19 December 2024, Thursday
KSFE Galaxy Chits Banner 2

മൊഴിമാറ്റ ചിത്രങ്ങളിലെ ഡബ്ബിങ് ഒരു ചലഞ്ചാണ്

മഹേഷ് കോട്ടയ്ക്കൽ
November 13, 2022 7:30 am

നാടോടിക്കഥകളുടെ ഒഴുക്കിനൊപ്പം പ്രതികാരവും പ്രണയവും കോർത്തിണക്കി അന്യഭാഷകളിലും കേരളത്തിലും മികച്ച അഭിപ്രായം നേടി മലയാളത്തിന്റെ കോടി ക്ലബ്ബിൽ ഇടം നേടി തീയേറ്ററുകളിൽ കയ്യടി നേടുന്ന കാന്താര ചിത്രത്തിലെ നായകന് ശബ്ദം നൽകിയ അർജ്ജുൻ സംസാരിക്കുന്നു

കാന്താരയുടെ മലയാളത്തിലെ വിജയം? 

സാധാരണ സിനിമയായി ആരംഭിച്ച് ഇന്ന് എല്ലാ തരം പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത കാന്താരയിൽ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷത്തിലാണ്. നായക കഥാപാത്രത്തിന് തന്നെ ശബ്ദം നൽകാൻ കഴിഞ്ഞത് എന്റെ കലാജീവിതത്തിൽ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത്. ഡബ്ബ് ചെയ്യുന്ന വേളയിൽ കെജിഎഫ് നിർമ്മിച്ച ഹോബാലെ പ്രോഡഷനാണ് കാന്താരയും ചെയ്യുന്നതെന്ന് ഡബ്ബിങ് കോഡിനേറ്റർ പറഞ്ഞിരുന്നു. ആ സമയത്ത് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ ഇത്രമാത്രം വിജയമുണ്ടാകും എന്ന വിചാരിച്ചിരുന്നില്ല. 

വെല്ലുവിളികൾ

സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി ഭൂതകോലം പറയുന്ന ഡയലോഗുകൾ, അലർച്ച, നിലവിളികൾ ഇവയെല്ലാം മലയാളത്തിൽ ഡബ്ബ് ചെയ്യുക എന്നതായിരുന്നു. പരമ്പരാഗത രീതിയിലുള്ള കലാരൂപമാണ് ഭൂതകോലം കാന്താരയുടെ കഥ പറയുന്ന പ്രദേശത്തെ പ്രധാന അനുഷ്ടാനം കൂടിയാണിത്. അതുകൊണ്ട് തന്നെ തുളുഭാഷയിലാണ് അവയെല്ലാം പറയുന്നത്. മലയാളത്തിൽ ഡബ്ബ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് മിക്സിങ് ടൈമിൽ മലയാളം ഒഴിവാക്കി തുളു തന്നെ മതി എന്ന തീരുമാനത്തിലെത്തുകയായിരുന്നു കാന്താര ടീം. ഒരുപാട് എഫേർട്ട് എടുത്താണ് അലർച്ചയടക്കമുള്ള കാര്യങ്ങൾ ചെയ്തത്. പക്ഷെ അത് സിനിമയിൽ വന്നില്ല. അലർച്ചയെല്ലാം മറ്റ് സംഭാഷങ്ങൾക്ക് ശേഷം അവസാനമാണ് ചെയ്തത്. പിന്നീടുള്ള ദിവസങ്ങളിൽ ശബ്ദത്തിന് ക്രാക്ക് വന്ന അവസ്ഥയായിരുന്നു. പക്ഷെ ഒരുകാര്യം ഉണ്ട് ഋഷഭ് സാറിന്റെ ശബ്ദം തന്നെയാണ് അതിന് ഏറ്റവും യോജിച്ചത്. 

തിയേറ്റർ എക്സ്പീരിയൻസ്

തീർച്ചയായും തീയേറ്ററിൽ പോയിതന്നെ കണ്ട് എക്സിപരീയൻസ് ചെയ്യേണ്ട ഒരു ചിത്രമാണ് കാന്താര. സിനിമ പൂർണമായ രീതിയിൽ ആസ്വദിക്കണമെങ്കിൽ അത് തീയേറ്ററിൽ തന്നെ കാണണം. മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആ സിനിമയിൽ ഒരു എനർജിയുണ്ട് അത് ഒരുപാട് പ്രേക്ഷകർ അനുഭവിച്ചിട്ടുമുണ്ട്. 

മാസ് ഡയലോഗുകൾ ഇല്ല… ചിത്രം ട്രന്റിങിലേക്ക് 
ശരിയാണ് അത് ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ് ചിത്രത്തിൽ മാസ് ഡയലോഗുകളില്ല. തീർത്തും സാധാരണക്കാരനായ നമ്മുടെ നാട്ടിൻപുറങ്ങളിൽ നമ്മളിലൊരാളായി ചേർന്ന് നിൽക്കുന്ന ഒരു നായകൻ. കഥയുടെ ഒഴുക്കിനനുസരിച്ച് ഭാവങ്ങളെല്ലാം മാറുന്നുണ്ടെങ്കിലും അവയെല്ലാം നമ്മുടെ കൂടി കഥയായി മാറുന്ന അനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുക. ഋഷഭ് ഷെട്ടിയുടെ ശിവയുടെ കഥാപാത്രം അന്യനാട്ടിലും ഇങ്ങ് കേരള കരയിലും അത്രമാത്രം ആളുകൾക്കിടയിൽ ഓളമുണ്ടാക്കിയത്. അന്യഭാഷാ ചിത്രങ്ങളിൽ കണ്ട് ശീലിച്ച വലിയ സംഘടന രംഗങ്ങളോ മുഴുനീള ഡയലോഗുകളോ ചിത്രത്തിൽ കാണാൻ സാധിക്കില്ല എന്നത് തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. 

അന്യഭാഷാ ചിത്രങ്ങളിലെ ഡബ്ബിങ്

നിലവിൽ അന്യഭാഷ ചിത്രങ്ങളിലേക്കാണ് ഇന്ന് കൂടുതലായും ഡബ്ബിങ് ആവശ്യമായിവരുന്ന മലയാള സിനിമകൾ മാറ്റത്തിന്റെ പാതയിലാണ്. മിക്ക സിനിമകളും സ്പോർട്ട് ഡബ്ബിങിലേക്ക് മാറികഴിഞ്ഞിട്ടുണ്ട് എല്ലാം ചിത്രങ്ങളും അല്ല കേട്ടോ… മൊഴിമാറ്റ ചിത്രങ്ങൾ ഡബ്ബ് ചെയ്യുകയെന്നത് തീർത്തും ഒരു ചലഞ്ചാണ് പ്രധാനമായും അതിനുള്ള കാരണം മലയാളം മറ്റ് ഭാഷയെക്കാൾ കുറച്ചധികം നീട്ടി പരത്തി പറയുകയാണ് ചെയ്യുക. എന്നാൽ മറ്റ് ഭാഷകൾ പെട്ടെന്ന് ഡയലോഗുകൾ അവസാനിക്കും. ലിപ്പ് നോക്കി കൃത്യമായിതന്നെ സംഭാഷണങ്ങൾ പൂർത്തീകരിക്കണം. ഈ സമയത്താണ് മലയാളം ഡബ്ബിങ് തീർത്തും റിസ്ക്കായിമാറുന്നത്. എങ്കിലും ഈ ഘട്ടങ്ങളിൽ സ്ക്രിപ്റ്റ് റെെറ്റേഴ്സ് നമ്മെ ഒരുപാട് സഹായിക്കും. മഹേഷ് ബാബു, നിഥിൻ റെഡി, നവീൻ ചന്ദ്ര, ശ്രീസിംഹപോലും എന്നീ തെല്ലുങ്ക് നായകർക്കും തമിഴിൽ ചിത്രങ്ങളിൽ ജീവി പ്രകാശ്, സിഥാർത്ഥ് എന്നിവർക്ക് ശബ്ദം നൽകി വരുന്നു. 

ഡബ്ബിങ് മേഖലയിലേക്ക്
കോളജ് പഠനക്കാലത്ത് തന്നെ ഡബ്ബിങ് മേഖലയെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്റെ ഒരു സ്വപ്നം തന്നെയായിരുന്നു ശബ്ദമേഖല. ആദ്യമായി ഈ വാകമരചുവട്ടിൽ എന്ന ആൽബത്തിൽ സിത്താര ചേച്ചിയുടെ ഗാന രംഗത്തിൽ വന്ന നായകനുവേണ്ടിയാണ് ശബ്ദം നൽകിയത്. തുടക്കക്കാരൻ എന്ന നിലയിൽ കാന്താരയിലൂടെ വലിയൊരു ഭാഗ്യമാണ് എനിക്ക് ലഭിച്ചത്. 

ഋഷഭ് ഷെട്ടി

ശിവയെന്ന കഥാപാത്രമാണ് ഋഷബ് ഷെട്ടി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കാണുന്നവർക്കേ അറിയാം അദ്ദേഹം ഭാവങ്ങളും താളങ്ങളും ഒരുപോലെ പ്രകടമായ അഭിനയങ്ങൾ. അത് ഞാൻ പറയേണ്ടതില്ലല്ലോ… ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ കാണുന്ന ശിവയുടെ അച്ഛനായും അദ്ദേഹം തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങൾക്കും ഞാൻ തന്നെയാണ് ശബ്ദം നൽകിയിട്ടുള്ളത്. 

മലയാള സിനിമയിലേക്ക്

അത് എന്റെ വലിയൊരു സ്വപ്നമാണ്. മലയാള സിനിമയിൽ കൂടുതലും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യുന്നവരാണ് കൂടുതലും അതുകൊണ്ട് മെയിൽ വോയ്സിന് അവസരം കിട്ടുകയെന്നത് ശ്രമകരമാണ്. എങ്കിലും ഞാൻ എന്റെ സ്വപ്നത്തിലേക്ക് ചുവടകൾ വച്ച് കൊണ്ടിരിക്കുകയാണ്. അവസരം ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ് ഞാൻ.
സോഷ്യൽ മീഡിയകളിൽ അന്യഭാഷ സിനിമകൾ ഇറങ്ങുമ്പോൾ ട്രോൾ നിരവധിയാണ്?
രണ്ട് രീതിയിൽ ട്രോളുകൾ വരാരുണ്ട് ഒന്നുകിൽ ആ ചിത്രത്തിന്റെ തെറ്റുകളാകാം, അവ ശരിക്കും ഞാൻ അടക്കമുള്ളവർ ആസ്വദിക്കാറുണ്ട്. ആ തെറ്റുകൾ നമ്മുക്ക് പിന്നീട് തിരുത്താനും സാധിക്കാറുണ്ട്. എന്നാൽ ചില ട്രോളുകൾ തീർത്തും ആ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിലായിരിക്കും. ആ സിനിമ കാണാത്തവരാണ് ഇത്തരം ട്രോളുകൾ ഷെയർ ചെയ്യുക. അത് ശരിക്കും സങ്കടകരമാണ്. അന്യഭാഷകളിലും വളരെ മികച്ച സിനിമകൾ കേരളത്തിൽ മൊഴിമാറ്റം നടത്തി വരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.