കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരായ കേരള നേതാക്കളുടെ നിലപാടില്‍ പരക്കെ പ്രതിഷേധമുയരുന്നു. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഒട്ടേറെപ്പേരാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ നേതാക്കളുടെ അനൗചിത്യം മനസിലാകുന്നില്ലെന്ന് നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. എതിർ സ്ഥാനാർഥി മല്ലികാർജ്ജുൻ ഖാർഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ ഒരു മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുകയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ അക്ഷീണ പരിശ്രമങ്ങൾ കോൺഗ്രസ്സിനെ വീണ്ടും യൗവ്വന യുക്തമാക്കുന്ന തരത്തിലാണ്. ഒപ്പം ശശിതരൂരിനെപ്പോലെയുള്ള ഒരു സ്റ്റേറ്റ്സ്മാനെ നേതൃത്വത്തിൽ കൊണ്ടുവരുന്നതോടെ കോൺഗ്രസ്സിനെ നവീകരിക്കാനുള്ള ഒരു പ്രക്രിയക്കായിരിക്കും അത് ആരംഭം കുറിക്കുക. എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്റുവിയൻ പിന്തുടർച്ചയായി കാണാമെങ്കിൽ കൊട്ടാരത്തിലെ ഉപജാപകസംഘത്തുടർച്ചയായിട്ടാണ് കേരളത്തിലെ നേതാക്കൾ പിന്തുണക്കുന്ന ഖാർഗയെ കാണാനാവൂ. കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് മനസ്സിലായിട്ടില്ല. ഈ കാലത്തിനും അതിനപ്പുറത്തേക്കും നോക്കുന്നതായിരിക്കണം പ്രസ്ഥാനങ്ങളുടെ കണ്ണുകൾ എന്നും അദ്ദേഹം വ്യക്തമാക്കി.
തരൂരിന് നൽകിയ വാക്ക് പാലിക്കാനായതിൽ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം കെ രാഘവൻ എംപി പറഞ്ഞു.
എഐസിസി അധ്യക്ഷ പദവിയിലേക്കുള്ള തെരെഞ്ഞെടുപ്പ് മുൻകാലങ്ങളിലും ആരോഗ്യകരമായി നടക്കുകയും തെരഞ്ഞെടുപ്പിന് ശേഷം നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് ചരിത്രം. ബഹുമാന്യനായഖാർഗെജിയും പ്രിയങ്കരനായ ഡോ. തരൂരും അധ്യക്ഷ പദവി അലങ്കരിക്കാൻ യോഗ്യരായ പ്രതിഭാധനത്വമുള്ളവരാണ്. ഞാൻ മത്സരിച്ചാൽ എന്നെ പിന്തുണക്കുമോ എന്ന് ഡോ. തരൂർ തന്നോട് ചോദിച്ചിരുന്നു. പിന്തുണക്കാമെന്ന് വാക്ക് കൊടുത്തു. ഗാന്ധിയൻ, നെഹ്റുവിയൻ ആശയങ്ങൾ ഉയർത്തി പിടിക്കുന്ന ഉറച്ച ജനാധിപത്യ മതേതരവാദിയായ വിശ്വപ്രശസ്തനായ ഡോ. ശശി തരൂരിന് നൽകിയ വാക്ക് ഞാൻ പാലിക്കും. 1897 ലെ അമരാവതി എഐസിസി സമ്മേളനത്തിൽ സി ശങ്കരൻ നായർ അധ്യക്ഷനായി വന്നതിന് ശേഷം മലയാളിയായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാവുമെങ്കിൽ അതിൽ അഭിമാനമേ തോന്നിയിട്ടുള്ളൂവെന്നും തരൂരിലെ അസാമാന്യ കൺവിൻസിംഗ് പവറിനെ, ചരിത്രത്തെ ചവച്ചു തുപ്പുന്ന ഫാസിസ്റ്റുകളുടെ മാറിയ കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താനാകണമെന്നും എം കെ രാഘവന്‍ വ്യക്തമാക്കി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും പ്രതിപക്ഷ ശബ്ദങ്ങളെയും മനപൂർവം തമസ്കരിക്കുന്ന ദേശീയ മീഡിയകൾക്ക് പോലും അവഗണിക്കാനാകാത്ത ശബ്ദമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ തരൂരിന്റെ സ്ഥാനാർഥിത്വവും വ്യക്തിത്വവും മാറിയെങ്കിൽ പാർലമെന്റിന് അകത്തും പുറത്തും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് രാഹുൽ ഗാന്ധിക്കൊപ്പം കൂടുതൽ ഗതിവേഗം നൽകാൻ സാധിക്കുമെന്നതിൽ സംശയമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ദേശീയ തലത്തിൽ തരൂർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ നേതൃത്വം ഉയരുന്നത് കോൺഗ്രസിന് ശക്തി പകരുക തന്നെ ചെയ്യുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഇതിനിടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനിടയിലും ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് പലയിടത്തും ഫ്ളക്സ് ബോർഡുകള്‍ ഉയര്‍ന്നു. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചത്. ആരുടെയും പേര് ചേർത്തല്ല ഫ്ലക്സ് അടിച്ചിരിക്കുന്നത്. കേരളാ നേതാക്കള്‍ക്കെതിരെ ശശി തരൂരും ആഞ്ഞടിച്ചു. താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ഏറ്റവും വിഷമം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നാണ് ശശി തരൂര്‍ ഇന്നലെ വിവിധ ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
English Summary: kerala congress members not supporting Shashi Tharoor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.