15 June 2024, Saturday

കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി കേരള സവാരി ഇന്നുമുതല്‍

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 11:58 am

കേരള സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിന് കീഴില്‍ മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ‘കേരള സവാരി’ ഇന്നു മുതല്‍ നിരത്തിലിറങ്ങും. കനകക്കുന്നില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനം ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. 302 ഓട്ടോയും 226 ടാക്സിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 22 പേര്‍ വനിതകളാണ്. ഉദ്ഘാടനശേഷം ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറിലും ഒരാഴ്ചയ്ക്കകം ആപ് സ്റ്റോറിലും ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ- ടാക്സി നിരക്കിന് പുറമെ എട്ടുശതമാനമാണ് സര്‍വീസ് ചാര്‍ജ്. മറ്റു ടാക്സി സര്‍വീസുകളേക്കാള്‍ കുറവാണിത്.

ഫ്‌ലക്‌സി നിരക്കല്ലാത്തതിനാല്‍ തിരക്കുള്ള സമയത്ത് കൂടുതല്‍ തുക നല്‍കേണ്ട. യാത്രക്കാര്‍ക്ക് ഡ്രൈവറെയും തിരിച്ചും വിലയിരുത്താം. കേരള സവാരിയുടെ വെബ്സൈറ്റിലും ആപ്ലിക്കേഷനിലും പുതുതായി ഡ്രൈവര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മൂന്നുമാസമാണ് പൈലറ്റ് പദ്ധതിയെങ്കിലും വിജയമെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. രണ്ടാംഘട്ടത്തില്‍ കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ കോര്‍പറേഷന്‍ പരിധിയിലാണ് സര്‍വീസ് ആരംഭിക്കുക. ആപ്ലിക്കേഷനിലുള്ള പാനിക് ബട്ടണ്‍ ആപല്‍ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് തുണയാകും. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂമിലേക്കുമാണ് വിവരമെത്തുക. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് സേവനങ്ങള്‍ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

ഡ്രൈവര്‍മാര്‍ക്ക് ജാക്കറ്റും ഐഡി കാര്‍ഡും നല്‍കും. കേരള സവാരിയുടെ സ്റ്റിക്കര്‍ വാഹനത്തിന്റെ മുന്നിലും പിറകിലുമുണ്ടാകും. യാത്രക്കാര്‍ക്ക് ആപ്ലിക്കേഷനില്‍ പരാതി സമര്‍പ്പിക്കാനുള്ള സൗകര്യത്തിനുപുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരംഭിച്ചു. നമ്പര്‍: 9072 272 208. പദ്ധതിക്ക് സാങ്കേതികസഹായം പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് നല്‍കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രി ആന്റണി രാജു വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.

Eng­lish sum­ma­ry; Ker­ala Govt Online Taxi Ker­ala Savari From Today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.