സിപിഐ കാർഷിക കേരളത്തിന് ഏറെ വിയർപ്പൊഴുക്കി സംഭാവന ചെയ്തൊരു സ്വപ്ന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കാലാനുസൃതമായ നവീകരണമോ അറ്റകുറ്റ പണികളോ നടക്കാത്തതുമൂലം കനാലുകൾ പലതും നാശോന്മുഖവും അപകടകരവുമായ അവസ്ഥയിലാണ്. ഓഫീസുകൾ വെട്ടിക്കുറച്ചും തസ്തികകൾ ഇല്ലാതാക്കിയും ഇതിന്റെ കാര്യക്ഷമമായ നിർവഹണം ദുർബലമാക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പന്തളം പി ആർ മാധവൻപിള്ളയുടെ ഭാവനയായിരുന്നു ഈ പദ്ധതി. വലിയൊരു പ്രദേശത്തിന്റെ വരൾച്ചയ്ക്കും വെള്ളപ്പൊക്ക കെടുതിയ്ക്കും ശാശ്വത പരിഹാരമായി കല്ലട നദിയിൽ അണകെട്ടിയാൽ മതിയെന്ന് അദ്ദേഹം പ്രവചന സ്വാഭാവത്തോടെ നിരീക്ഷിച്ചു. നിയമസഭാ സാമാജികനും കർഷക സംഘം നേതാവുമായ അദ്ദേഹം അതിനായി കഠിനാധ്വാനം ചെയ്തു. വലിയ പ്രക്ഷോഭങ്ങൾ ജനപിന്തുണയോടെ മധ്യതിരുവിതാംകൂറിലാകെ സംഘടിപ്പിച്ചു. പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെട്ട സർക്കാർ 1961 ൽ കല്ലട പദ്ധതിയുടെ നിർമ്മാണത്തിന് ഭരണാനുമതി നൽകി. 13 കോടിരൂപ അടങ്കലായി വക കൊള്ളിച്ചു തുടങ്ങിയ നിർമ്മാണം അനിശ്ചിതമായി നീളുകയും ചെലവ് 700 കോടിയിലും കവിയുകയും ചെയ്തു.
ഓരോ പ്രതിസന്ധി ഘട്ടത്തിലും കിസാൻ സഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും സമരരംഗത്ത് നിലകൊണ്ടു. നിർമ്മാണ മുടക്കത്തിനെതിരെ അന്ന് അടൂർ എംഎൽഎ ആയിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പദ്ധതി പ്രദേശങ്ങളിലൂടെ പദയാത്രകളും പ്രചരണയോഗങ്ങളും സംഘടിപ്പിച്ചു. കനാൽ ശൃംഖലകളുടെ പണി പൂർത്തിയാകാൻ സാമ്പത്തിക പരിമിതിയുണ്ടായപ്പോൾ മനുഷ്യാധ്വാന സന്നദ്ധത തേടണമെന്ന ആശയം മുന്നോട്ടുവച്ചതും തെങ്ങമമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന അടൂർ പ്രദേശത്തെ മണക്കാലയിൽ നടന്ന ദേശീയ ശ്രദ്ധപിടിച്ചു പറ്റിയ മണക്കാലയജ്ഞം സംഘടിപ്പിക്കപ്പെട്ടത്.
അടൂരിന് സമീപമുള്ള മണക്കാല ഭാഗത്തുകൂടി പോകുന്ന ശാസ്താംകോട്ട ബ്രാഞ്ച് കനാലിന്റെ നിർമ്മാണ വേളയിലാണ് സമാനതകളില്ലാത്ത ഈ ജനകീയ സന്നദ്ധപ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചത്. സ്കൂൾ‑കോളജ് വിദ്യാർത്ഥികൾ മുതൽ സമൂഹത്തിലെ വിവിധ തുറകളിലെ ബഹുജനങ്ങളുടെ ശ്രമദാന പങ്കാളിത്തം മണക്കാലയിലെ കനാൽ നിർമ്മാണത്തിനുണ്ടായി. വേനൽക്കാല വരൾച്ചയെ നേരിടാൻ ഒരു ദേശം മുഴുവൻ ഒന്നിച്ച ഈ സന്നദ്ധ പ്രവർത്തനം മണക്കാലയജ്ഞം എന്ന പേരിൽ ചരിത്രത്തിലിടം പിടിച്ചു. അതിന്റെ സ്മരണ നിലനിർത്തുന്ന ഒരു ശിലാഫലകം ഇപ്പോഴും ആ പ്രദേശത്തുണ്ട്. ഈ സംഘടിത ശ്രമങ്ങൾക്ക് വേദിയായ സ്ഥലം ജനശക്തി നഗർ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. ഇത്തരത്തിലുള്ള ജനപങ്കാളിത്തം നിർമ്മാണവേളയിൽ പലയിടങ്ങളിലുമുണ്ടായി. അന്ന് വിദ്യാർത്ഥിയും എഐഎസ്എഫ് പ്രവർത്തകനുമായ ഈ ലേഖകനും ശ്രമദാനത്തിന്റെ ഭാഗമായിരുന്നു. ഇ കെ പിള്ള, പി ജി വേലായുധൻ നായർ തുടങ്ങിയവർ നേതൃത്വം കൊടുത്ത ഈ ശ്രമദാനം എന്‍ജിനീയർമാർ വിഭാവനം ചെയ്തപോലെ തന്നെ വിജയകരമായി പൂർത്തികരിച്ചു. ഒരു പരിധിവരെ ഇത്രയും ജനകീയമായി നിർവഹിക്കപ്പെട്ട മറ്റൊരു പദ്ധതിയും കേരളത്തിലുണ്ടായിട്ടില്ല.
പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, മാവേലിക്കര, അടൂർ, കോന്നി താലൂക്കുകളിൽ ഉൾപ്പെട്ട 92 വില്ലേജുകളിലൂടെയും മുൻസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിലൂടെയും പോകുന്ന കനാൽ ജലം സമീപപ്രദേശങ്ങളെയെല്ലാം വേനല്‍ക്കാലങ്ങളില്‍ നീരണിയിക്കുന്നുണ്ട്. ജലവിതരണം തുടങ്ങിക്കഴിഞ്ഞാൽ പ്രദേശങ്ങളിലെ ഭൂമിയിലേക്ക് നീർവാർച്ചയുണ്ടാവുകയും കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പുയരുകയും വയലുകൾ ഈർപ്പമണിയുകയും ചെയ്യും. നൂറുകണക്കായ കർഷകർ അവരവരുടെ കൃഷിയിടങ്ങളിലേക്ക് ചാലുകീറിയും വെള്ളം തേവിയും കല്ലട പദ്ധതിയെ വേനൽക്കാല കൃഷിക്കായി വൻതോതിൽ ഉപയോഗിച്ചു വരുന്നു. വരൾച്ചയുടെ ദുരിതം രൂക്ഷമായി അനുഭവിക്കുന്ന നാടുകളിലൂടെ വിന്യസിപ്പിച്ചിരിക്കുന്ന കനാലുകളിൽ വെള്ളമെത്തുമ്പോഴാണ് കല്ലട പദ്ധതിയുടെ പ്രസക്തി വ്യക്തമാകുന്നത്. മധ്യതിരുവിതാംകൂറിനെ കൊടിയ വേനലിൽ നിന്നും വലിയൊരു പരിധിവരെ രക്ഷിക്കുന്നത് ഈ പദ്ധതിയാണ്.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും ഇപ്പോൾ ജനുവരി മുതൽ ജൂൺ വരെയുള്ള തുടർച്ചയായ ആറ് മാസക്കാലം ജലവിതരണം നടക്കുന്നു. ഈ പദ്ധതിയുടെ പ്രയോജനം പ്രത്യക്ഷത്തിൽ അത്ര പ്രകടമല്ലെങ്കിലും മൂന്ന് ജില്ലകളിലെ വലിയൊരളവ് പ്രദേശങ്ങളെ വേനൽക്കാല കെടുതികളിൽ നിന്നും രക്ഷപെടുത്തുന്നു. 53,614 ഹെക്ടർ പ്രദേശത്തെ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം അനുഭവപ്പെടുന്നു.
അഞ്ചരപതിറ്റാണ്ടോളം പഴക്കമുള്ള കെഐപി കനാലുകൾ പലതും നവീകരണക്കുറവുമൂലം നാശോന്മുഖമാകുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക ക്ലേശം മൂലം, സമർപ്പിക്കപ്പെടുന്ന നവീകരണാവശ്യങ്ങൾ പലതും അംഗീകരിക്കപ്പെടാതെ പോകുന്നു. ആയതിനാൽ നിർമ്മാണത്തിനുശേഷം അറ്റകുറ്റപണികൾ വേണ്ട കനാലുകൾ പോലും നവീകരിക്കാത്തത് ജലവിതരണ സമയത്ത് തടസങ്ങൾ സൃഷ്ടിക്കുന്നു. കനാൽ കാടുവെട്ടും വൃത്തിയാക്കലും ചെയ്തിരുന്ന തൊഴിലുറപ്പു പദ്ധതിക്കാർക്ക് പുതിയതായുണ്ടായ മാർഗനിർദേശപ്രകാരം ആവർത്തന സ്വഭാവമുള്ള പണികൾ ചെയ്യാൻ വിലക്കുണ്ടായതും ജലസേചനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് തെറ്റായി വ്യാഖ്യാനിച്ച് സങ്കീർണമാക്കുകയായിരുന്നു. ഈ സാങ്കേതിക തടസം കാരണം പഞ്ചായത്തുകളിലൂടെയും മുൻസിപ്പാലിറ്റികളിലൂടെയും കടന്നുപോകുന്ന കെഐപി കനാലുകൾ വൃത്തിയാക്കാൻ തൊഴിലുറപ്പുകാർ മുന്നോട്ടു വന്നില്ല. ഇത് മൂലം ഒട്ടുമിക്കയിടത്തും വൃത്തിയാക്കലില്ലാതെ വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടാവുകയും കെഐപി ജീവനക്കാർക്കും കർഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തു.
ഓഫീസുകൾ നിർത്തി ജീവനക്കാരെ വെട്ടിക്കുറച്ചത് കാരണം ഇതിന്റെ സുഗമമായ നിർവഹണം ഇപ്പോൾ താറുമാറായിരിക്കുകയാണ്. പല ഓഫീസുകളും നിലവിൽ നിർത്തലാക്കി. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളുമായി അവശേഷിക്കുന്ന ഓഫീസുകളിലെത്താൻ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. മധ്യതിരുവിതാംകൂറിലെ കടുത്ത വരൾച്ചയ്ക്കും കല്ലടയാറിൽ വർഷകാലത്തുണ്ടാകുന്ന വെള്ളപ്പൊക്കക്കെടുതിക്കും പരിഹാരമായി വിഭാവനം ചെയ്യപ്പെട്ട ഈ പദ്ധതിയുടെ ഡാം തെന്മലയ്ക്കടുത്തുള്ള പരപ്പാറിലാണ് നിർമ്മിച്ചത്. കിഴക്കൻ മലകളിൽ നിന്നും ഒഴുകിയിറങ്ങുന്ന ചെന്തരുണിയാറും കുളത്തൂപ്പുഴയാറും കഴുതുരുട്ടിപ്പുഴയും ഒത്തുചേർന്ന് കല്ലടയാറായി പരിണമിക്കുന്ന സ്ഥലമാണ് പരപ്പാർ. ഈ നദിക്കു കുറുകെ കെട്ടിയിരിക്കുന്ന തെന്മല ഡാമിന് 504.92 മില്യൺ ക്യൂബിക് മീറ്റർ വരെ സംഭരണശേഷിയുണ്ട്. നിലവിലെ സംഭരണനിരപ്പ് 115.82 മീറ്ററും സംഭരണനില 435.200 മില്യൺ ക്യൂബിക് മീറ്ററുമാണ്. സംഭരണ നില വ്യതിയാനങ്ങളില്ലാതെ ഏറെക്കുറെ ഒരേ അളവിൽ ഒരു ജലവിതരണക്കാലം മുഴുവൻ നിലനിർത്തുന്ന ഏകഡാമും തെന്മലയാണ്. ജലസേചനാനുസൃതം നിർമ്മിച്ച കേരളത്തിലെ പ്രമുഖ ഡാമുകളിലൊന്നാണിത്.
1986 ൽ ഡാമും മൂന്നു ജില്ലകളിലായി 984.157 കി. മീ. ദൈർഘ്യത്തിലുള്ള കനാൽ ശൃംഖലകളും ചെറുകിട ജലവാഹിനികളും പൂർത്തിയായതോടെ ഈ പദ്ധതി വേനൽക്കാലാശ്വാസത്തിന്റെ നീരുറവുകളായി ജനങ്ങൾക്ക് പ്രയോജനപ്പെട്ടു തുടങ്ങി. കേരളത്തിന്റെ തെക്കു-വടക്കു നീളത്തേക്കാൾ ദൈർഘ്യമുള്ള കെഐപി കനാൽശൃംഖല തെന്മലയ്ക്കുശേഷമുള്ള ഒറ്റക്കൽ തടയണയിൽ നിന്നും വലതുകര കനാലായും ഇടതുകര കനാലായും വേർതിരിയുന്നു. 69.752 കി. മീ. ദൈർഘ്യമുള്ള വലതുകര കനാൽ കൊല്ലം ജില്ലയിലൂടെ കിഴക്ക് വടക്ക് പ്രദേശങ്ങളിലൂടെ കടന്ന് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് ആലപ്പുഴയുടെ തെക്കൻ മേഖലകളിലൂടെ സഞ്ചരിച്ച് കൊല്ലം ജില്ലയിലെ തന്നെ കരുനാഗപ്പള്ളിയിൽ അവസാനിക്കുന്നു. 56.016 കി. മീ. ദൈർഘ്യമുള്ള ഇടതുകര കനാൽ കൊല്ലം ജില്ലയിലെ അതികഠിന വരൾച്ചാപ്രദേശങ്ങൾ കടന്ന് ഇളമ്പള്ളൂരിലവസാനിക്കുന്നു. കിലോമീറ്ററുകൾ താണ്ടി വലതുകരയിൽ നിന്നും പടരുന്ന ഉപകനാലുകൾ ചവറ, പുത്തൂർ, ശൂരനാട്, കോന്നി എന്നിവ കടന്ന് അച്ചൻകോവിലാറിന്റെ തീരങ്ങളിലൂടെ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇടതുകരയുടെ ഉപകനാൽ ശൃംഖലകൾ പുത്തൂർ, കൊട്ടിയം, പരവൂർ വഴി ഇത്തിക്കരയാറും കടന്ന് കൊല്ലം ജില്ലയുടെ തെക്കേ അതിർത്തിയിൽ തൊട്ടുനില്‍ക്കുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 53514 ഹെക്ടർ സ്ഥലത്ത് നെൽകൃഷി തോട്ടവിളകൾ ഉൾപ്പെടെയുള്ള കൃഷികൾക്ക് ജലസേചന സൗകര്യം ചെയ്തും കല്ലടയാറ്റിൽ വെള്ളപ്പൊക്കം നിയന്ത്രിച്ചും പദ്ധതി പ്രദേശത്തെ ശാസ്താംകോട്ടകായൽ ഉൾപ്പെടെയുള്ള നിരവധി ജലാശയങ്ങളിലേയും തോടുകളിലേയും പതിനായിരക്കണക്കിന് കിണറുകളിലെ ജലനിരപ്പ് വേനൽക്കാലത്ത് നിലനിർത്തിയും പദ്ധതി മേഖലയിലാകെയുള്ള ഭൂഗർഭ ജലവിതാനം ഉയർത്തിയും വാട്ടർ അതോറിറ്റിയുടെ അമ്പതോളം ജലവിതരണ പദ്ധതികൾക്ക് ജലസ്രോതസായും കെഐപി ജലവിതരണക്കാലം പ്രയോജനപ്പെടുന്നുണ്ട്. 43 ദശലക്ഷം യൂണിറ്റ് ശരാശരി വാർഷിക ഉല്പാദനശേഷിയുള്ള വൈദ്യുദോല്പാദനത്തിനും ഈ പദ്ധതി കാരണമാകുന്നു. ജലസേചനവകുപ്പിന് കീഴിലുള്ള വലിയൊരു പ്രകൃതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് തെന്മല ഡാം. തമിഴ്‌നാടിന്റെ അതിർത്തിപ്രദേശം കൂടിയായ ഇവിടെ നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തി ചേരുന്നത്. കേരളത്തിന്റെ ടൂറിസം മാപ്പിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമായി കണക്കാക്കപ്പെടുന്ന ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകൾ നിലവിലുള്ളതിൽ നിന്നും കൂടുതൽ സർഗാത്മകമായി വിപുലപ്പെടുത്താമെങ്കിൽ വലിയ തോതിലുള്ള വരുമാനം സർക്കാരിന് ആർജ്ജിച്ചെടുക്കാൻ കഴിയുന്നതാണ്. നിർമ്മാണമേഖലയിലും തൊഴിലുറപ്പ് സംരംഭങ്ങൾക്കും കാർഷിക മേഖലയിലും നിരവധി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്ന തൊഴിൽദാതാവുകൂടിയാണ് ഈ പദ്ധതി.
ഇടതുകര കനാലിനും വലതുകര കനാലിനും സമാന്തരമായി കനാൽ നിർമ്മാണവേളയിൽ തന്നെ കനാൽ പരിശോധനാ റോഡുകളും നിർമ്മിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് കനാൽ പരിശോധനയ്ക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന റോഡുകൾ ഇപ്പോൾ പൊതുഗതാഗത മാർഗമായി മാറിയിരിക്കുന്നു. എന്നാൽ ഈ റോഡുകൾ പൂർണമായും തകർന്നു തുടങ്ങിയിരിക്കുന്നു. പല സ്ഥലങ്ങളിലും കാൽനടയാത്രകാർക്കു പോലും സഞ്ചരിക്കാൻ കഴിയാത്തത്ര ദുർഘടമായി മാറിയിട്ടുണ്ട്. കനാൽ റോഡുകളുടെ അടിയന്തരമായ പുനരുദ്ധാരണം അത്യാവശ്യമായി മാറിയിരിക്കുന്നു. അടൂർ മുൻസിപ്പാലിറ്റിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റിങ് റോഡ് പദ്ധതി പ്രധാനമായും കനാൽ റോഡുകളെ ആശ്രയിച്ചാണ് എന്നുള്ളത് ഇത്തരം റോഡുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് മഹാപ്രളയക്കെടുതികൾ കല്ലടയാറിനെയും പരിസരപ്രദേശത്തേയും ബാധിക്കാതെ നിയന്ത്രിക്കാൻ നിർണായക പങ്കുവഹിച്ചത് തെന്മല ഡാമിലെ നിയന്ത്രിത ജലവിന്യാസം കൊണ്ടാണ്.
വേനൽക്കാലത്ത് കുടിവെള്ളത്തിന് പല ജില്ലകളും നെട്ടോട്ടമോടുമ്പോൾ, കെഐപി കടന്നുപോകുന്ന മൂന്നു ജില്ലകളിലെ പ്രദേശങ്ങൾ ഈ പ്രതിസന്ധിയിൽ നിന്നും മുക്തമാണ്. കുടിവെള്ളത്തിനായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവാക്കുമ്പോൾ ഈ പ്രദേശങ്ങളിലെ കനാൽ ജലലഭ്യത വഴി അത്തരത്തിലുള്ള സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കുന്നില്ല. ഈ പദ്ധതിക്ക് വേണ്ടത്ര പരിഗണനകൾ കിട്ടാതെ പാർശ്വവത്കരിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഈ പദ്ധതി ഗുണകരമായി നിലനിർത്താനും പരിഷ്കരിക്കാനും സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. നിലവിലെ ശോച്യാവസ്ഥകൾ പരിഹരിക്കാനും ഓഫീസുകൾ വെട്ടിക്കുറച്ച് ഇതിന്റെ കാര്യക്ഷമമായ നിർവഹണം ദുർബലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ അഖിലേന്ത്യാ കിസാൻ സഭ പ്രക്ഷോഭവുമായി മുന്നോട്ടു പോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.