23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 8, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

ഭിന്നശേഷിക്കാർക്കു സുഗമസഞ്ചാരം ഉറപ്പുവരുത്തി ബാരിയർഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 17, 2022 4:06 pm

ഭിന്നശേഷിക്കാർക്കു തടസങ്ങളില്ലാതെ എവിടെയും സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കി ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള പ്രയാണത്തിൽ ഏറെ പ്രധാനപ്പെട്ടതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നവീന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ നിഷ് നൽകിയ സംഭാവന വലുതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ടവരേയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയെന്നതാണു സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇതു മുൻനിർത്തി എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും ഭിന്നശേഷിക്കാർക്കുകൂടി പ്രാപ്യമാകുന്ന വിധത്തിലുമാണു വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കിയാലേ ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകൂ. 600 ഓളം കോടി രൂപയുടെ പദ്ധതികളാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്നത്. സർക്കാർ പദ്ധതികളുടെ ഭാഗമായി നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നു നിഷ്‌കർഷിച്ചിട്ടുള്ളതും ഇതിന്റെ ഭാഗമായാണ്. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നതിനു ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്നതിനായി മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു നിരവധി പദ്ധതികളാണു കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ നടപ്പാക്കിവരുന്നത്.

ഭിന്നശേഷി സഹായത്തിനുള്ള ആധുനിക ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന ഷോറൂം ശൃംഘലകൾക്കു തുടക്കമിട്ടു. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന ഐക്യവാക്യം ഉയർത്തി എല്ലാ ബ്ലോക്കുകളിലും സഹജീവനം എന്ന പേരിൽ ഭിന്നശേഷി സഹായ കേന്ദ്രങ്ങൾ ആരംഭിച്ചു. സമഗ്ര ഭിന്നശേഷി പരിപാലന പരിപാടിയായ അനുയാത്രയ്ക്ക് 21.5 കോടി രൂപ അനുവദിച്ചു. നിപ്മറിനുള്ള ബജറ്റ് വിഹിതം വർധിപ്പിച്ചു. നിഷിലെ ഉന്നത വിദ്യാഭ്യാസ ഫൗണ്ടേഷൻ പ്രോഗ്രാം, ന്യൂറോ ഡെവലപ്‌മെൻറ് സയൻസ് പ്രോഗ്രാം തുടങ്ങിയവയ്ക്കായി 18.93 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ക്ഷേമ പദ്ധതികൾക്കായി വികലാംഗ ക്ഷേമ കോർപ്പറേഷനു 13 കോടി രൂപയും വിദ്യാലയ അന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംരംഭകത്വ മേഖലകളിലേക്കു ഭിന്നശേഷിക്കാരെ കൊണ്ടുവരുന്നതിനായി നാനോ സംരംഭങ്ങളിൽ അവർക്കു മുൻഗണന നൽകുന്നതിനായി 2.25 കോടി രൂപ മാർജിൻ മണി ഗ്രാന്റായും ഒരു കോടി രൂപ പലിശ സഹായമായും അനവദിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂളുകൾ വേണമെന്നു സർക്കാർ നിഷ്‌കർഷിച്ചിട്ടുണ്ട്. കേൾവിക്കുറവുള്ളവരെ പരിചരിക്കുന്നതിനു പ്രത്യേക പരിശീലനം ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവരെ സമൂഹത്തിൻറെ മുഖ്യധാരയിലെത്തിച്ചു പൊതുസമൂഹത്തിന്റെ ഭാഗമാക്കണം. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഏറ്റവും നൂതനമായ സാഹചര്യം സൃഷ്ടിക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യം.

കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ സാധാരണക്കാർ അനുഭവിച്ചതിനേക്കാൾ വലിയ പ്രശ്‌നങ്ങളാണു ഭിന്നശേഷിക്കാർ നേരിട്ടത്. കോവിഡാനന്തര ലോകത്ത് അവർക്കു പ്രത്യേക പരിഗണന ലഭിക്കണം. അത് ഉറപ്പുവരുത്താൻ തക്കവിധം നിഷിനെ നവീകരിക്കാൻ സർക്കാർ മുൻകൈയെടുക്കും. ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് ടെക്‌നോളജി ഉപകരണങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും സഹായ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കാനുമുള്ള നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജി പ്രവർത്തനസജ്ജമാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിന്റെ സേവനം ലഭ്യമാക്കും. ശ്രവണപരിമിതിയുള്ള കുട്ടികൾക്കായി മാതൃകാ ഏർലി ഇൻറർവെൻഷൻ സെന്ററിന്റെ സേവനം സംസ്ഥാനമാകെ വ്യാപിപ്പിക്കും.

ബധിരർക്കും ശ്രവണവൈകല്യമുള്ളവർക്കുമായി കേരളത്തിലെ ആദ്യ ദ്വിഭാഷാ സ്‌കൂൾ പ്രവർത്തനസജ്ജമാക്കും. നവകേരള സൃഷ്ടിയുടെ ഫലം ഭിന്നശേഷിക്കാർക്കടക്കം സമസ്ത ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്ന ഉത്തരവാദിത്തം സർക്കാരിനുണ്ട്. സാമൂഹിക ജീവിതത്തിലും വൈജ്ഞാനിക സമ്പദ് ഘടനയിലും കാര്യക്ഷമായ സംഭാവന നൽകാൻ ഉതകുംവിധം അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണു സർക്കാർ ഇത്തരം പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷിനെ അന്തർദേശീയ നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നിഷിലെ സെന്റർ ഫോർ റിസർച്ച് ഇൻ കമ്യൂണിക്കേഷൻ സയൻസസ്, ബാരിയർ ഫ്രീ എൻവയോൺമെന്റ്, സഫൽ സെൻസോറിയം, ഭിന്നശേഷി ശാസ്ത്ര ഗവേഷണ സെൽ എന്നിവയുടെ ഉദ്ഘാടനം, ആക്സസിബിൾ ബുക്കിന്റെ പ്രകാശനം എന്നിവ മുഖ്യമന്ത്രി നിർവഹിച്ചു. ഐഇഎസ് നേടിയ നിഷ് ഏർലി ഇന്റർവെൻഷൻ പ്രോഗ്രാമിലെ പൂർവ വിദ്യാർഥികളായ ലക്ഷ്മി, പാർവ്വതി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Eng­lish Sum­ma­ry: Ker­ala will be made a bar­ri­er free state by ensur­ing smooth move­ment for dif­fer­ent­ly abled: CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.