13 January 2026, Tuesday

ഒരു കനവ് മായുമ്പോള്‍

കെ ദിലീപ്
September 3, 2024 4:30 am

ഒരു ജീവിതകാലം ഗോത്രജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ പുനരുജ്ജീവനത്തിനായി യത്നിച്ച ബേബി യാത്രയായി; അരനൂറ്റാണ്ടിലേറെ നീണ്ട തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം വിരാമമിട്ടുകൊണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം കേട്ട നാളുകളില്‍ 1973ല്‍ തന്റെ 19-ാം വയസില്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിന്ന് മാനന്തവാടിക്കടുത്ത് വള്ളിയൂര്‍ക്കാവിലേക്ക് മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന ചെറുപ്പക്കാരന്‍. ബോംബെയില്‍ ഉപരിപഠനത്തിനുപോയ ബേബി തന്റെ 20-ാം വയസില്‍ത്തന്നെ തിരികെ വയനാട്ടിലെത്തി. പ്രകൃതിയെയും മനുഷ്യനെയും അളവറ്റ് സ്നേഹിച്ച ആ മനുഷ്യന്‍ വയനാട്ടിലെ ഗോത്രവര്‍ഗ ജനതയുടെ അടിമ ജീവിതത്തില്‍ മനംനൊന്തു. യാത്രകളിലൂടെയും പഠനങ്ങളിലൂടെയും ആദിവാസി ജനങ്ങളുടെ തനത് ജീവിതത്തിന്റെ പുനരുജ്ജീവനത്തിനായുള്ള മാര്‍ഗങ്ങള്‍ നേടിക്കൊണ്ട് മുന്നോട്ടുപോയി. സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചുകൊണ്ട്.

ഗദ്ദിക എന്നാല്‍ വയനാട്ടിലെ ഗോത്രവര്‍ഗ ജനതയുടെ ഒരു അനുഷ്ഠാനമാണ്. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ഊരിനെയുമെല്ലാം ആവേശിക്കുന്ന ദുര്‍മൂര്‍ത്തികളെ ആവാഹിച്ച് പുറത്തുകളയുവാനുള്ള മന്ത്രവാദം. പ്രാക്തന ഗോത്രങ്ങളിലെ മന്ത്രവാദികള്‍ നടത്തുന്ന ചടങ്ങ്. ഈ ചടങ്ങിനെ ആധാരമാക്കിയാണ് കെ ജെ ബേബി എഴുപതുകളില്‍ ‘നാടു ഗദ്ദിക’ എന്ന നാടകമെഴുതുന്നത്. നാട്ടില്‍ സ്വന്തം ദുര്‍മൂര്‍ത്തികളെ ആവാഹിച്ച് പുറംതള്ളുന്നതാണ് ഇതിവൃത്തം. നായകന്‍ ഗദ്ദിക നടത്തുന്ന ഒരു മന്ത്രവാദിയാണ്. നാടിനെ ആവേശിച്ചിരിക്കുന്ന ദുര്‍ഭൂതങ്ങള്‍ ജന്മിമാരും മറ്റ് ചൂഷക വര്‍ഗങ്ങളുമാണെന്ന് അടിയാന്മാരെ ഉണര്‍ത്തുന്നു. അടിയാന്മാരുടെ ഉയിര്‍ത്തെഴുന്നേല്പ് പ്രമേയമായ നാടകത്തിന്റെ അന്ത്യത്തില്‍ ഗദ്ദികക്കാരന്‍ ജന്മിമാരാല്‍ കൊലചെയ്യപ്പെടുന്നു. പക്ഷെ, വധിക്കപ്പെട്ട ഗദ്ദികക്കാരന്റെ വേഷഭൂഷാദികള്‍ അണിഞ്ഞുകൊണ്ട് ഒരു പുതിയ ഗദ്ദികക്കാരന്‍ രംഗത്തുവന്നു. അയാളുടെ നേതൃത്വത്തില്‍ അടിയാന്മാരുടെ യാത്ര തുടരുന്നു. വയനാട്ടിലെ ഗോത്രവര്‍ഗ ജനതയുടെ സാംസ്കാരിക തനിമയുള്ള പാട്ടുകളും തുടിയും താളവും പുരാവൃത്തങ്ങളും തെരുവു നാടകത്തിന്റെ ശൈലിയില്‍ ആവിഷ്കരിച്ച നാടുഗദ്ദിക കേരളത്തിലെമ്പാടും അവതരിപ്പിക്കപ്പെട്ടു. ആദിവാസി ഗോത്രവര്‍ഗക്കാരായ 18അഭിനേതാക്കളായിരുന്നു വയനാട് സാംസ്കാരിക വേദി എന്ന പേരില്‍ ഈ നാടകം വേദിയിലവതരിപ്പിച്ചത്. പ്രമേയത്തിന്റെയും അവതരണത്തിന്റെയും വന്യമായ കരുത്തുകൊണ്ട് നാടകം കേരളം മുഴുവന്‍ ശ്രദ്ധിച്ചു. ആദ്യമായി വയനാട്ടിലെ പ്രാക്തന ഗോത്രവര്‍ഗങ്ങളുടെ തനതായ പാട്ടുകളും പുരാവൃത്തങ്ങളും പൊതുസമൂഹത്തില്‍ അവതരിപ്പിച്ചുകൊണ്ട് അവയുടെ ശക്തിയും സൗന്ദര്യവും മാലോകരിലേക്ക് പകര്‍ന്നത് നാടുഗദ്ദികയായിരുന്നു. 1981മേയ് 22ന് കോഴിക്കോട് നാടകം നടത്താനൊരുമ്പെട്ട സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘മഞ്ഞുമലൈ മക്കള്‍’ എന്ന പേരില്‍ ഈ നാടകത്തിന്റെ പുനരവതരണവും ശ്രദ്ധിക്കപ്പെട്ടു. 

1992ലാണ് നടവയലിലെ സ്വന്തം വീടിനോട് ചേര്‍ന്ന് ആദിവാസിക്കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കാനായി ബേബി ‘കനവ്’ എന്ന വിദ്യാലയം തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുശേഷം അത് ചീങ്ങോട് എന്ന സ്ഥലത്തേക്ക് മാറ്റി. സാമ്പ്രദായിക വിദ്യാഭ്യാസ രീതിയില്‍ നിന്നും തീര്‍ത്തും വേര്‍പെട്ട് ആദിവാസികള്‍ക്ക് തനതായ പാട്ടും കളികളും പ്രകൃതിയിലേക്കുള്ള തീര്‍ത്ഥയാത്രകളും മറ്റുമായി തികച്ചും തനതായ വിദ്യാഭ്യാസ സമ്പ്രദായമാണ് ബേബി കനവിലൂടെ തീര്‍ത്തത്. സ്വന്തം നാടിന്റെയും കുലത്തിന്റെയും കലയും സംസ്കാരവും ചരിത്രവും നാട്ടറിവുകളും എല്ലാം ചേര്‍ത്തുവച്ചുകൊണ്ട് അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത കനവ് നൂറുകണക്കിന് ആദിവാസി മക്കള്‍ക്ക് വഴിയും വിളക്കുമായി. ബേബിയുടെ മക്കളും കനവില്‍ തന്നെയാണ് വിദ്യാഭ്യാസം നേടിയത്. സംഗീതവും ചിത്രകലയും നടനവും ആയോധന കലകളുമെല്ലാം നിറഞ്ഞുനിന്ന കനവില്‍ നിന്ന് സാമ്പ്രദായിക തുടര്‍വിദ്യാഭ്യാസം ആഗ്രഹിച്ച മക്കളെ ഓപ്പണ്‍ സ്കൂള്‍ വഴി ഉപരിപഠനത്തിന് തയ്യാറാക്കി. ബേബിയുടെ ജീവിത പങ്കാളി ഷേര്‍ളി ടീച്ചര്‍, സര്‍ക്കാര്‍ കോളജിലെ അധ്യാപക ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് കനവിന്റെ ചുമതല നിര്‍വഹിച്ചു. 2007ല്‍ കനവ് ഒരു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത് പൂര്‍വവിദ്യാര്‍ത്ഥികളെ ഏല്പിച്ചശേഷവും ബേബിയും ഷെര്‍ളിയും കനവിന്റെ ഭാഗമായി തുടര്‍ന്നു.

ബേബിയുടെ ആദ്യ നാടകം വയനാട്ടിലെ ഗോത്രസമൂഹങ്ങളുടെ കഥ പറഞ്ഞ ‘അപൂര്‍ണ’യാണ്. എന്നാല്‍ ശ്രദ്ധേയമായത് പിന്നീട് രചിച്ച നാടുഗദ്ദികയും. കൈപ്പാടന്‍ എന്ന അടിമയെ അമ്പു നായര്‍ എന്ന ജന്മി എട്ടുറുപ്പികയ്ക്ക് സുബ്ബരായന്‍ പട്ടര്‍ക്ക് പണയം വയ്ക്കുന്നിടത്ത് തുടങ്ങുന്ന ‘മാവേലിമന്റം’ എന്ന നോവല്‍ ബേബിയെ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹനാക്കി. പ്രസിദ്ധീകരിച്ച കാലത്ത് ശ്രദ്ധ നേടാതെപോയ കൃതി പിന്നീട് ധാരാളം വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. മാനന്തവാടി മുന്‍സിഫ് കോടതിയിലെ ഒരു കേസിനെ ആസ്പദമാക്കി യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ച് എഴുതിയ കൃതിയാണ് മാവേലിമന്റം. വളര്‍ത്തുമൃഗങ്ങളെപ്പോലെ അടിമകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന ഒരു ദുരിതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. കുഞ്ഞപ്പന്റെ കുരിശുമരണം, കീയു ലോകത്ത് നിന്ന്, ഉയിര്‍പ്പ്, കുഞ്ഞിമായിന്‍ എന്തായിരിക്കും പറഞ്ഞത്, ബെസ്‌പുര്‍ക്കാന, ഗുഡ് ബൈ മലബാര്‍ എന്നിവയാണ് മറ്റ് കൃതികള്‍. ഈ കൃതികളിലൂടെ വയനാട്ടിലെ പ്രാക്തന ഗോത്രങ്ങളുടെ ജീവിതവും സംസ്കാരവും പുറംലോകത്തെത്തിക്കാനും അവരുടെ സാംസ്കാരിക തനിമ പുനരുജ്ജീവിപ്പിക്കാനുമാണ് ബേബി നിരന്തരം ശ്രമിച്ചത്. ‘ഗുഡ’ എന്ന ഒരു സിനിമയും അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. 

1984ല്‍ ഔപചാരികത ഒന്നുമില്ലാതെ ബേബിയുടെ ജീവിതത്തിലേക്ക് ഷെര്‍ളി ടീച്ചര്‍ കടന്നുവന്നു. ബേബിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം കനവിന്റെ നടത്തിപ്പിലൂടെയും ഷേര്‍ളി ടീച്ചര്‍ നല്‍കിയ പിന്തുണ, ബേബി എന്ന മനുഷ്യന്റെ ജീവിതത്തിന്റെ അത്താണിയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ആരോടും യാത്ര ചോദിക്കാന്‍ അവസരമില്ലാതെ നിനച്ചിരിക്കാത്ത നിമിഷത്തില്‍ സംഭവിച്ച ഷേര്‍ളി ടീച്ചറുടെ വേര്‍പാട് ബേബിയെ ഒരുപാട് തളര്‍ത്തി.
കുറച്ചുകാലമായി കാഴ്ചയ്ക്ക് സംഭവിച്ച പ്രശ്നങ്ങള്‍, ലോകത്താകെയും നമ്മുടെ നാട്ടിലും കാഴ്ചയുണ്ടെന്ന് നടിക്കുന്ന നമ്മുടെയൊക്കെ കണ്ണുകളിലേക്കും പടര്‍ന്നുകയറുന്ന ഇരുട്ടിന്റെ കാഴ്ചകള്‍ ഇവയെല്ലാം ബേബി എന്ന നല്ല മനുഷ്യനെ ഒരുപാട് വേദനിപ്പിച്ചിരിക്കാം. എഴുപതാമത്തെ വയസില്‍ സ്വന്തം ജീവിതത്തിന് പൂര്‍ണ വിരാമമിടാന്‍ തീരുമാനിച്ചതും അതുകൊണ്ടൊക്കെയായിരിക്കാം. മുമ്പേ പോയ പ്രിയപ്പെട്ട ടി പി രാജീവന്റെ വാക്കുകള്‍ കടമെടുത്താല്‍ ”വഴിവക്കില്‍ വാള്‍മുനയില്‍ കണ്ണൂരിവയ്ക്കുന്ന വഴികാട്ടിയെ രാവെടുക്കുന്നു”. വഴികാട്ടിയെ രാവെടുത്താലും വഴിവക്കില്‍ വാള്‍മുനയില്‍ തറച്ചുവച്ച ആ കണ്ണുകള്‍ കൂരിരുട്ടില്‍ പഥികര്‍ക്ക് പ്രത്യാശ നല്‍കട്ടെ.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.