November 29, 2023 Wednesday

Related news

November 7, 2023
November 4, 2023
September 11, 2023
August 23, 2023
August 23, 2023
August 22, 2023
August 15, 2023
August 2, 2023
July 23, 2023
July 18, 2023

കെ ദാമോദരൻ എന്ന മഹത്തായ പഠനഗ്രന്ഥം

വിയാര്‍
July 3, 2023 4:00 am

കെ ദാമോദരൻ എന്ന കമ്മ്യൂണിസ്റ്റ് വിജ്ഞാനദാഹികൾക്കുമാത്രമല്ല, മാലോകർക്കെല്ലാം വെളിച്ചം പകരുന്ന മഹത്തായൊരു പഠനഗ്രന്ഥമാണ്. സമൂഹത്തെയും കാലഘട്ടത്തെയും വിലയിരുത്തിപോകുന്നവർ കെ ദാമോദരനിലൂടെയും അദ്ദേഹത്തിന്റെ എഴുത്തിലൂടെയും സഞ്ചരിക്കുക തന്നെ വേണം. അത്ര എളുപ്പത്തില്‍ പറഞ്ഞുതീര്‍ക്കാനാവുന്ന ഒന്നല്ല കെ ദാമോദരന്‍.

സാധാരണക്കാരായ ജനങ്ങളുടെ പക്ഷത്ത് നിന്ന് അക്കാദമിക വിഷയങ്ങൾ കൈകാര്യം ചെയ്ത പണ്ഡിതപ്രതിഭയെ കെ ദാമോദരനിലല്ലാതെ മറ്റൊരിടത്തും എളുപ്പത്തിൽ കാണാനാവില്ല. സാമൂഹ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ പാണ്ഡിത്യം മനുഷ്യന്റെ ചലനങ്ങളെയാകെ സ്വാധീനിക്കുന്നതായി മാറി. അറിവിന്റെ മഹാകൂടാരങ്ങളായ ശാസ്ത്രത്തെയും കമ്മ്യൂണിസത്തെയും ആഴത്തിൽ പഠിച്ച് അത് സാധാരണക്കാരനിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം പൂർത്തീകരിക്കാൻ കെ ദാമോദരനല്ലാതെ പിന്നീടിങ്ങോട്ടും അധികമാർക്കും കഴിഞ്ഞിട്ടില്ലെന്നും പറയാം.

മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടെയും കീഴേടത്ത് നാരായണി അമ്മയുടെയും മകനായാണ് ദാമോദരൻ ജനിച്ചത്. സ്കൂൾ പഠനം തിരൂരങ്ങാടി മാട്ടായി പ്രൈമറി സ്കൂൾ തിരൂർ സർക്കാർ സ്കൂൾ എന്നിവിടങ്ങളിലും ബിരുദ പഠനം കോഴിക്കോട് സാമൂതിരി കോളജിലുമായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുക്കുകയും ചെയ്തു. നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായതിന് 1931ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 23 മാസമാണ് കഠിനതടവ് അനുഭവിച്ചത്. കോയമ്പത്തൂർ ജയിലിലായിരിക്കുമ്പോൾ അദ്ദേഹം തമിഴും ഹിന്ദിയും പഠിച്ചു. 1935ൽ സംസ്കൃതം പഠിക്കുന്നതിനായി കാശിയിലെ ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിദ്യാപീഠത്തിൽ ചേർന്നു. അവിടെന്ന് ശാസ്ത്രി പരീക്ഷ വിജയിച്ചു. കാശിയിലായിരിക്കുമ്പോൾ അദ്ദേഹം ഉറുദുവും ബംഗാളിയും പഠിച്ചു. കാശിവിദ്യാപീഠത്തിലെ വിശാലമായ ഗ്രന്ഥശാല കെ ദാമോദരനിലെ വിജ്ഞാനദാഹിയെ സമ്പുഷ്ടനാക്കി. അപൂർവ്വങ്ങളായ മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ അവിടെ ലഭ്യമായിരുന്നു. അത്തരം സാഹിത്യങ്ങളെല്ലാം വായിച്ചു. ക്രമേണ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളായ നാലുപേരില്‍ കെ ദാമോദരനും ഉള്‍പ്പെടുന്നു എന്നു പറയുന്നത് ഒരു ആവേശമാണ്. 1920 മേയ് 12ന് നടന്ന ഉപ്പുസത്യഗ്രഹത്തിന്റെയും നിയമലംഘനത്തിന്റെയും പി കൃഷ്ണപിള്ള, അബ്ദുറഹിമാന്‍ സാഹിബ് എന്നിവര്‍ക്ക് മര്‍ദനമേറ്റതിന്റെയും സഹനസമരത്തിന്റെയുമെല്ലാം വാര്‍ത്തകള്‍ കെ ദാമോദരനിലെ യുവത്വത്തെ ഉണര്‍ത്തി. സ്വാതന്ത്ര്യസമരത്തിലേക്കായിരുന്നു അടുത്ത നീക്കം. പക്ഷെ പ്രായം തിക‌ഞ്ഞില്ലെന്നതിനാല്‍ ഖദര്‍ വസ്ത്രവും ധരിച്ചെത്തിയ ദാമോദരനെ സത്യഗ്രഹസമരത്തിന്റെ ഭാഗമാക്കാന്‍ ആരും തയ്യാറായില്ല. എങ്കിലും പിന്മാറിയില്ല. പൂര്‍ണമായും ഗാന്ധിയനായി മാറി. ദാമോദര മേനോന്‍ എന്ന തന്റെ പേരിലെ ജാതി വിശേഷണം വേണ്ടെന്ന് വച്ചതും ഗാന്ധിയന്‍ കര്‍മ്മപരിപാടിയുടെ ഭാഗമായിട്ടായിരുന്നു.

ഗാന്ധിസത്തില്‍ ആകൃഷ്ടരായ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ‘കേരള വിദ്യാര്‍ത്ഥിസംഘം’ രൂപീകരിച്ചതും അതിന്റെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചതുമെല്ലാം ദേശീയ പോരാട്ടത്തിലേക്കുള്ള വഴിയൊരുക്കി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചെറിയ ജീവചരിത്രം എഴുതി വിദ്യാര്‍ത്ഥിസംഘം പ്രസിദ്ധീകരിച്ചു. ഈ എഴുത്തിലൂടെ വ്യക്തമായത് കെ ദാമോദരന്‍ എന്ന പോരാളിയുടെ ഗാന്ധിയന്‍ നിലപാടുകളില്‍ നിന്നുള്ള അകല്‍ച്ചയുടെ സൂചനയാണ്. ഗാന്ധിയെ അവഗണിക്കലായിരുന്നില്ല അത്. ദേശീയ സമരത്തിന്റെ ഭാഗമായി ശക്തമായി നിലകൊള്ളുകയായിരുന്നു അവിടെ. ഭഗവദ്ഗീതയെക്കുറിച്ച് ഗാന്ധിജി എഴുതിയ ലേഖനം കെ ദാമോദരന്‍ വിവര്‍ത്തനം ചെയ്ത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗാന്ധിജിയുടെ ‘ഏകവഴി’ വിവര്‍ത്തനം ചെയ്ത അതേ വര്‍ഷം (1934) തന്നെ കാറല്‍മാര്‍ക്സിന്റെ ജീവചരിത്രവും രചിച്ചു. അതൊരു മാറ്റത്തിന്റെ ചരിത്രവുമായി.

ഇന്ത്യയുടെ ആത്മാവും ഭാരതീയ ചിന്തയും കണ്ടെത്താനുള്ള കെ ദാമോദരന്റെ പാണ്ഡിത്യം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ കാണാനാവും. കാശി വിദ്യാപീഠത്തിലെ ആചാര്യ നരേന്ദ്രദേവ് എന്ന അധ്യാപകന്റെ ശിഷ്യത്വം ദാമോദരനില്‍ ഭൗതികവളര്‍ച്ചയ്ക്ക് വിത്തുപാകി. പതിയെ കമ്മ്യൂണിസത്തിലേക്കും. 1936ല്‍  പഠനം പൂര്‍ത്തിയാക്കി തിരൂരില്‍ തിരിച്ചെത്തിയ കാലത്ത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്തിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും രഹസ്യഘടകങ്ങളുണ്ടായി. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ശ്രമഫലമായി 1937 ജൂണില്‍ കോഴിക്കോട് വച്ചാണ് ദാമോദരനുള്‍പ്പെടെ അംഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യഘടകം രൂപീകരിച്ചത്. പി കൃഷ്ണപിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും എന്‍ സി ശേഖറും ആയിരുന്നു മറ്റ് മൂന്നുപേര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിമാരായിരുന്ന മുംബൈയിലെ എസ് വി ഘാട്ടെയും ആന്ധ്രയിലെ പി സുന്ദരയ്യയും പങ്കെടുത്ത യോഗത്തിലായിരുന്നു രൂപീകരണം.

പാര്‍ട്ടിയെ കേരളത്തില്‍ എത്തിച്ചുവെന്നത് മാത്രമല്ല കെ ദാമോദരന്‍ ചെയ്തത്. മാര്‍ക്സിസം, സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയ ആശയങ്ങള്‍ ആഴത്തില്‍ പഠിച്ച് പ്രസിദ്ധീകരിച്ചു. മലബാറിലും തിരുവിതാംകൂര്‍-കൊച്ചിയിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യാപിക്കാന്‍ തുടങ്ങിയതിന്റെ പിറകിലും ദാമോദരന്റെ നേതൃത്വം ഉണ്ടായി. ട്രേഡ് യൂണിയനുകളും കര്‍ഷകസംഘം യൂണിറ്റുകളും രൂപീകരിച്ച് വര്‍ഗസംഘടനകളെ ശക്തിപ്പെടുത്താനായിരുന്നു തീരുമാനം. തലശേരിയിലെ ഒരു സോപ്പ് ഫാക്ടറിയില്‍ തൊഴിലാളിയായി ചേര്‍ന്ന കെ ദാമോദരന്‍ ഒപ്പം തൊഴിലെടുത്തിരുന്നവരെ അണിചേര്‍ത്ത് യൂണിയന്‍ രൂപീകരിച്ചു. ദാമോദരന്‍ സെക്രട്ടറിയും ടി കെ രാജു പ്രസിഡന്റും. രാജുവിനെ പിരിച്ചുവിട്ടതോടെ തൊഴിലാളികള്‍ ദാമോദരന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരമാരംഭിച്ചു. അത് ഫലം കാണുകയും ചെയ്തു.

കോഴിക്കോട് നെയ്ത്തുതൊഴിലാളികളെയും അച്ചടിശാലകളിലെ തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ. കുറ്റിച്ചിറയിലെ ‘കുടക്കാല്‍ സമരം’ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ദരിദ്രരും മുസ്ലിം വിഭാഗക്കാരുമായ തൊഴിലാളികളുടെ ജീവിതസമരത്തിന് മുന്നില്‍ കുട കമ്പനിയുടെ ഉടമകള്‍ മുട്ടുമടക്കിയതിനുപിന്നില്‍ ദാമോദരന്റെ കരുത്തായിരുന്നു. ട്രേഡ് യൂണിയനുകളുടെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും നേതൃപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും കെ ദാമോദരന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. സാഹിത്യ സൃഷ്ടികളും ലേഖനങ്ങളും ആ ലക്ഷ്യത്തിലൂന്നിയുള്ളതായിരുന്നു. ‘കണ്ണുനീര്‍’ എന്ന കെ ദാമോദരന്റെ കഥാസമാഹാരം അക്കാലത്തുതന്നെ ഈ ഗണത്തില്‍ ഏറെ പ്രശംസകള്‍ക്ക് പാത്രമായ ഒന്നാണ്.

‘പാട്ടബാക്കി’, ‘രക്തപാനം’ എന്നീ നാടകങ്ങള്‍ രാഷ്ട്രീയ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് കൂടി ഉപകരിച്ചു. മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എഴുതിയ ‘ഭാരതീയ ചിന്ത’, ‘ഇന്ത്യന്‍ തോട്ട്’, ‘മനുഷ്യന്‍’, ‘ഇന്ത്യുയുടെ ആത്മാവ്’ എന്നിവയെല്ലാം വായിക്കുന്ന മനുഷ്യരുടെ ഭൗതിക വളര്‍ച്ചയ്ക്കും ഗുണം ചെയ്തു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാര്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു കെ ദാമോദരന്‍. കൊച്ചി കമ്മിറ്റിയുടെ സെക്രട്ടറി സി അച്യുതമേനോനായിരുന്നു. എം എന്‍ ഗോവിന്ദന്‍ നായര്‍ തിരുവിതാംകൂറിലും. ദാമോദരനെ മാറ്റി വി കുഞ്ഞമ്പുവിനെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കല്ലോറത്ത് മാധവന്‍ പാര്‍ട്ടിക്ക് നല്‍കിയ അപ്പീല്‍ പരിഗണിക്കപ്പെട്ടു. വീണ്ടും ദാമോദരന്‍ തന്നെ മലബാറിന്റെ സെക്രട്ടറിയായി. പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ അംഗമായത് 1950ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചാണ്. പാര്‍ലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1964ലെ വിഭജനത്തില്‍ കെ ദാമോദരന്‍ സിപിഐക്കൊപ്പം തന്നെ നിന്നു. എങ്കിലും ആ പിളര്‍പ്പ് അദ്ദേഹത്തെ അത്യന്തം വേദനിപ്പിച്ചിരുന്നു. പിന്നീട് കെ ദാമോദരന്‍ സ്വപ്നം കണ്ടത് സിപിഐയുടെയും സിപിഐ(എം)ന്റെയും ലയനം ആയിരുന്നു.

Eng­lish Sam­mury: Com­mem­o­ra­tion of Com­mu­nist Leader K Damodaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.