22 December 2024, Sunday
KSFE Galaxy Chits Banner 2

ഗവർണർ വെടിപൊട്ടിക്കട്ടെ: കാനം

ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിന്റെ നിയമത്തിന് ആരിഫ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്
web desk
തിരുവനന്തപുരം
November 21, 2022 10:58 am

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെക്കുറിച്ച് ഗവർണർ വെടിപൊട്ടിക്കുന്നെങ്കിൽ പൊട്ടിക്കട്ടെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊച്ചിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്ഭവനിലെയും ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിലെയും നിയമനം വിവാദമാണ്. ഈ ഘട്ടത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും പെന്‍ഷന്‍ വിതരണവും അടുത്ത ആയുധമാക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ വച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങള്‍ കാനം രാജേന്ദ്രന്റെ പ്രതികരണം ആരാഞ്ഞത്.

അതേസമയം, രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ വാദം വസ്തുതാവിരുദ്ധമാണെന്നും തെളിഞ്ഞു. താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്താൻ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തുനൽകിയ വിവരമാണ് ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്നത്. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സൈഫർ അസിസ്റ്റന്റാക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബർ 29നാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അത്തരമൊരു തസ്തിക രാജ്ഭവനിൽ ഇല്ലാത്തതിനാൽ ഫോട്ടോഗ്രാഫർ തസ്തികയിലാണ് നിയമിച്ചത്. മറ്റു നിയമനങ്ങൾക്കെല്ലാം സർക്കാരിന് കത്ത് നൽകിയത് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്.

ഗവർണർ അറിയാതെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സര്‍ക്കാരിന് കത്ത് നൽകാനാവില്ല. പ്രമുഖ ആർഎസ്എസ് നേതാവ് ഹരി എസ് കർത്തയെ കോ ടെർമിനസ് വ്യവസ്ഥയിലാണ് ഗവർണർ രാജ്ഭവനിലെത്തിച്ചത്. ഈവിധം ആറു പേരെയാണ് നിയമിച്ചിട്ടുള്ളത്. കുടുംബശ്രീയുടെ പേരിൽ 24 ആർഎസ്എസുകാരെ നിയമിക്കാനുള്ള നീക്കം സർക്കാർ അനുവദിച്ചില്ല. രാജ്ഭവനിൽ ആകെയുള്ള 165 പേരിൽ ചുരുക്കം ചിലർ മാത്രമാണ് ഡെപ്യൂട്ടേഷനിലുള്ളവർ. മറ്റുള്ളവരെ നേരിട്ടാണ് നിയമിച്ചതെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു. പല നിയമനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമായി ഗവർണർ സർക്കാരിനുമേൽ നിരന്തരം സമ്മർദം ചെലുത്തിയിട്ടുണ്ടെന്നും വ്യക്തമാണ്.

Eng­lish Sam­mury: kanam rajen­dran against gov­er­nor arif moham­mad khan in rajb­h­van per­son­al staff pen­sion and appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.