക്കിനെ അപനിർമ്മിച്ചു കൊണ്ട് കമ്പോളവത്കരണാനന്തര കാലത്തെ അർത്ഥം തേടുകയാണ് ’ അനുകമ്പ’ എന്ന കവിതയിൽ. മതവും രാഷ്ട്രീയവും പ്രകൃതിയുമൊക്കെ ജസ്റ്റിന്റെ കവിതകളിൽ മറ്റേതൊരു ഉത്തരാധുനിക കവിതയിലെന്നപോലെ പ്രമേയമായി വരുന്നുണ്ട്. പുഴ, വില പറഞ്ഞ മലയെ ഒറ്റ രാത്രി കൊണ്ട് കടത്തികൊണ്ടുപോകുന്ന ആധുനിക മനുഷ്യന്റെ പ്രക്യതി ചൂഷണം മനോഹരവും ഹൃദയസ്പൃക്കുമായി ‘മുറിപ്പാടുക’ളിലൂടെ കവി അവതരിപ്പിക്കുന്നു.

വേദനയെ കണ്ടെത്തുന്നതാണ് പുതിയ കവിതകൾ. ശുദ്ധമായ വായന ആവശ്യപ്പെടുന്നതാണ് ജസ്റ്റിൻ ജബിന്റെ കവിതകൾ. അതിൽ ജീവിതത്തിന്റെ അർഥം തേടി പോകുന്ന ഒരു ജ്ഞാനിയുടെ ജിജ്ഞാസയുണ്ട്. വിഷാദത്തിന്റെ ഒരു വലിയ പർവതം അതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അക്ഷരങ്ങളുടെ വാചാലതയിലല്ല, മൗനത്തിന്റെ മഹാശബ്ദങ്ങൾ കൊണ്ട് അവ വായനക്കാരനോട് പലപ്പോഴും സംവദിക്കുന്നു. രമണ മഹർഷി പറഞ്ഞതു പോലെ മൗനത്തെ മൗനം കൊണ്ട് കവി അളന്നെടുക്കുന്നു. പശിയടക്കാൻ കവി ചെങ്കൽ ചൂളയിലേക്ക് ഓടുന്നു. പിന്നീട് വിയർപ്പൊട്ടിയ ശരീരവും മനസുമായി വന്നിരുന്ന് കവിതകളെഴുതുന്നു. അതിൽ കണ്ണീരുപ്പു കലരാതിരിക്കുന്നതെങ്ങനെ? പ്രിയപ്പെട്ട കവേ, എന്റെ ഹൃദയം കൊണ്ട് നിന്റെ ഹൃദയത്തെ അണച്ചുപിടിക്കാനാവാത്തതുകൊണ്ട് ഞാൻ നിന്നെ ചുംബിക്കുന്നു.

മുറിവുകളുടെ പോഷണം
(കവിത)
ജസ്റ്റിൻ ജബിൻ (ഫോൺ : 7034296123)
ധ്വനി ബുക്സ്
വില: 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.