27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 21, 2024
July 20, 2024
July 18, 2024
July 18, 2024
July 12, 2024
July 6, 2024
July 2, 2024
July 1, 2024
June 30, 2024

കേരളം കേന്ദ്രത്തിന്റെ അടിമയല്ല: ധനമന്ത്രി കെ എൻ ബാലഗോപാൽ

Janayugom Webdesk
കൊച്ചി
November 13, 2023 9:12 pm

സംസ്ഥാനത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം ഉടൻ നൽകണമെന്നും കേന്ദ്രത്തിന്റെ അടിമയല്ല കേരളമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. അർഹമായത് ലഭിക്കാൻ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ കാടടച്ച് വെടിവയ്ക്കുകയാണെന്നും ധനമന്ത്രി കൊച്ചിയിൽ പറഞ്ഞു. മുരളീധരന് രാഷ്ട്രീയ അസ്വസ്ഥതയാണ്. കേരളത്തിലെ ജനങ്ങളെ മണ്ടൻമാരാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ വിലപ്പോവില്ല. കേന്ദ്രം നൽകേണ്ട ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിട്ടും കാലിടറി വീഴാതെ മുന്നോട്ടു പോവുകയാണ് കേരളം. പലയിനങ്ങളിലും തുക കിട്ടാനുണ്ട്. ധനകാര്യ കമ്മിഷൻ നികുതിവിഹിത ഇനത്തിൽ കേരളത്തിന് നേരത്തേ തന്നിരുന്ന 3.9 ശതമാനം വെട്ടിക്കുറച്ചു.

ജനസംഖ്യാനുപാതം ഉൾപ്പെടെയുള്ള ന്യായങ്ങൾ നിരത്തിയാണ് കുറവ് വരുത്തിയത്. ഉത്തർപ്രദേശിന് 18 ശതമാനമാണ്. ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജും കൊടുക്കുന്നു. ഇതെല്ലാം ചോദിക്കുമ്പോൾ മുരളീധരൻ ക്ഷുഭിതനായിട്ട് കാര്യമില്ല. പാർലമെന്റ് മണ്ഡലങ്ങൾ പുനഃസംഘടിപ്പിക്കുമ്പോൾ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ 50 ശതമാനം സീറ്റ് കൂടും. ജനസംഖ്യാനുപാതം നോക്കിയാൽ കേരളത്തിൽ നിലവിലുള്ളത് 12 സീറ്റായി കുറയും. ഇക്കാര്യങ്ങളിലൊന്നും മുരളീധരനു മിണ്ടാട്ടമില്ല. കേന്ദ്രം പിരിക്കുന്ന പണത്തിൽ 64 ശതമാനവും സംസ്ഥാനങ്ങളിൽ നിന്നാണ്. ജി എസ് ടി തുകയുടെ പകുതിയും കേന്ദ്രത്തിന് പോകുന്നു. കേന്ദ്രസർക്കാർ ചെലവാക്കുന്ന തുകയിൽ 40 ശതമാനവും കടമെടുക്കുന്നതാണ്.

കേരളം കടമെടുക്കുന്നത് 20 ശതമാനത്തിനടുത്തേയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരത്തിന് പോകുമെന്ന് പറയുമ്പോഴാണ് അവർക്ക് വിഷമം. നിയമപരമായും രാഷ്ട്രീയപരമായും പ്രശ്നം നേരിടുമെന്നും മന്ത്രി പറഞ്ഞു. യുജിസി സംബന്ധിച്ച് കൃത്യമായ കത്തും വിവരങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കു നൽകേണ്ട പണം, സാങ്കേതികത പറഞ്ഞ് തടസ്സപ്പെടുത്താൻ ഇത് അടിമ ഉടമ ബന്ധമല്ല. കേരളത്തിന് അർഹതപ്പെട്ട പണം എന്തെങ്കിലും കാരണം പറഞ്ഞ് തരാതിരിക്കാൻ കേന്ദ്രത്തിനു സാധിക്കില്ല. ഉന്നത ഉദ്യോഗസ്ഥർ പലതവണ ഡൽഹിയിലെത്തി വിഷയം സംസാരിച്ചതാണ്. സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്.

ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവ് വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവുണ്ടായി. കേരളത്തിന്റെ താൽപര്യം പറയുമ്പോൾ ഇവിടുള്ളവർ മണ്ടൻമാരാണോ എന്ന് ചോദിക്കുകയാണ് കേന്ദ്രമന്ത്രിയെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. 2020 മുതലുള്ള സാമൂഹിക ക്ഷേമപെൻഷനു കേന്ദ്രസർക്കാർ നൽകാനുള്ള വിഹിതമാണ് 600 കോടിയോളം രൂപ. 11,000 കോടിയോളം സംസ്ഥാന സർക്കാർ പ്രതിവർഷം നൽകുമ്പോൾ 200 കോടിയോളമാണു കേന്ദ്ര വിഹിതം. ഇതുപോലും സമയത്തു തന്നിരുന്നില്ല. അതാണു കഴിഞ്ഞ ദിവസം നൽകിയത്.

റേഷൻ, നെല്ല് എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ കോടിയുണ്ട്. അതിൽ ഇരുന്നൂറിലേറെ കോടി കിട്ടി. ഇതൊഴിച്ച് സംസ്ഥാനം കൊടുത്ത തുകയുടെ വിഹിതം കിട്ടാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് കൊടുക്കുന്ന പണം കുറയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷേമപെൻഷൻ അടക്കമുള്ളവ സംസ്ഥാനത്തിന് കൊടുക്കാതിരിക്കാൻ സാധിക്കില്ല, ഈ സർക്കാർ രണ്ടര വർഷം കൊണ്ട് 4800 കോടി രൂപ കെഎസ്ആർടിസിക്ക് കൊടുത്തു. രണ്ട് വർഷം കൊണ്ട് സംസ്ഥാന സർക്കാരിന്റെ തനത് വരുമാനത്തിൽ 50 ശതമാനം വർധനയുണ്ടായി.

നെല്ലിന് അധികവില കൊടുക്കുന്നത് കേരളം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോ നെല്ലിന് 28 രൂപയാണ് സംസ്ഥാന സർക്കാർ കർഷകർക്ക് നൽകുന്നത്. സംഭരിക്കുന്ന നെല്ലിന് നേരിട്ട് കർഷകർക്ക് പണം നൽകിയാൽ, കൊടുത്തുതീർക്കാൻ ആറ് മാസത്തിലധികം സമയമെടുക്കും. അത് പരിഹരിക്കാനാണ് പിആർഎസ് സംവിധാനം കൊണ്ടുവന്നത്. പലിശ സഹിതം കടം എടുക്കുന്ന പണം ബാങ്കിന് സർക്കാർ തിരിച്ചു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Ker­ala is not a slave of the Cen­tral gov­ern­ment: Finance Min­is­ter KN Balagopal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.