26 May 2024, Sunday

Related news

May 26, 2024
May 25, 2024
May 24, 2024
May 23, 2024
May 23, 2024
May 23, 2024
May 23, 2024
May 20, 2024
May 19, 2024
May 18, 2024

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
November 16, 2021 8:25 am

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരള തീരത്ത് ഇന്നും കര്‍ണാടക തീരത്ത് നവംബര്‍ 18 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിനു പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും സമീപം മധ്യ, തെക്കു കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് ശക്തിയാര്‍ജിച്ച് ഗോവ, മഹാരാഷ്ട്ര തീരത്ത് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വീണ്ടും ശക്തിയാര്‍ജിക്കാനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച മുതല്‍ ഇന്നലെ ഉച്ചവരെയുള്ള ഔദ്യോഗിക കണക്കിന് അനുസരിച്ച് മഴക്കെടുതികളില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്ത് രണ്ടുപേരും എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍വീതവും ആണ് മരിച്ചത്. സംസ്ഥാനത്ത് ആകെ 151 ദുരിതാശ്വാസ ക്യാമ്പുകളിലായി 1315 കുടുംബങ്ങളിലെ 4348 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. 22 ക്യാമ്പുകളിലായി 491 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ കനത്തമഴയെ തുടര്‍ന്ന് വ്യാപക കൃഷിക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്നലെ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കോട്ടൂര്‍ സ്വദേശി രതീഷ് (27)മരിച്ചു. തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നടത്താനിരിക്കുന്ന പൊതുപരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഇന്നും അവധി പ്രഖ്യാപിച്ചു. പഠനത്തിന് തടസം വരാതിരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. കേരള, എംജി സര്‍വകലാശാലകള്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY: ker­ala state still prone to heavy rains

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.