കുട്ടികളുടെ വിദ്യാഭ്യാസത്തിന് എന്നും പ്രാധാന്യം നൽകിയ നാടാണ് കേരളം. അതുകൊണ്ടാണ് സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളും സ്കൂളിൽ ചേരുകയും പഠനത്തുടർച്ച ഉറപ്പാക്കുകയും ചെയ്യുന്നത്. ദേശീയ തലത്തിൽ ഇതല്ല അവസ്ഥ. സ്കൂളുകളിൽ ഇനിയും എത്തിച്ചേരാത്ത ഒരുപാട് കുട്ടികളുണ്ട്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയരേഖയിൽ പറയുന്നത് മൂന്ന് കോടി 22 ലക്ഷം കുട്ടികൾ സ്കൂളിന് പുറത്താണ് എന്നാണ്. ദേശീയതലത്തിലുള്ള കണക്കുകൾ തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അതുകൊണ്ട് ദേശീയ പദ്ധതികളെല്ലാം എങ്ങനെ കുട്ടികളെ സ്കൂളിൽ എത്തിക്കാമെന്നതിനാണ് സ്വാഭാവികമായും പ്രാധാന്യം നൽകുന്നത്. നമുക്ക് അത് പോരാ. സംസ്ഥാനത്ത് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെയും വിദ്യാഭ്യാസ നിയമത്തിന്റെയും പിൻബലത്തിൽ നമ്മുടെ സംസ്ഥാനത്തെ കുഞ്ഞുങ്ങളെല്ലാം സ്കൂളിൽ എത്തുന്നുണ്ട്. ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസുവരെ പഠനം നടത്തുകയും ചെയ്യുന്നു. പഠനത്തോട് മികച്ച രീതിയിലാണ് അവർ പ്രതികരിക്കുന്നത്. എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങൾ കാണിക്കുന്നത് ഇതാണ്.
കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശേഷം
അറിവിന്റെ മേഖലയിലും ബോധനശാസ്ത്ര രംഗത്തും
വിപ്ലവകരമായ പരിവർത്തനങ്ങൾ വന്നിട്ടുണ്ട്.
അതെല്ലാം പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കാൻ കഴിയണം.
കാണാപാഠം പഠിച്ച് രക്ഷപ്പെടാം എന്ന പഴയകാല സങ്കല്പനങ്ങൾ
ഇന്നത്തെ ലോകക്രമത്തിൽ നിലനിൽക്കില്ല.
മുന്നിൽ ലഭ്യമാകുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ ആർജിത അറിവ്
പ്രയോജനപ്പെടുത്തി നിർധരിക്കാൻ വ്യക്തികൾക്ക് എത്രമാത്രം കഴിയുന്നു എന്നതാണ് ഇന്ന് പ്രധാനം
സ്കൂൾ തലത്തിലെ നമ്മുടെ നേട്ടങ്ങളിൽ അഭിമാനിച്ചിരുന്നാൽ മാത്രം മതിയാകില്ല. കൂടുതൽ മുന്നേറാൻ കഴിയേണ്ടതുണ്ട്. ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സ്കൂൾ പ്രാപ്യത, പഠനത്തുടർച്ച, തുടങ്ങിയ ഒന്നാം തലമുറ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടത്. എന്നാൽ നമുക്ക് രണ്ടാം തലമുറയോ മൂന്നാം തലമുറയോ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടത്. അത് സ്കൂൾ വിദ്യാഭ്യാസരംഗത്ത് തുല്യതയും ഗുണതയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ്. അതുകൊണ്ടു തന്നെ ദേശീയ അടിസ്ഥാനത്തിൽ നിന്നും വ്യത്യസ്തമായി സ്കൂൾ വിദ്യാഭ്യാസ രംഗത്ത് അവസര സമത്വം ഉറപ്പാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാക്കുക എന്നതിനാണ് നാം ഊന്നൽ നൽകുന്നത്. ഇതിനാവശ്യമായ ശ്രമങ്ങളാണ് പൊതുജന സഹകരണത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയും അതിന്റെ തുടർച്ചയായി വിദ്യാകിരണം വഴിയും കേരള സർക്കാർ നടത്തുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് നമ്മുടെ നിലപാട്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂൾ കെട്ടിടങ്ങൾ അടക്കമുള്ള ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്കൂൾ ഭൗതിക പരിസരത്തെക്കുറിച്ച് മുൻകാലങ്ങളിലുള്ള സങ്കല്പമല്ല ഇപ്പോഴത്തെ സമൂഹത്തിനുള്ളത്.
കെട്ടിടങ്ങളെക്കുറിച്ച് നാട്ടിലുണ്ടായ പുതിയ ധാരണകളിൽ പൊതുവെ സ്വീകാര്യമായവ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം. ഈയൊരു നിലപാടാണ് ഭൗതിക സൗകര്യ വികസനവുമായി ബന്ധപ്പെടുത്തി നാം കൈക്കൊണ്ടത്. എന്നാൽ ഗുണതാ വിദ്യാഭ്യാസത്തെ ഭൗതിക സൗകര്യ വികസനം മാത്രമായി പരിമിതപ്പെടുത്തിയാൽ പോരാ. നമ്മുടെ ഓരോ വിദ്യാലയങ്ങളും ഗുണതാ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അതുപോലെ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉളവാകുന്ന ഇടങ്ങൾ കൂടിയായി മാറണം. ജ്ഞാനസമൂഹ സൃഷ്ടിക്കും പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് കഴിയുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നതും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മാറണം. കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശേഷം അറിവിന്റെ മേഖലയിലും ബോധനശാസ്ത്ര രംഗത്തും വിപ്ലവകരമായ പരിവർത്തനങ്ങൾ വന്നിട്ടുണ്ട്. അതെല്ലാം പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കാൻ കഴിയണം. കാണാപാഠം പഠിച്ച് രക്ഷപ്പെടാം എന്ന പഴയകാല സങ്കല്പനങ്ങൾ ഇന്നത്തെ ലോകക്രമത്തിൽ നിലനിൽക്കില്ല. മുന്നിൽ ലഭ്യമാകുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ ആർജിത അറിവ് പ്രയോജനപ്പെടുത്തി നിർധരിക്കാൻ വ്യക്തികൾക്ക് എത്രമാത്രം കഴിയുന്നു എന്നതാണ് ഇന്ന് പ്രധാനം. അതുകൊണ്ട് തന്നെ അറിവ് ആർജിക്കുന്ന പ്രക്രിയകൾ പരമപ്രധാനമാണ്. ഈ പ്രക്രിയകളാണ് കുട്ടിയുടെ ചിന്തയെ ഉത്തേജിപ്പിക്കുന്നതും അറിവിന്റെ ഉല്പാദകരും അതുവഴി അവകാശികളുമാക്കി മാറ്റുന്നതും.
കുട്ടിയുടെ വിശകലന ശേഷിയും വിമർശനാവബോധവുമാണ് പഠനപ്രവർത്തനത്തിലൂടെ വളർത്തിയെടുക്കേണ്ടത്. ഈ ദിശയിലേക്കുള്ള ശക്തമായ മുന്നേറ്റമാകണം പുതിയ പാഠ്യപദ്ധതിയിലുണ്ടാകേണ്ടത്. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള അറിവും കഴിവും വളർത്താൻ ഉതകുന്ന പാഠ്യപദ്ധതി വികസിപ്പിക്കാൻ നമുക്ക് കഴിയണം. ആശയപരമായ അടിത്തറ ഉറപ്പിക്കുന്നതോടൊപ്പം സാമൂഹികമായി പാലിക്കേണ്ട മൂല്യങ്ങളും കുട്ടികളിൽ ഉളവാക്കേണ്ടതുണ്ട്. പാഠ്യപദ്ധതി രൂപീകരണ ഘട്ടത്തിൽ നാം ഇതെല്ലാം പരിഗണിക്കുന്നുണ്ട്. പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തണമെന്നത് വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത കാര്യമാണ്. നമ്മുടെ പ്രകൃതി വിഭവങ്ങളെ പാരിസ്ഥിതിക അവബോധത്തോടെ സമൂഹ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി ഉല്പന്നങ്ങളാക്കി മാറ്റിയെടുക്കാനുള്ള അറിവും കഴിവും നൈപുണിയും സ്കൂൾ ഘട്ടത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം. ഗുണതയുള്ള തൊഴിൽ ശക്തി നവകേരള സൃഷ്ടിക്ക് അനിവാര്യമാണ്. തൊഴിൽ ചെയ്യാനുള്ള നൈപുണി വികാസത്തോടൊപ്പം തന്നെ പ്രധാനമാണ് തൊഴിലിനോടുള്ള അനുകൂല മനോഭാവം വികസിപ്പിക്കുക എന്നത്. ഇത്തരം കാര്യങ്ങൾ എല്ലാം പാഠ്യപദ്ധതി വികസിപ്പിക്കുന്ന ഘട്ടത്തിൽ ഗൗരവമായി പരിഗണിക്കപ്പെടും. നാട്ടിലെ എല്ലാവിധ തൊഴിലിടങ്ങളുമായി സ്കൂളുകൾക്ക് ജൈവബന്ധം ഉണ്ടാകണം. അതോടൊപ്പം പ്രാദേശിക വൈദഗ്ധ്യത്തെ കൃത്യമായ ആസൂത്രണത്തോടെ പ്രയോജനപ്പെടുത്താനും സ്കൂൾ സംവിധാനത്തിന് കഴിയണം. ഇങ്ങനെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്കൂൾ കാമ്പസിനെയും കാമ്പസിനകത്തെ ഭൗതിക സൗകര്യങ്ങളെയും മെച്ചപ്പെടുത്താനുള്ള ആസൂത്രിതമായ പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
2016 മുതൽ ഇതിനായുള്ള ശ്രമങ്ങൾ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. ഇക്കാലയളവിൽ 3,800 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയത്. പുതിയ അക്കാദമിക വർഷം ആരംഭിക്കുകയാണ്. സ്കൂൾ യൂണിഫോമും പാഠപുസ്തകങ്ങളും സ്കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ വിതരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളുടെ പ്രവർത്തനം മുന്നോട്ടു പോകും. നമ്മുടെ കുട്ടികളുടെ എല്ലാവിധത്തിലുമുള്ള വികാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നിൽ കാണുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം പോലുള്ള സാമൂഹ്യ തിന്മകൾക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടേണ്ടതുണ്ട്. ഏറ്റവും സജീവമായ അക്കാദമിക വർഷമാകും ഇത്തവണത്തേത് എന്ന ഉറപ്പ് ഞാൻ നൽകുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം. പ്രിയപ്പെട്ട കുട്ടികൾക്ക് വിദ്യാലയങ്ങളിലേക്ക് സ്വാഗതം.
English Sammury: kerala school opening 2023 june 1 ‑minister v shivankutty’s article
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.