10 May 2024, Friday

കറുത്തവര്‍ മത്സരത്തിന് വരരുത്, മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്; അധിക്ഷേപം തുടർന്ന് സത്യഭാമ

Janayugom Webdesk
തൃശൂർ
March 21, 2024 12:33 pm

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ. അഭിപ്രായം പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ആര്‍എല്‍വി രാമകൃഷ്ണനെ പരിചയമില്ല. അഭിപ്രായം പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ലെന്ന് സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു.

കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഒരാളുടേയും പേര് പറഞ്ഞിട്ടില്ല. ഏതെങ്കിലും വ്യക്തിയുടെ പേര് പറഞ്ഞോ?. പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. നിയമനടപടി സ്വീകരിക്കാം, പക്ഷേ തെളിവില്ല. അഭിപ്രായം പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.

വർണവെറി നടന്നുവെന്നതിന് പൊലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തിൽ ഒരു കുറ്റബോധവും ഇല്ല. ഞാൻ ഇനിയും പറയും. എന്റെ കലയുമായി വരുന്ന പ്രശ്നങ്ങളിൽ ഞാൻ പ്രതികരിക്കും.

ലിം​ഗ വ്യത്യാസവും നിറവ്യത്യാസവും കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന ചോ​ദ്യത്തിന് എന്താ ചേരാത്തത് എന്നായിരുന്നു മറുപടി. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു.

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമർശം. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സം​ഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണൻ രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു.

Eng­lish Sum­ma­ry: kala­man­dalam sathyab­hama insults rlv ramakrishnan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.