26 December 2024, Thursday
KSFE Galaxy Chits Banner 2

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്‍കി കെഡിസ്‌ക്; യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ നാടിന്റെ വികസനത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
തിരുവനന്തപുരം
January 18, 2023 11:45 am

ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) രൂപീകരിച്ച  വൈ ഐ പി എന്നറിയപ്പെടുന്ന യങ് ഇന്നവേറ്റീവ് പ്രോഗ്രാം. ആശയങ്ങളില്‍ നിന്നും അവസരങ്ങളിലേക്ക് എന്ന മുദ്രവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന്  നൂതന ആശയങ്ങള്‍ കണ്ടെത്തി നാടിന്റെ  സര്‍വ്വ മേഖലയിലും വികസനം ഉറപ്പാക്കുന്ന ഈ പദ്ധതിയില്‍ ഇതിനോടകം ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, കൃഷി, ഊര്‍ജ സംരക്ഷണം, ആയുര്‍വേദം, തുടങ്ങി നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന നിരവധി  കണ്ടുപിടിത്തങ്ങളുമാണ് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍  കാഴ്ചവെച്ചത്.

കേരളത്തിലെ കര്‍ഷകരുടെ വലിയ ഒരു പ്രശ്‌നമായിരുന്നു കുളവാഴ. എന്നാല്‍ ‘മാലിന്യത്തില്‍ നിന്നും സമ്പത്ത്’ എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് ഈ കുളവാഴ പ്രശ്‌നത്തെ ക്രിയാത്മകമായി പരിഹരിച്ചിരിക്കുകയാണ്   യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമില്‍ പങ്കെടുത്ത ഗവേഷക  വിദ്യാര്‍ത്ഥി അനൂപ് കുമാറും സംഘവും . കുളവാഴയില്‍ നിന്നും സമൂഹത്തിന് ഉപകാരപ്രദമാകുന്ന പല വസ്തുക്കളും ഉല്പാദിപ്പിച്ചും, അത് വില്പന നടത്തിയുമാണ് ആലപ്പുഴ സനാതന ധര്‍മ്മ കോളജിലെ ഗവേഷക വിദ്യാര്‍ത്ഥി ഇത് സാധ്യമാക്കിയത്. വളരെയധികം കായികാധ്വാനം ആവശ്യമായുള്ള ഒരു തൊഴില്‍ മേഖലയാണ് കൃഷി. ആ കാര്‍ഷിക മേഖലയെ കുറച്ചുകൂടി ലളിതമാക്കുവാന്‍ വേണ്ടിയാണ് ഒന്നില്‍കൂടുതല്‍ ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന മള്‍ട്ടി പര്‍പ്പസ് അഗ്രി വെഹിക്കിള്‍ എന്ന ആശയവുമായി കോഴിക്കോട് ജില്ലയിലെ സികെജി മെമ്മോറിയല്‍ എച്ച്.എസ് എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അദ്വൈത് വൈ.ഐ.പി പ്ലാറ്റ്‌ഫോമിലെത്തിയത്.

ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ എത്തിയപ്പോഴായിരുന്നു റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഹെര്‍ബല്‍ കൊതുക് നാശിനി എന്ന ആശയം  അനുരൂപയില്‍ ഉടലെടുത്തത്. കേരള യൂണിവേഴ്‌സിറ്റിയിലെ കൊമിറ്റേഷന്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക് വിഭാഗത്തിലെ റിസേര്‍ച്ച് സ്‌കോളര്‍ കൂടിയായ അനുരൂപയുടെ  ആശയം സാക്ഷാത്ക്കരിക്കാന്‍  സഹായമായത് വൈ.ഐ.പി പ്ലാറ്റ്‌ഫോമായിരുന്നു. വാഹന മോഷണത്തിന് അടിവരയിടുക എന്ന ലക്ഷ്യത്തോടെയാണ് റിജു തോമസും ടീമും വൈ.ഐ.പിയുടെ സഹായത്തോടെ ഫിംഗര്‍പ്രിന്റ് ബൈക്ക് സ്റ്റാര്‍ട്ടര്‍ എന്ന തങ്ങളുടെ ആശയത്തിന് ചിറക് നല്‍കിയത്.ഇതുപോലെ ഒട്ടനവധി വിദ്യാര്‍ത്ഥികളാണ് വൈ.ഐ.പി പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ ആശയങ്ങള്‍ക്ക് വെളിച്ചം നല്‍കിയത്.

‘ദൈനംദിന ജീവിത പ്രശ്‌നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളര്‍ത്താമെന്ന് കാണിച്ച് തരികയാണ് കെ ഡിസ്‌ക് ആവിഷ്‌കരിച്ച വൈഐപി. സ്വന്തമായി ആശയങ്ങളുള്ള 13- 37 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്കാണ് കെ ഡിസ്‌ക് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമില്‍ അവസരം ലഭിക്കുക ’ — കെഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 2018 ല്‍ കേരളത്തില്‍ തുടക്കം കുറിച്ച പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇതിനോടകം  മാതൃകയായി കഴിഞ്ഞുവെന്നും  അദ്ദേഹം വ്യക്തമാക്കി.

ആശയങ്ങള്‍ അവതരിപ്പിക്കുവാനും, നിര്‍ദ്ദേശകരെ തിരഞ്ഞെടുക്കാനുമൊക്കെ വൈ.ഐ.പി പ്ലാറ്റ്‌ഫോമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഉന്നത യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവരെയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മെന്ററായി കെ- ഡിസ്‌ക് നല്‍കുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ കാലിടറാതെ വിദ്യാര്‍ത്ഥികളെ ഇവര്‍ ചേര്‍ത്ത് നിര്‍ത്തുകയാണ്.തിരഞ്ഞെടുക്കപ്പെടുന്ന മികച്ച  പ്രോജെക്ടിന് ജില്ലാതലത്തില്‍ 25000 രൂപയും സംസ്ഥാന തലത്തില്‍ 50000 രൂപയുമാണ് സമ്മാനമായി നല്‍കുന്നത്.പ്രോജക്ടിനുള്ള ഫണ്ടിംഗ് ഇതിനു പുറമെയാണ്. സ്‌ക്കൂള്‍തലത്തിലെ പരിപാടി കെ-ഡിസ്‌ക്കും പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേര്‍ന്ന് വൈ ഐ പി ശാസ്ത്രപഥം എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഐഡിയകള്‍ സ്വീകരിക്കുന്നു. വിവരങ്ങള്‍ക്ക് https://yip.kerala.gov.in/ സന്ദര്‍ശിക്കുക.

Eng­lish Sum­ma­ry: KDISC gives wings to stu­dents’ ideas; Stu­dents par­tic­i­pate in the devel­op­ment of the coun­try through the Young Inno­v­a­tive Program

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.