19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 30, 2024
January 11, 2024
July 18, 2023
June 16, 2023
October 31, 2022
June 6, 2022
May 9, 2022
February 20, 2022

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ 37-ാം വാര്‍ഷിക സമ്മേളനം

Janayugom Webdesk
തിരുവനന്തപുരം
January 11, 2024 10:10 am

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലും സിവിൽസർവീസിന്റെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും വിട്ടുവീഴ്ചയില്ലാതെ മുന്നിൽ നിന്ന് പോരാടുന്ന പൊതുസംഘടനയാണ് 1985 സെപ്റ്റംബർ 27 ന് രൂപം കൊണ്ട കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ്‌ അസോസിയേഷൻ. സഖാക്കള്‍ പി യു വിജയനും സി കുട്ടികൃഷ്ണനും ഗോപാലന്‍ നായരും ഒരുപിടി സഖാക്കളും ത്യാഗനിര്‍ഭരമായി പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്ത പ്രസ്ഥാനമാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ ജനസേവകര്‍ കൂടിയാകണമെന്ന് തെളിയിച്ചവരുടെ പ്രസ്ഥാനം.

സംഘടനയുടെ 37-ാമത് വാർഷിക സമ്മേളനം 2024 ജനുവരി 11, 12 തീയതികളിൽ സ. കാനം രാജേന്ദ്രന്‍ നഗറിൽ (തിരുവനന്തപുരം അയ്യൻ‌കാളിഹാൾ) നടത്തുകയാണ്. സിപിഐ സംസ്‌ഥാന അസി. സെക്രട്ടറി സ. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മന്ത്രിമാർ, രാഷ്‌ടീയ, സാംസ്‌കാരിക, സർവീസ് സംഘടനാ നേതാക്കൾ പങ്കെടുക്കും. കോർപ്പറേറ്റ്-ചങ്ങാത്ത മുതലാളിത്ത കാലത്ത് ഇന്ത്യയിൽ സിവിൽ സർവീസ് ചുരുക്കപ്പെടുകയും അസ്ഥിരമാക്കപ്പെടുകയും ചെയ്യുകയാണ്. സ്ഥിരം തൊഴിൽ എന്നത് സ്വപ്‌നമായി മാറുന്നു. ജീവനക്കാർ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ, സ്റ്റാറ്റ്യൂട്ടറി പെൻഷൻ, ആശ്രിത നിയമനം ഇവയെല്ലാം ഇല്ലാതാകുന്നു. 30 ലക്ഷം തസ്‌തികകളാണ് കേന്ദ്രം നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്.

കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ച്‌ കൊണ്ടിരിക്കുന്നു. പൊതുമേഖലയാകെ വിറ്റുതുലയ്ക്കുന്നു. പ്രളയ ‑കോവിഡ് കാലത്ത് കേരളത്തിന് തന്ന റേഷൻ അരിയുടെയും മണ്ണെണ്ണയുടെയും വില തിരിച്ചു ചോദിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. സംസ്ഥാനത്തിന് അര്‍ഹമായ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തു. വിദ്യാഭ്യാസ‑ആരോഗ്യരംഗങ്ങളിലുൾപ്പെട്ട കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് കൊണ്ട് മുന്നോട്ടുപോകുന്ന കേരളത്തിലെ ഇടത് സർക്കാർ മെഡിസെപ്പ് യാഥാർഥ്യമാക്കി ജീവനക്കാരോടുള്ള പ്രതിബദ്ധത തെളിയിച്ചു.

എന്നാല്‍ മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ചു മുന്നോട്ടുപോകാനുള്ള ശ്രമം തുടരണം. പൂർണമായും പരാജയമാണെന്ന് തെളിഞ്ഞ പങ്കാളിത്ത പെൻഷൻ അടിയന്തിരമായി പിൻവലിച്ചു സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം. ജീവനക്കാരുടെ ഡിഎ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണം 12-ാം ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കണം. സെക്രട്ടേറിയറ്റ് സർവ്വിസിലും സിവിൽ സർവ്വിസിലും വരുത്തുന്ന പരിഷ്‌കാരങ്ങൾ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മാത്രമേ നടപ്പിലാക്കാവൂ. സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കണം.

ജനോപകാരപ്രദമായതും കാര്യക്ഷമവും അഴിമതിരഹിതവുമായ സിവിൽ സർവ്വീസ്‌ എന്ന മുദ്രാവാക്യമുയർത്തിപ്പിടിക്കുന്ന, നിലപാട് കൊണ്ട് സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാരും നെഞ്ചിലേറ്റിയ കേരള സെക്രട്ടേറിയറ്റ് സ്‌റ്റാഫ്‌ അസ്സോസിയേഷന്റെ 37-ാം വാർഷിക സമ്മേളനം വമ്പിച്ച വിജയമാക്കുന്നതിന് മുൻവർഷങ്ങളിലെ പോലെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിവാദ്യങ്ങളോടെ,

വെല്ലുവിളികള്‍ നേരിട്ട് ജനകീയ ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്

സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനും ജനക്ഷേമ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന സർക്കാർ സംവിധാനത്തിനു അങ്ങേയറ്റം പിന്തുണ നൽകുകയും ചെയ്യുന്ന സംഘടനയാണ് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ. സംഘടനയുടെ 37-ാം വാർഷിക സമ്മേളനം 2024 ജനുവരി 11, 12 തീയതികളില്‍ ചേരുകയാണ്.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി നിരവധി സമര പോരാട്ടങ്ങൾ നടത്തുന്നതോടൊപ്പം കാര്യക്ഷമമായ ഒരു സിവിൽ സർവ്വീസ് പടുത്തുയർത്തി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കെ. എസ്. എസ്. എ. കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലത്തെ ത്യാഗോജ്വലമായ പ്രവർത്തനത്തിലൂടെയും തീക്ഷ്ണമായ പ്രക്ഷോഭ സമര പോരാട്ടങ്ങളിലൂടെയും സർവ്വീസ് സംഘടന എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തുവാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ജനക്ഷേമ സേവന മേഖല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സത്യസന്ധതയോടെയും അർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അംഗീകാരം നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂർണമാക്കുന്ന നയങ്ങളും നടപടികളുമാണ് കേന്ദ്ര ഭരണം നടത്തുന്ന ബി. ജെ. പി സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്നത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾക്ക് നേരെ നിഷേധാത്മകമായ നിലപാടുകൾ സ്വീകരിച്ചും പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തക കോർപ്പറേറ്റുകൾക്ക് അടിയറവച്ചും നീങ്ങുന്ന കേന്ദ്ര ഭരണക്കാർക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് തുടര്‍ന്ന് വരികയാണ്. സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെ ചെറുത്ത് തോല്‍പ്പിച്ച് ജനകീയ ക്ഷേമപ്രവര്‍ത്തനങ്ങളുമായി കേരള സര്‍ക്കാര്‍ മുന്നേറുകയാണ്.

കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലേറെ കാലത്തെ പ്രവർത്തനത്തിലൂടെ കേരളത്തിന്റെ സർവ്വീസ് മേഖലയുടെ വളർച്ചയ്ക്ക് സമഗ്രമായ സംഭാവന നൽകുവാൻ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ അഭിമാനിക്കാവുന്ന അനവധി നേട്ടങ്ങൾ സംഘടന ജീവനക്കാർക്കുവേണ്ടി നേടിയെടുത്തിട്ടുണ്ട്. കോർപ്പറേറ്റ് വൽക്കരണത്തിന്റെ പുത്തൻ കാലഘട്ടത്തിൽ ജീവനക്കാരുടെയും സാധാരണക്കാരുടെയും അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ കെ. എസ്. എസ്. എ സാമൂഹ്യപ്രതിബദ്ധതയോടെയും ഉത്തരവാദിത്വത്തോടെയും മുന്നോട്ടു പോകും.

കാര്യക്ഷമവും അഴിമതിരഹിതവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസിന് കൈകോര്‍ക്കാം

ലോകത്തിലെ ഏറ്റവും മികച്ചതും വികസിതവുമായ രാജ്യങ്ങളില്‍ കാണാന്‍ കഴിയുന്ന പല സൂചകങ്ങളും ദര്‍ശിക്കാവുന്നതിലും പലതിലും അത്തരം രാജ്യങ്ങള്‍ക്കൊപ്പമൊ അവരെക്കാളോ മുന്നില്‍ നില്ക്കുന്നതോ ആയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായി ജനക്ഷേമവും വികസിതവുമായ ഒട്ടേറെ നേട്ടങ്ങള്‍ നമ്മുടെ സംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ക്ക് പ്രധാന ചാലക ശക്തിയായി അവയെ പ്രവൃത്തിപദത്തിലെത്തിച്ചത് കേരളത്തിലെ സിവില്‍ സര്‍വീസ് തന്നെയാണ്. ഭാരതത്തെ പലകാര്യങ്ങള്‍ പിന്നോട്ടടിക്കുന്ന നയങ്ങളും സമീപനങ്ങളുമായി ഒരു ഗവണ്‍മെന്റ് രാജ്യം ഭരിക്കുന്നു.

സിവില്‍ സര്‍വീസിനെ കൂടുതല്‍ ചുരുക്കി, സ്ഥിരനിയമനങ്ങള്‍ ഇല്ലാതാക്കി. കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ മാത്രം പ്രോത്സാഹിപ്പിച്ച്, വിദ്യാഭ്യാസ, ആരോഗ്യമേഖലകളെ, രാജ്യ സുരക്ഷ മേഖലകളെ സ്വകാര്യവത്കരിച്ച്, പൊതുമേഖലകളെ വിറ്റുതുലച്ച്, പെട്രോള്‍, ഡീസല്‍, പാചകവാതക വില അനുദിനം വര്‍ധിപ്പിച്ച് അവശ്യസാധനങ്ങള്‍ക്ക് തീവിലയാക്കി രാജ്യത്തെ ജനജീവിതം ദുരിതത്തിലാക്കുന്നു. ഫെഡറല്‍ തത്വങ്ങളെ തകര്‍ത്തെറിഞ്ഞ് സംസ്ഥാന അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. നമ്മുടെ സംസ്ഥാനത്തെ ഭരണപരമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുന്ന നയസമീപനങ്ങള്‍. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഹിതം പോലും നല്കുന്നില്ല. ദുരിതസമയത്തും ദുരന്തമുഖത്തും അനുവദിച്ച സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും വെെരാഗ്യ ബുദ്ധിയോടെ വില പേശുന്നു.

ഇത്തരം ബുദ്ധിമുട്ടുകളും പ്രകൃതിയും രോഗവും നല്കിയ പ്രതികൂല സാഹചര്യവും ഒക്കെ ഉണ്ടായിട്ടും ഒരു ജനതയെ ആകെ താങ്ങി സംസ്ഥാനത്തെ വികസനക്കുതിപ്പിലേക്ക് ആനയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സി അച്യുതമേനോന് ശേഷം ഭരണത്തുടര്‍ച്ച ലഭ്യമായ ഈ ഗവണ്മെന്റ് 1957ലെ കേരളത്തിലെ ആദ്യ സിപിഐ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ്. കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുവാന്‍ നിതാന്തമായ ജാഗ്രതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനും സിവില്‍ സര്‍വീസും പൂര്‍ണമായ പിന്തുണയാണ് നല്കിവരുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനസേവകര്‍ എന്ന നിലയില്‍ ആ ഉത്തരവാദിത്തം പൂര്‍വാധികം ഭംഗിയായി ഏറ്റെടുത്ത് അഴിമതിരഹിതവും സുതാര്യവും കാര്യക്ഷമവുമായാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നിലപാടുകളും പ്രവൃത്തിയുംകൊണ്ട് മുഴുവന്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മാനസിക പിന്തുണയും ആര്‍ജിച്ച സംഘടനയാണ് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍. ഡി എ കുടിശ്ശിക അനുവദിക്കുക, സറണ്ടര്‍ ആനുകൂല്യം തനത് വര്‍ഷങ്ങളില്‍ തന്നെ കരഗതമാക്കുക, കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ ഇല്ലാതാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങി ജീവനക്കാരെയും പൊതുസമൂഹത്തെയും ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ സജീവമായി നില്ക്കുമ്പോഴാണ് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 37-ാം വാര്‍ഷിക സമ്മേളനം ചേരുന്നത്.

സംതൃപ്തമായ സിവില്‍ സര്‍വീസിന് മാത്രമെ പുരോഗമനപരവും ജനോപകാരപ്രദവും ജനക്ഷേമപരവുമായ കര്‍മ്മപഥങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയൂ എന്ന തിരിച്ചറിവ് അധികാരികളെ ബോധ്യപ്പെടുത്തേണ്ട ഒരു സാഹചര്യത്തില്‍, അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കുവാനും ഭരിക്കുന്ന മുന്നണിയുടെയോ രാഷ്ട്രീയത്തിന്റെയോ നിറം നോക്കാതെ ജീവനക്കാരുടേയും പൊതുസമൂഹത്തിന്റെയും നേട്ടങ്ങള്‍ക്കും അവകാശ സംരക്ഷണത്തിനും വേണ്ടി പോരാടുന്ന KSSAയുടെ 37-ാമത് വാര്‍ഷികം 2024 ജനുവരി 11, 12 തീയതികളില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ചേരുന്നു. ഇത് ഒരു വിജയമാക്കുവാന്‍ ഏവരുടേയും സാന്നിധ്യം ആശംസിക്കുന്നു.

Eng­lish Sum­ma­ry: Ker­ala Sec­re­tari­at Staff Asso­ci­a­tion 37th Annu­al Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.