‘ഉള്ളറിഞ്ചു പേശിട്’ എന്ന പ്രമാണം പലപ്പോഴും മറന്നുപോകുന്നവരാണ് നമ്മള്‍ മലയാളികള്‍. അകക്കാമ്പില്ലാത്ത ഏതു വിഷയം കേട്ടാലും നാം ചാടിവീഴും. പിന്നെ ചേരിതിരിവായി, തല്ലായി, സര്‍വത്ര അല്‍ഗുത്തായി. അന്തസാരശൂന്യമായ ഒരു വിഷയത്തിന് സ്വാഭാവികമരണം സംഭവിക്കുന്നതുവരെ കാത്തിരിക്കാന്‍ നമുക്കാവില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ‘ദ കേരളാസ്റ്റോറി എന്ന സിനിമയുടെ പേരില്‍ സംഭവിച്ചതും ഈ എടുത്തുചാട്ടമായിരുന്നു. കേരളത്തില്‍ നിന്നും കാക്കത്തൊള്ളായിരം ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റി വിദേശത്തുകൊണ്ടുപോയി ഇസ്ലാമിക ഭീകരസംഘടനയുടെ പോരാളികളാക്കിയതായിരുന്നു സിനിമയിലെ പ്രമേയം. ഇതോടെ കാള പെറ്റെന്നു കേട്ടപ്പോള്‍ മലയാളി ചാടിവീണു. സത്യം പറയാന്‍ സിപിഎംകാരനായ സംവിധായകന്‍ സുദീപ്തോസെന്‍ വേണ്ടി വന്നുവെന്ന് ആര്‍എസ്എസുകാര്‍. സിനിമയില്‍ പറയുന്നത് പച്ചക്കള്ളമെന്ന് എതിര്‍ചേരി. ഭീകരരാകാന്‍ പോയവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ ഒരു സംഘടനയുടെ വെല്ലുവിളി. തെളിയിച്ചാല്‍ ഒരു കോടി ഇനാമെന്നും അവര്‍ പ്രഖ്യാപിച്ചു. അപ്പോഴാണ് സംവിധായകന്റെ വെളിപാട്.
32,000 യുവതികളല്ല മൂന്ന് പെണ്‍കുട്ടികള്‍ വിദേശത്തു പോയ കഥയാണിതെന്നു സംവിധായകന്‍. അതോടെ ഇനാം നല്കാന്‍ ഒരു കോടി പിരിച്ചവര്‍ കാശും കീശയിലാക്കി സ്ഥലം കാലിയാക്കി. സിനിമയ്ക്കുവേണ്ടി പ്രധാനമന്ത്രി മോഡി പോലും രംഗത്തിറങ്ങി. കേരളം ഒരു ഭീകരനാടെന്ന് മേപ്പടിയാന്റെ ചാപ്പകുത്തല്‍. സിനിമാതിയേറ്ററുകളിലെത്തിയപ്പോള്‍ തിയേറ്ററുകള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനം. ബിജെപിക്കാര്‍ സിനിമയുടെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടി സൗജന്യമായി വിതരണം ചെയ്തിട്ടും വിശാലമായ പാടത്തെ ഏതാനും കൊക്കുകളെപ്പോലെ സീറ്റുകളില്‍ അങ്ങിങ്ങ് കാണികള്‍. ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആദ്യദിനം തന്നെ പ്രൊജക്ടര്‍ മുറിയില്‍ താഴിട്ടു. സിനിമ പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്ററുകള്‍ ഈ സിനിമയുമായി ഈ ഏരിയയില്‍ കണ്ടുകൂടെന്ന് കല്പിച്ചു. ഒരൊറ്റ ദിവസംകൊണ്ട് കേരള സ്റ്റോറിയുടെ കഥ കഴിഞ്ഞു. കാരണം ഇത് കേരളമാണ്. ഇതേ സംഭവിക്കൂ എന്ന് നമുക്കറിയാമായിരുന്നിട്ടും ആകെയൊരു കൂട്ടയടിയുണ്ടാക്കിയില്ലെങ്കില്‍ പിന്നെന്ത് രസം, പിന്നെ മലയാളി. കേരളാ സ്റ്റോറി പോയ വഴിക്ക് പുല്ല് കിളിര്‍ത്തു തുടങ്ങി.
‘ഉപമാ കാളിദാസസ്യ’ എന്നു പറയുന്നതുപോലെ പ്രതിമാ മലയാളിസ്യ എന്ന് നമ്മെക്കുറിച്ച് പറയേണ്ട പരുവത്തിലാണ് നാം. യശോധനനായ ഒരു മലയാളി മരിച്ചുകഴിഞ്ഞാല്‍ അന്ന് ചേരുന്ന അനുശോചന യോഗത്തില്‍ ആദ്യമെടുക്കുന്ന തീരുമാനം കാലയവനികയ്ക്കുള്ളിലായ മഹാന്റെ ഒരു പ്രതിമ സ്ഥാപിക്കുമെന്നായിരിക്കും. മനസിലെ മഹാന്‍ പ്രതിമയായി നമ്മിലൂടെ ജീവിക്കും. മഹാന്റെ സ്വാധീനമനുസരിച്ച് പ്രതിമകളുടെ എണ്ണവും കൂടും. എങ്ങും കാക്ക കാഷ്ഠത്താല്‍ അഭിഷിക്തനായ മഹാന്റെ പ്രതിമകള്‍. കഴിഞ്ഞ കുറേക്കാലമായി പ്രതിമകളെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ കണ്ണാടിക്കൂടുകളും തീര്‍ക്കുന്നു. പക്ഷെ സ്വാധീനം തെല്ലുമില്ലാത്ത സെക്രട്ടേറിയറ്റിന് മുന്നിലെ രാജവീഥിയിലെ സര്‍ ടി മാധവരായരുടെയും കുണ്ടറവിളംബരം നടത്തി കേരളചരിത്രത്തെ ധന്യമാക്കിയ വീരരക്തസാക്ഷി വേലുത്തമ്പി ദളവയുടെ ഹജൂര്‍ കച്ചേരിക്കുള്ളിലെ പ്രതിമയും ഇന്നും കാക്കകളുടെ ഇഷ്ടതാവളം. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവനാണ് മലയാളക്കരയില്‍ ഏറ്റവുമധികം പ്രതിമകളുള്ളത്. കളിയിക്കാവിള മുതല്‍ വടക്ക് ചന്ദ്രഗിരിപ്പുഴ വരെ ഒന്നു യാത്ര ചെയ്തുനോക്കൂ. ഓരോ പ്രതിമയുടെയും മുഖം വിഭിന്നം. ശില്പിയുടെ മനോഗതിക്കനുസരിച്ച് കുട്ടപ്പനായി തോര്‍ത്തും ചുറ്റിയിരിക്കുന്ന ഗുരുദേവന്മാര്‍. മുണ്ടുടുപ്പിച്ച് ഒരു തോര്‍ത്തും പുതപ്പിച്ചാല്‍ അതെല്ലാം ശ്രീനാരായണനാകുമെന്ന ശില്പിഭാവന.
ഓസ്കര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്‍ ഇസ്ലാമിക ജിഹാദിയാണോ, ആണെന്നാണ് ആര്‍എസ്എസുകാര്‍ പറയുന്നത്. സംഗീത സംവിധായകനും ദരിദ്രനുമായിരുന്ന ആര്‍ കെ ശേഖറുടെ പുത്രനാണ് റഹ്മാന്‍. ശേഖര്‍ ഇടയ്ക്കിടെ കൊല്ലം കടപ്പാക്കടയില്‍ ‘ജനയുഗ’ത്തില്‍ കാമ്പിശേരിയെ കാണാന്‍ വരാറുണ്ടായിരുന്നു. ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കുമിടയില്‍ വളര്‍ത്തിയ മകന്‍ മതം മാറി റഹ്മാനായതാണ് ആര്‍എസ്എസിനെ ചൊരുക്കായത്. പോരാഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് കൂടിയിട്ടപ്പോഴാണ് ആ കലിപ്പ് കരകവിഞ്ഞ് ജിഹാദി വിളി വരെയെത്തിയത്. കാര്യം ഇത്രയേയുള്ളു. കായംകുളം ചേരാവള്ളി മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തില്‍ ദരിദ്രനായ അശോകന്റെ മകള്‍ അഞ്ജുവിന്റെ വിവാഹം നടത്തിക്കൊടുത്തു. വധുവിന് പത്ത് പവന്റെ ആഭരണം, വധൂവരന്മാര്‍ക്ക് വിവാഹവസ്ത്രങ്ങള്‍, അവരുടെ പേരില്‍ ബാങ്കില്‍ രണ്ട് ലക്ഷം രൂപ. കെങ്കേമന്‍ വിവാഹസദ്യ. മതസൗഹാര്‍ദത്തിന്റെ മഹോന്നത മാതൃകയായി ഈ സംഭവം റഹ്മാന്‍ ട്വീറ്റ് ചെയ്തപ്പോള്‍ അദ്ദേഹം ഇസ്ലാമിക ജിഹാദിയായി. മറ്റൊരു ജിഹാദി ചാപ്പ കൂടി വരാന്‍ പോകുന്നു. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് തന്നെയായ റസൂല്‍ പൂക്കുറ്റി. പാളയം മുസ്ലിം പള്ളിയുടെയും മഹാഗണപതി ക്ഷേത്രത്തിന്റെയും ഒരേ മതില്‍ മതസൗഹാര്‍ദത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. ജിഹാദി വിളിക്ക് ഇനി മറ്റെന്ത് വേണം.
സാക്ഷാല്‍ മോഡിയുടെയും യോഗിയുടെയും ആദിതിയനാഥിന്റെയും യുപിയില്‍ നിന്ന് മറ്റൊരു വാര്‍ത്ത സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സംസ്കൃത പരീക്ഷയില്‍ ഒന്നാമനായി മുസ്ലിമായ മുഹമ്മദ് സല്‍വാന്‍ വിജയിച്ചെന്നാണ് വാര്‍ത്ത. ദേവഭാഷയായ സംസ്കൃതത്തില്‍ രണ്ടാം സ്ഥാനമേയുള്ളു ഹിന്ദു പെണ്‍കുട്ടിയായ ഗംഗോത്രി ദേവിക്ക്. സംസ്കൃതം അധ്യാപകനാവണം എന്ന ആഗ്രഹവും ആ കുട്ടി അറിയിച്ചുകഴിഞ്ഞു. സംസ്കൃത ലൗ ജിഹാദി എന്ന വിളിപ്പേര് കൂടിയുണ്ടാകുമോ സല്‍വാന് എന്നേ ഇനി അറിയേണ്ടതുള്ളു. ഏതാനും വര്‍ഷം മുമ്പ് ഗോപാലിക എന്ന ഹിന്ദു പെണ്‍കുട്ടി അറബി ഭാഷയില്‍ എംഎ പാസായി അധ്യാപികയായപ്പോഴും സംഘികള്‍ വിളിച്ചുകൂവി പെഴച്ച പെണ്ണ് ഹിന്ദുമതത്തിന്റെ വേലിക്കെട്ടുകള്‍ ചാടിക്കടന്നെന്ന്! ഇതുകൊണ്ടൊക്കെത്തന്നെയല്ലേ ബിജെപിക്കും ദ കേരളാ സ്റ്റോറിക്കും ഭൂമി മലയാളത്തില്‍ ക്ലച്ച് പിടിക്കാതെ പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.