26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
November 28, 2024
November 12, 2024
November 10, 2024
November 5, 2024
October 29, 2024
October 26, 2024
October 25, 2024
October 24, 2024

കണ്ണൂരിന്റെ ചിറകരിഞ്ഞ് കേന്ദ്രം; വിമാനത്താവളം ടാറ്റയ്ക്ക് വില്‍ക്കാന്‍ നീക്കം

കെ രംഗനാഥ്
തിരുവനന്തപുരം
June 8, 2023 10:52 pm

മലബാറിന്റെ വികസന കിനാവുകളുമായി ചിറകുമുളച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിറകരിയുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു. വിമാനത്താവളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി സ്വകാര്യവല്‍ക്കരിച്ച് ടാറ്റാ ഗ്രൂപ്പിന് വില്‍ക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്ന സംശയവും ഉയരുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അഡാനി ഗ്രൂപ്പും കണ്ണൂരില്‍ കണ്ണുംനട്ട് രംഗത്തുണ്ട്.
പ്രതികാരബുദ്ധിയോടുകൂടിയ കേന്ദ്രത്തിന്റെ നിലപാടും വിമാനക്കമ്പനികളുടെ നിസഹകരണവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും രണ്ട് മാസമായി മുടങ്ങി. വികസനത്തിന് 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി ആരംഭിച്ച ഓഫിസിനും താഴുവീണു. വിമാനത്താവളത്തോടനുബന്ധിച്ച് കണ്‍വെന്‍ഷന്‍ സെന്റര്‍, നക്ഷത്രഹോട്ടല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, വിമാന റിപ്പയറിങ് കോംപ്ലക്സ് എന്നിവയ്ക്ക് നല്കിയ അപേക്ഷയും കേന്ദ്ര വ്യോമയാനവകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു.

മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുമായിരുന്ന സി എം ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മ്മാണം തുടങ്ങുന്നതില്‍ അലംഭാവം കാട്ടി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2018 ഡിസംബര്‍ ഒമ്പതിന് ആദ്യത്തെ വിമാനം പറന്നുയര്‍ന്നു. 2350 കോടി രൂപ മുടക്കി നിര്‍മ്മിച്ച വിമാനത്താവളത്തിന്റെ വരുമാനം പ്രതിവര്‍ഷം 250 കോടി രൂപയാണ്. പ്രവര്‍ത്തനമാരംഭിച്ച് ആദ്യത്തെ 10 മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലെത്തിയ കണ്ണൂരില്‍ നിന്ന് നാല് വര്‍ഷത്തിനുള്ളില്‍ 31 ലക്ഷം യാത്രക്കാരായി സംഖ്യ ഉയര്‍ന്നു. യാത്രക്കാരുടെ വര്‍ധനയില്‍ ഇന്ത്യയിലെ വന്‍കിട വിമാനത്താവളങ്ങള്‍ക്കുപോലും അവകാശപ്പെടാനാവാത്ത നേട്ടം. ദുബായ്, അബുദാബി, മസ്കറ്റ്, ദമാം, കുവെെറ്റ് തുടങ്ങിയ പ്രവാസി കേന്ദ്രീകരണമുള്ള ഗള്‍ഫ് മേഖലയിലേക്കും മുംബെെയിലേക്കുമുള്ള സര്‍വീസുകള്‍ ലാഭം കൊയ്തുകൂട്ടി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, പിന്നീട് ഗോഫസ്റ്റ് ആയ ഗോ എയര്‍, ഇന്‍ഡിഗോ എന്നിവയായിരുന്നു കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നത്.

സര്‍വീസുകളെല്ലാം ലാഭകരമാണെന്നറിഞ്ഞതോടെ ഇത്തിഹാദ്, സൗദിയ, എമിറേറ്റ്സ്, ഫ്ലെെദുബായ്, ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഒമാന്‍, ശ്രീലങ്കന്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനക്കമ്പനികള്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ അപേക്ഷ നല്കി. ഇതോടെയായിരുന്നു കണ്ണൂരിന്റെ ചിറകരിയാനുള്ള കേന്ദ്ര നടപടികളുടെ തുടക്കം. എല്ലാ വിദേശ വിമാനക്കമ്പനികള്‍ക്കും കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു. കണ്ണൂരില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളോട് യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ സിവില്‍ വ്യോമയാന വകുപ്പ് നിര്‍ദേശിച്ചു. ഇതോടെ ദുബായിലേക്കുളള യാത്രക്കൂലി 15,000 രൂപയില്‍ നിന്നും 35,000 ആയി കുതിച്ചുകയറി. കണ്ണൂരില്‍ നിന്നും കരിപ്പൂരിലും മംഗലാപുരത്ത് നിന്നുമായി യാത്രക്കാര്‍.

ഇത് യാത്രക്കാരുടെ സംഖ്യയില്‍ വന്‍കുറവുണ്ടാക്കി. ഇതിനിടെ ഗോഫസ്റ്റ് പാപ്പരായി കണ്ണൂരില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി. കണ്ണൂരിനോട് വിടപറഞ്ഞ എയര്‍ ഇന്ത്യയാകട്ടെ നവംബറില്‍ വീണ്ടും തിരിച്ചുവരുമെന്ന് നല്കിയ വാഗ്ദാനവും പാഴായി. എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. അവയില്‍ ഏറിയവയും നഷ്ടത്തിലോടുന്ന ആഭ്യന്തര സര്‍വീസുകള്‍. അത്യാധുനിക സൗകര്യങ്ങളുള്ള എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ നിന്നുള്ള ചരക്കുനീക്കം വെറും 400 ടണ്‍. കരിപ്പൂരിലും നെടുമ്പാശേരിയിലും ഇത് പ്രതിമാസം 5,000 ടണ്ണിലേറെയാണ്. ഗോ ഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ പ്രതിമാസം ലഭിച്ചിരുന്ന അഞ്ച് കോടിയുടെ വരുമാനവും ഇല്ലാതായി. വിമാനക്കമ്പനികളുടെ നിസഹകരണവും.
കേന്ദ്രത്തിന്റെ ദ്രോഹനിലപാടുമൂലം പ്രതിമാസ വരുമാനത്തിലുണ്ടാകുന്ന നഷ്ടം 240 കോടി. 2350 കോടി മുടക്കി നിര്‍മ്മിച്ച വിമാനത്താവളത്തിനുവേണ്ടി എടുത്ത വായ്പ 892 കോടി രൂപയായിരുന്നത് ഇപ്പോള്‍ പലിശയടക്കം 1100 കോടിയായി. തിരിച്ചടവിന്റെ കാലാവധിയും കഴിഞ്ഞു. അത്യന്തം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ വിമാനത്താവളത്തെ കൊണ്ടെത്തിച്ചിട്ട് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തന്ത്രമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Summary:Kannur’s Wings and Cen­ter; Move to sell the air­port to Tata

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.