19 December 2024, Thursday
KSFE Galaxy Chits Banner 2

കാന്താരയുടെ മായികവലയം

കെ കെ ജയേഷ്
November 6, 2022 9:38 am

പണ്ട്.. പണ്ട്… ഒരിടത്തൊരു രാജാവുണ്ടായിരുന്നു… മുത്തശ്ശിക്കഥകൾ പോലൊരു തുടക്കമാണ് കാന്താരയുടേത്. നിഗൂഡമായ വനം എന്നാണ് കാന്താര എന്ന വാക്കിനർത്ഥം. കാടും നാട്ടുവഴികളും സാധാരണക്കാരായ മനുഷ്യരുമുള്ള ഒരു നാട്. ഗുളികനും പഞ്ചുരുളിയും ആടിത്തിമർക്കുന്ന ദേശം. അചാരങ്ങളുമായി ഇഴചേർന്ന മിത്തുകളും ദൈവക്കോലങ്ങളും ഒന്നു ചേരുകയാണ് അവിടെ. ഒരു നാടോടിക്കഥയിൽ തുടങ്ങി യാഥാർത്ഥ്യവും ഫാന്റസിയും ഇഴചേർത്ത്, പതിവ് വഴികളിലൂടെ സഞ്ചരിച്ച് അസാധാരണമായ കാഴ്ചാനുഭവങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കാന്താര.
പ്രാദേശികമായ മിത്തിലൂടെ, കഥാപരിസരങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിന് രാജ്യം മുഴുവൻ വിസ്മയമാകാൻ കഴിയുന്നു എന്നത് നിസാരമായ കാര്യമല്ല. പകയും പ്രതികാരവും ഭൂമിയ്ക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലും പ്രണയവുമെല്ലാം സമം ചേർത്ത സിനിമയിൽ ദൈവക്കോലങ്ങളും മിത്തുകളും ഫാന്റസിയും നിറഞ്ഞൊരു തുടക്കവും ഒടുക്കവും സൃഷ്ടിച്ചാണ് ഋഷഭ് ഷെട്ടി രാജ്യവ്യാപകമായി പ്രേക്ഷകരുടെ കയ്യടി നേടുന്നത്.
മൂന്നു കാലഘട്ടങ്ങളിലായി കഥ പറയുന്ന കാന്താര ദൈവസങ്കല്പങ്ങൾക്കപ്പുറം അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ പോരാട്ടത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥയാണ്. മണ്ണിനും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടത്തിൽ അവർക്ക് കരുത്തായി അവരുടെ വിശ്വാസങ്ങളും പഞ്ചുരുളിയുമുണ്ട്. അവരുടെ ഭൂമി ചതിയിലൂടെ തട്ടിയെടുക്കാൻ തുനിഞ്ഞിറങ്ങുന്ന ജന്മിമാർക്ക് മുമ്പിലുള്ള പ്രതിബന്ധവും പഞ്ചുരുളി തന്നെയാണ്.
തെയ്യങ്ങൾ പലതും ഓരോ പ്രദേശത്തെയും വീരൻമാരാണ്. നിലനിൽപ്പിനായുള്ള പോരാട്ടത്തിലൂടെ അവർ ആരാധിക്കപ്പെടുകയും ദൈവികതയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യപ്പെട്ടവരാണ്. ഇത്തരത്തിൽ അടിച്ചമർത്തപ്പെട്ട മനുഷ്യർക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ കാന്താരയിലെ കേന്ദ്ര കഥാപാത്രമായ ശിവയും ആ മനുഷ്യർക്ക് മുമ്പിൽ ദൈവതുല്യനായി മാറുകയാണ്.
1847 ലെ ഒരു തുളു നാട്ടുരാജ്യം. സമ്പത്തും അധികാരവുമെല്ലാമുണ്ടായിട്ടും ശാന്തിയും സമാധാനവും മാത്രം രാജാവിനുണ്ടായിരുന്നില്ല. ശാന്തി തേടി കാട്ടിലെത്തുന്ന രാജാവ് കാടിന്റെ മക്കളുടെ കൽദൈവത്തെ കാണുന്നു. മനസിൽ സന്തോഷം നിറയുന്ന രാജാവ് ആ കല്ലിനെ തന്റെ നാട്ടിലേക്ക് കൊണ്ടുപോകുന്നു. ദൈവത്തിന് പകരം തന്റെ ഭൂമി കാട്ടുവാസികൾക്ക് ദാനം നൽകുന്നു. കാലം കടന്നുപോകുന്നു. രാജാവ് ഇഷ്ടദാനം നൽകിയ കോടികൾ വിലമതിക്കുന്ന ഭൂമിയ്ക്കായി അനന്തരാവകാശികൾ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയും ഭൂമി സംരക്ഷിക്കാൻ ജനങ്ങൾ പോരാട്ടവും ആരംഭിക്കുകയും ചെയ്യുന്നു. ഇതിനിടയിലേക്ക് ഫോറസ്റ്റ് ഓഫീസറായ മുരളീധറുമെത്തുന്നതോടെ കാന്താരയുടെ കഥ ഗൗരവകരമായ തലങ്ങളിലേക്ക് കടക്കുകയാണ്.
ഏറെ പുതുമയുള്ള കഥയൊന്നുമല്ല കാന്താരയുടേത്. ഗംഭീരമായ തുടക്കത്തിന് ശേഷം സ്ഥിരം കച്ചവട മസാല ചിത്രങ്ങളുടെ ശൈലിയിലേക്ക് പതിയെ താഴ്ന്നു പോകുന്നുണ്ട്. പതിവ് പ്രണയത്തിലും പ്രതികാരത്തിലുമെല്ലാം അത് ദുർബലമാകുന്നുണ്ട്. ദുർബലമായ ഹാസ്യരംഗങ്ങളും സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമെല്ലാം സിനിമയുടെ രാഷ്ട്രീയ ബോധ്യത്തിനും അവതരണത്തിലെ സൗന്ദര്യത്തിനും തീർത്തും വിപരീതമായ കാഴ്ചകളായി മാറുന്നുമുണ്ട്. എന്നാൽ കഥ പറഞ്ഞ രീതിയും ഉയർന്ന നിലവാരത്തിലുള്ള അവതരണവും സിനിമയെ വേറിട്ടതാക്കുന്നു. അവസാന നിമിഷങ്ങളിൽ സിനിമ അപ്രതീക്ഷിതമായ ഒരു തലത്തിലേക്ക് ഉയരുകയാണ്. ഇവിടെ സിനിമ തീർക്കുന്ന മായിക വലയത്തിൽ പ്രേക്ഷകർ അകപ്പെടുന്നു. കാടും ഗുളികനും പഞ്ചുരുളിയും ഇരുട്ടിലെ കാൽചിലമ്പൊച്ചയും ചേർന്ന വഴികളിലൂടെ സഞ്ചരിച്ച് അതിഗംഭീരമായ ദൃശ്യാനുഭവമായി ഉറഞ്ഞു തുള്ളി നിറഞ്ഞാടുകയാണ് കാന്താര. ശാന്തമായി തുടങ്ങി രൗദ്രതാളത്തിൽ കൊട്ടിക്കയറി പ്രേക്ഷകരെ വിസ്മയിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. അവസാന പതിനഞ്ച് മിനിട്ട്… അതൊരു അസാധാരണ തിയേറ്റർ അനുഭവം തന്നെയാണ്. ശിവ എന്ന കഥാപാത്രമായി അവസാന നിമിഷങ്ങളിൽ ആടിത്തിമർക്കുന്ന ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അസാധാരണം എന്ന് തന്നെ വിശേഷിപ്പിക്കാം. ഗുളികനായുള്ള പകർന്നാട്ടം പ്രേക്ഷകരെ ഭ്രമാത്മകമായ ഒരു ലോകത്തിലേക്കാണ് എത്തിക്കുന്നത്. ദൈവം തുണയായി വരുന്നതിനപ്പുറം അടിച്ചമർത്തപ്പെട്ട മനുഷ്യർക്കായി ഗുളികനെന്ന കീഴാള പ്രതിരോധമായി ശിവനെന്ന മനുഷ്യൻ ഉറഞ്ഞു തുള്ളുകയാണ്. ദൈവങ്ങളെയും ഉത്സവങ്ങളെയുമെല്ലാം തങ്ങളുടെ കാൽക്കീഴിലാക്കിവച്ച അധികാരി വർഗത്തിന് മുന്നിൽ അടിച്ചമർത്തപ്പെട്ട മനുഷ്യൻ സ്വയം ദൈവമായി പരിണമിക്കുകയാണ്. പ്രതിരോധങ്ങളുടെ കോട്ടകളെ അവർ തകർത്തെറിയുന്നു.
ഋഷഭ് ഷെട്ടിക്ക് പുറമെ ലീലയായി സപ്തമി ഗൗഡ, ഫോറസ്റ്റ് ഓഫീസറായി കിഷോർ, ദേവേന്ദ്രയായി അച്യുത് കുമാർ, സുധാകറായി പ്രമോദ് ഷെട്ടി, ഗുരുവയായി സ്വരാജ് ഷെട്ടി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
ഋഷഭ് ഷെട്ടിയുടെ സംവിധാന മികവും അരവിന്ദ് എസ് കശ്യപിന്റെ ക്യാമറാക്കാഴ്ചകളും അജനീഷ് ലോക് നാഥിന്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചേർന്ന് അസാധാരണായ ദൃശ്യാനുഭവമായി മാറുന്ന കാന്താര തീർച്ചയായും തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചലച്ചിത്ര സൃഷ്ടിയാണ്. തിയേറ്റർ വിട്ടിറങ്ങിയാലും പഞ്ചുരുളിയുടെ അലർച്ച പ്രേക്ഷകരെ പിന്തുടർന്നുകൊണ്ടിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.