16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024

വികസനസൂചികകളില്‍ കേരളം വീണ്ടും ഒന്നാമത്

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 8, 2022 11:17 pm

ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അഞ്ചാമത് റിപ്പോര്‍ട്ടിലും കേരളം മുന്നില്‍. ഗ്രാമീണ മേഖലയില്‍ 99.8 ശതമാനം വീടുകളിലും നഗരങ്ങളില്‍ 99.9 ശതമാനവും ശൗചാലയങ്ങളുള്ള സംസ്ഥാനമാണ് കേരളം. 99.5 ശതമാനം വീടുകളില്‍ വൈദ്യുതിയെത്തി, കുടിവെള്ളം 94.9 ശതമാനം വീടുകളിലും. വിറക് ഇന്ധനമായി ഉപയോഗിക്കുന്ന 27.4 ശതമാനം വീടുകളാണുള്ളത്. സംസ്ഥാനത്തെ 83.4 ശതമാനം പേര്‍ക്കും താമസ യോഗ്യമായ വീടുകളുണ്ട്. ഒരു മുറിയില്‍ ശരാശരി 1.8 പേരാണ് ഉറങ്ങുന്നത്. കഴിഞ്ഞയാഴ്ചയാണ് എന്‍എഫ്എച്ച്എസ് 2019–21 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

കേരളത്തില്‍ 6–17 വയസുവരെയുള്ള പെണ്‍കുട്ടികള്‍ ഗ്രാമ പ്രദേശങ്ങളില്‍ 97.7 ശതമാനം പേരും നഗര മേഖലകളില്‍ 98 ശതമാനവും സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്. ആണ്‍കുട്ടികളില്‍ ഇത് യഥാക്രമം 98.5, 99.3 ശതമാനവുമാണ്. പ്രാഥമിക വിദ്യാഭ്യാസം നേടാത്തവര്‍ 4.4 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്.

ജനന രജിസ്ട്രേഷന്റെ കാര്യത്തിലും കേരളം മുന്‍പന്തിയിലാണ്. ഒന്നാം സ്ഥാനത്തു ലക്ഷദ്വീപും ഗോവയുമാണെങ്കിലും 99 ശതമാനം രജിസ്ട്രേഷനുമായി കേരളം രണ്ടാം സ്ഥാനത്തുണ്ട്. യുപിയില്‍ 80 ശതമാനവും ബിഹാര്‍, ഝാര്‍ഖണ്ഡ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ യഥാക്രമം 76, 74, 73 ശതമാനവുമാണിത്. 15–19 വയസിലുള്ള ടീനേജ് അമ്മമാരുടെ പട്ടികയില്‍ 22 ശതമാനവുമായി ത്രിപുര ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ 2.4 ശതമാനവുമായി പട്ടികയില്‍ താഴെയാണ് കേരളം.

യുപിയില്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 60 ശിശുക്കള്‍ മരണപ്പെടുമ്പോള്‍ കേരളത്തില്‍ ഇത് 5.2 മാത്രം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പിന്റെ ശതമാനം കേരളത്തില്‍ 23 ആണ്. 47 ശതമാനവുമായി മേഘാലയയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 43, 40 ശതമാനവുമായി ബിഹാറും യുപിയും തൊട്ടു പിന്നിലുണ്ട്. വാക്‌സിനേഷന്‍, ആരോഗ്യ ബോധവല്‍ക്കരണം എന്നിവയിലും കേരളത്തിന് മേല്‍ക്കൈയാണുള്ളത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളോടൊപ്പം പ്രമേഹ ബാധിതരുടെ എണ്ണം കേരളത്തിലും വര്‍ധിക്കുകയാണ്. കേരളത്തിലെ സ്ത്രീകളില്‍ 24.8 ശതമാനവും പുരുഷന്മാരില്‍ 27 ശതമാനവും പ്രമേഹത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നുണ്ട്.

രാജ്യത്ത് പങ്കാളിയില്‍ നിന്നുള്ള പീഢന തോതില്‍ കുറവു വന്നെങ്കിലും ഇതിപ്പോഴും തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കായികമായുള്ള കൈകാര്യം ചെയ്യല്‍ തോത് കഴിഞ്ഞ സര്‍വേയില്‍ 31 ശതമാനമായിരുന്നത് 29 ശതമാനമായി കുറഞ്ഞു. എങ്കിലും 32 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ പങ്കാളിയില്‍ നിന്നും ലൈംഗിക, ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങുന്ന സ്ത്രീകള്‍ 12.9 ശതമാനമാണ്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രണ്ടു ഘട്ടമായാണ് സര്‍വേ വിവരങ്ങള്‍ ശേഖരിച്ചത്. ആദ്യഘട്ടം 2019 ജൂണ്‍ 17 മുതല്‍ 2020 ജനുവരി 31 വരെ 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടന്നു. രണ്ടാം ഘട്ടം 2020 ജനുവരി രണ്ടു മുതല്‍ 2021 ഏപ്രില്‍ 31 വരെ 11 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് നടന്നത്.

Eng­lish Sum­ma­ry: Ker­ala is again num­ber one in devel­op­ment indicators

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.