9 November 2024, Saturday
KSFE Galaxy Chits Banner 2

കാൾ മാർക്സ്: ഉറങ്ങാത്ത വാക്കുകൾ

പന്ന്യന്‍ രവീന്ദ്രന്‍
March 14, 2023 6:00 am

ലോകത്തിന്റെ സഞ്ചാരപഥത്തെ മാറ്റിയ മഹാനായ കാൾ മാർക്സിന്റെ 140-ാം ചരമ ദിനമാണിന്ന്. മഹാനായ ചിന്തകനും എഴുത്തുകാരനുമായിരുന്ന മാർക്സ് ലോകത്തെ മാറ്റിമറിച്ച ആശയത്തിന്റെ ഉപജ്ഞാതാവാണ്. കാൾ മാർക്സിന്റെ തത്വശാസ്ത്രം ലോകമാകെയുള്ള ജനകോടികൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചവും ആശ്വാസത്തിന്റെ സുഖാനുഭവവുമാണ് പ്രദാനം ചെയ്തത്. ആ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലാണ് ലോകത്തെ പല രാജ്യങ്ങളും സോഷ്യലിസത്തിന്റെ പാതയിലേക്ക് നടന്നുകയറിയത്. അതുവരെ അധികാരത്തിന്റെ പിന്നാമ്പുറങ്ങളിലായിരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണം കയ്യാളാനും സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തിയാകുവാനും പ്രേരക ശക്തിയായത് മാർക്സിസമെന്ന പ്രത്യയശാസ്ത്രമായിരുന്നു. സാർവദേശീയ തൊഴിലാളികളെ, സംഘടിക്കുവിൻ നിങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് കൈച്ചങ്ങലകൾ മാത്രം, നേടാനുള്ളത് പുതിയൊരു ലോകമെന്ന പ്രതീക്ഷ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ആദ്യമായി നല്കിയത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു. അതുവരെ അധ്വാനിക്കുന്നവർ അടിമകളും ഉടമകൾക്കുവേണ്ടി പണിയെടുക്കുവാൻ മാത്രം വിധിക്കപ്പെട്ടവരുമാണെന്ന വിലയിരുത്തൽ ആവർത്തിച്ചപ്പോഴാണ് മാർക്സ് തൊഴിലാളികൾക്ക് ഭരണം നേടാനുള്ള കഴിവുണ്ടെന്നുകൂടി കണ്ടെത്തിയത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വായിച്ച പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു.

ഡോക്ടറേറ്റിന് വേണ്ടിയുള്ള വായനയ്ക്കിടയിൽ വായിച്ച പുസ്തകങ്ങളും കണ്ടുമുട്ടിയ സൈദ്ധാന്തികരും നല്കിയ വിജ്ഞാനവെളിച്ചത്തിൽ നിന്ന് അദ്ദേഹം കൂടുതൽ കൂടുതൽ അന്വേഷണത്തിന് പ്രേരിപ്പിക്കപ്പെടുകയായിരുന്നു. കുടുംബവും ആരോഗ്യവും മറന്നുള്ള വായനയും അന്വേഷണവുമായിരുന്നു അതിന്റെ അനന്തരഫലം. അതിലൂടെയാണ് അതുവരെയില്ലാത്ത വിധം ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളെയും സ്വാധീനിച്ച പ്രത്യയശാസ്ത്രത്തിന്റെ പിറവിയുണ്ടാകുന്നത്. ചെറുപ്പത്തിൽതന്നെ വായനയുടെയും എഴുത്തിന്റെയും വഴികളിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന്റേതായി കവിതകളും നോവലുകളും പിറന്നിരുന്നു. സ്കോർപ്പിയോൺ ആന്റ് ഫെലിക്സ് എന്ന നോവലും ഒലാൻ എന്ന ഏകാംഗ നാടകവും ആ തൂലികയിൽ പിറന്നതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ലോകത്താകമാനം സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ തകർന്നുവീണപ്പോൾ മുതലാളിത്ത ബുദ്ധിജീവികൾ വിളിച്ചുകൂവിയത് കമ്മ്യൂണിസം മരിച്ചെന്നായിരുന്നു. ലോകം മുഴുവൻ നടന്ന പ്രചണ്ഡമായ കോലാഹലങ്ങളെയും ആഹ്ലാദപ്രകടനങ്ങളെയും മനസിലാക്കിയ മാർപ്പാപ്പാ തിരുമേനി അക്കാലത്ത് നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. കമ്മ്യൂണിസം ഒരു പ്രത്യയശാസ്ത്രമാണ്. അത് തകർന്നു എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. ഒരു പ്രത്യയശാസ്ത്രം തകർന്നുവെന്ന് പറയേണ്ടത്, അതിനെക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് പകരമായി വരുമ്പോഴാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇന്നും ലോകത്ത് മാർക്സിയൻ പ്രത്യയശാസ്ത്രത്തിന് പകരമൊന്നുണ്ടായിട്ടില്ല. മാർക്സിന് തെറ്റിയോയെന്ന് ചിലരെല്ലാം സംശയമുന്നയിക്കുമ്പോഴും അതിനെതിരെ ഇപ്പോഴും ജനകോടികൾ പ്രതികരിക്കുന്നത് ആ സിദ്ധാന്തം എത്രമേൽ ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്. മാർക്സിനെ ചരിത്രകാരന്മാരും നമ്മളും പ്രകീർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉള്ളറകളാരും ശ്രദ്ധിക്കാറില്ല. മാനവരാശിക്ക് നവീനസുന്ദരമായ ജീവിതം ആഹ്വാനം ചെയ്ത മാർക്സിന്റെ പ്രത്യയശാസ്ത്രത്തിന് എന്നും തിളക്കമേറുകയായിരുന്നു. ലോകമുതലാളിത്തം കുഴപ്പത്തിൽ നിന്നും അഗാധമായ ആഴങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോൾ മറുമരുന്ന് തേടുന്ന അവസ്ഥയിൽ മാർക്സിന്റെ നിഗമനങ്ങൾക്ക് പ്രസക്തി വർധിക്കുകയുമായിരുന്നു. മാർക്സിന്റെ തത്വശാസ്ത്രവും നിഗമനങ്ങളും പഠിക്കുന്നവർ മാർക്സ് എന്ന വ്യക്തിയെക്കുറിച്ച് കൂടുതൽ മനസിലാക്കുവാൻ തയ്യാറാവുമായിരുന്നില്ല. അതിദയനീയമായ ജീവിതംനയിച്ച മാർക്സിനെ പലർക്കും അറിയില്ലെന്നതായിരുന്നു സത്യം.

മൂലധനത്തിന്റെ രചനക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ മകൻ കടുത്ത പനിപിടിച്ചു മരിച്ചത്. വീട്ടുകാര്യങ്ങൾ ജെന്നിയുടെ ചുമതലയിലായിരുന്നു. മാർക്സ് ആ കാര്യം ശ്രദ്ധിക്കേണ്ടിവരാറില്ലായിരുന്നു. ജെന്നി വീട്ടുകാര്യങ്ങൾ ഭർത്താവിനോട് പറയാറുമില്ല. മകനു പനിയാണ്, ഡോക്ടറെ കാണിക്കാൻ പണമില്ല, മാർക്സിനാണെങ്കിൽ എഴുതാൻ കടലാസും മഷിയും വലിക്കുവാൻ ചുരുട്ടും വേണം. എന്തു ചെയ്യും. ജെന്നി അസ്വസ്ഥയായി. പനി കൂടിക്കൊണ്ടിരുന്നു. ആകാശം കറുത്ത് രാത്രിയായി. മകൻ അബോധാവസ്ഥയിലും. മകനെയും കൊണ്ട് ജെന്നി ഡോക്ടറെ കാണാൻ പോയി. ഡോക്ടർ കുപിതനായി. നിങ്ങൾ എന്തേ ഇത്രയും സമയം കാത്തിരുന്നു. കുഞ്ഞ് അപകടനിലയിലാണ്. കുറിച്ചുകൊടുത്ത മരുന്ന് പെട്ടെന്ന് വാങ്ങി നല്കാനും നിർദേശിച്ചു. ജെന്നി നിസഹായാവസ്ഥയിലായി. കയ്യിൽ പണമില്ല, പലരോടും പണം കടം ചോദിച്ചു. നിരാശയായിരുന്നു ഫലം. എന്തു ചെയ്യും. വീട്ടിൽ ആകെയുള്ള വിലകൂടിയ സാധനമായിരുന്നു മാർക്സിന്റെ കോട്ട്. അത് പണയംവയ്ക്കാൻ ചെന്നു. കീറിയതായിരുന്നതിനാൽ പണയമെടുക്കാൻ ആകില്ലെന്നായിരുന്നു പലിശക്കാരന്റെ മറുപടി. എല്ലാ വഴികളും മുട്ടി. നിരാശയായ ജെന്നി പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലെത്തി. മകനെയും കെട്ടിപ്പിടിച്ചു കിടന്നു. തീക്കട്ടപോലെ പനിയുണ്ടായിരുന്ന മകന്റെ ശരീരം വെളുപ്പിന് മുമ്പ് തണുത്ത് മരവിച്ചു. അവനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മകന്റെ മരണം ഇരുവരെയും തളർത്തി. അപ്പോൾ മാർക്സ് പറഞ്ഞു, എനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനാണ് വിട്ടുപോയത്. അവൻ ഒരു ദിവസം എന്നോട് പറഞ്ഞിരുന്നു, കുതിരപ്പുറത്ത് കയറണമെന്ന്. എന്റെ കയ്യിൽ പണമില്ലായിരുന്നു. ഞാൻ അവനെ എന്റെ മുതുകത്ത് കയറ്റി സമാധാനിപ്പിച്ചു. കുഞ്ഞിന്റെ മരണം തളർത്തിയ ജെന്നി രണ്ടാഴ്ച തളർന്നു കിടപ്പിലായിരുന്നു.

ഒടുവിൽ മാർക്സ് ജെന്നിയെ സമാധാനിപ്പിച്ചതു മായാത്ത ചിത്രമാണ്. ജെന്നീ നിന്റെ ദുഃഖഭാരം എനിക്കറിയാം, സ്വന്തം മകനെ ശ്രദ്ധിക്കാത്ത പിതാവിന്റെ സ്ഥാനമാണ് എനിക്ക്. പക്ഷേ നമുക്ക് ദുഃഖം മനസിൽ അടക്കാനല്ലേ കഴിയൂ. ജെന്നീ, നമ്മുടെ മകന്റെ വേർപാട് നമ്മെ കടുത്ത ദുഃഖത്തിലാഴ്ത്തി. പക്ഷേ അതും മനസിൽ വച്ച് ദുഃഖിച്ചിരുന്നാൽ പോരാ. നമ്മുടെ ഉത്തരവാദിത്തം ചെയ്തുതീർക്കണം. സ്വന്തം മക്കൾ ഗുരുതരമായ രോഗത്തിൽ കഴിയുമ്പോൾ അവർക്ക് മരുന്ന് വാങ്ങിക്കൊടുക്കാൻ കഴിയാതെ മക്കൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങൾ ലോകമാകെ ഉണ്ട്. അത്തരം മനുഷ്യരുടെ കഷ്ടപ്പാട് മാറ്റാൻ ജെന്നീ നമുക്ക് പ്രവർത്തിക്കണം. യുഗപ്രഭാവനായ കാള്‍ മാർക്സിന്റെ ജീവിതത്തിലെ ദുരിതപൂർണമായ ഒരേടു മാത്രമായിരുന്നു ഇത്. ഇങ്ങനെ കണ്ണീരും ദുരിതങ്ങളും നിറഞ്ഞ സ്വജീവിതാനുഭവങ്ങളും ഉൾച്ചേർന്നാണ് മഹത്തായ പ്രത്യയശാസ്ത്രത്തിന് കരുത്തേറുന്നത്. മാർക്സിന്റെ ശവകുടീരം സന്ദർശിച്ച പ്രിയപ്പെട്ട വിപ്ലവ കവി ഒഎൻവി എഴുതിയത്: ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നി‍ൻ വാക്കുറങ്ങാതിരിക്കുന്നു എന്നായിരുന്നു. അതെ മരിച്ചെത്ര കാലം കഴിഞ്ഞാലും ആ വാക്കുകൾ ഉറങ്ങാതെ മുഴങ്ങുകയും ലോകത്തിനാകെ വെളിച്ചമായി പ്രശോഭിക്കുകയും ചെയ്യുകയാണ്.

 

Eng­lish Sam­mury: Karl Marx: Unsleep­ing Words, writ­ing by CPI Leader Pan­nyan Raveendran

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.