26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 26, 2024
July 7, 2024
March 26, 2024
January 18, 2024
August 30, 2023
August 20, 2023
February 8, 2023
August 23, 2022
August 20, 2022
August 12, 2022

കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃക: യുനിസെഫ് പഠനം

Janayugom Webdesk
തിരുവനന്തപുരം
July 7, 2024 8:33 am

കേരളത്തില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ (എഡ്ടെക്) ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ക്കും ഒരുപോലെ മാതൃകയാക്കാന്‍ പര്യാപ്തമാണെന്ന് യുനിസെഫിന്റെ പഠന റിപ്പോർട്ട്.
‘നൈപുണി വികസനത്തിലൂടെ കൗമാര ശാക്തീകരണം : ഭാവി മുന്നൊരുക്കത്തോടെ ലിറ്റില്‍ കൈറ്റ്സ് — ഒരു പ്രചോദന കഥ’ എന്ന തലക്കെട്ടോടുകൂടിയുള്ള പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, യുനിസെഫ് ഇന്ത്യ എജ്യുക്കേഷണല്‍ സ്പെഷ്യലിസ്റ്റ് പ്രമീള മനോഹരന്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, യുനിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യാലിറ്റി ഡോ. അഖില രാധാകൃഷ്ണന്‍, ഐടി ഫോര്‍ ചെയ്ഞ്ച് ഡയറക്ടര്‍ ഗുരുമൂര്‍ത്തി കാശിനാഥന്‍ എന്നിവർ സംസാരിച്ചു.

കേരളത്തിലെ 2173 ഹൈ­സ്കൂളുകളില്‍ 2018‑ല്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷന്‍ (കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കിയ ലിറ്റില്‍ കൈറ്റ്സ് പദ്ധതിയെക്കുറിച്ചാണ് യുനിസെഫ് പ്രത്യേക പഠനം നടത്തിയത്. പദ്ധതിയുടെ പ്രസക്തിയെ ആഗോള‑ദേശീയ നൈപുണി വികസന പദ്ധതികളുടെ പശ്ചാത്തലത്തില്‍ നടത്തിയ പഠനം തെളിവുകളുടെ അടിസ്ഥാനത്തില്‍ പത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. വിശദമായ പഠന റിപ്പോർട്ടും സംഗ്രഹവും പ്രത്യേകം പ്രസിദ്ധീകരിച്ചതില്‍ ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ ചരിത്രം, കുട്ടികളുടെ തിരഞ്ഞെടുപ്പ്, പ്രവർത്തനം, കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍ തുടങ്ങിയവയും വിശദമാക്കിയിട്ടുണ്ട്.
കോർപറേറ്റുകളെ ആശ്രയിക്കാതെ കൈറ്റ് സ്വന്തമായി രൂപകല്പന ചെയ്ത പദ്ധതി എന്ന നിലയിലും സ്വതന്ത്ര സോഫ്റ്റ്‍‍വേറിന്റെ കരുത്ത് അക്കാദമിക രംഗത്ത് ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു എന്ന കണ്ടെത്തലും ലിറ്റില്‍ കൈറ്റ്സ് മാതൃക പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ് ഇത് നടപ്പാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും, കൈറ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‍‍‍വേർ ഉപയോഗിച്ചതുകൊണ്ട് കേരളം 3000 കോടി രൂപ ലാഭിച്ചതും റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്. കേരളത്തെ ഒരു വിജ്ഞാന സമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും ഉയർത്താന്‍ ലിറ്റില്‍ കൈറ്റ്സ് പ്രവർത്തനങ്ങള്‍ ആക്കം കൂട്ടും എന്നതാണ് മറ്റൊരു കണ്ടെത്തല്‍.

അതിജീവിച്ചതും തഴച്ചുവള‍ർന്നുകൊണ്ടിയിരിക്കുന്നതുമാണ് കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ മാതൃക. ലിറ്റില്‍ കൈറ്റ്സ് പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സാങ്കേതിക വിദ്യയുടെ ഉപഭോക്താക്കള്‍ എന്ന നിലയില്‍ നിന്നും അവയുടെ നിർമ്മാതാക്കള്‍ എന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്നും സ്റ്റെം മേഖലയില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ പ്രാതിനിധ്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കേരളത്തില്‍ സ്വകാര്യ സ്കൂളുകളില്‍ നിന്നും പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്താനും ലിറ്റില്‍ കൈറ്റ്സ് അവസരമൊരുക്കിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൗമാര ജനസംഖ്യയുള്ളത് ഇന്ത്യയിലാണ് (25.30 കോടി) എന്നതുകൊണ്ട് തന്നെ ഭാവി നൈപുണികളാല്‍ അവരെ ശാക്തീകരിക്കാനും ആരും ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പാക്കാനും ലിറ്റില്‍ കൈറ്റ്സ് പോലുള്ള പദ്ധതികള്‍ രാജ്യമാകെ നടപ്പാക്കണം.

കോവിഡ് കാലത്ത് രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെയും അപേക്ഷിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അധ്യാപക‍ർക്കും വിദ്യാർത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഉയർന്ന പ്രാപ്യത ഉറപ്പാക്കാന്‍ കേരളത്തിന് കൈറ്റിലൂടെ സാധിച്ചതായി യൂനിസെഫിന്റെ 2020ലെ കണ്ടെത്തലും റിപ്പോർട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. കേവലം ചില സോഫ്റ്റ്‍‍വേറുകള്‍ പഠിപ്പിക്കുക എന്നതിലുപരി റോബോട്ടിക്സിലും ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുമെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കാന്‍ ലിറ്റില്‍ കൈറ്റ്സിലൂടെ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുവെന്നും ഇതിലൂടെ സാങ്കേതിക വിദ്യകളുടെ കേവലം ഉപഭോക്താക്കള്‍ എന്ന തലത്തില്‍ നിന്നും അവയുടെ രൂപകല്പന ചെയ്യുന്നവരും സൃഷ്ടാക്കളുമായി കുട്ടികള്‍ മാറുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി ലഭ്യമാക്കിയ 9000 റോബോട്ടിക് കിറ്റിലൂടെ 12 ലക്ഷത്തോളം കുട്ടികള്‍ എഐ, ഐഒടി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നതും 80,000 അധ്യാപകർക്ക് കൈറ്റ് എഐ പരിശീലനം നല്‍കുന്നതും രാജ്യത്തെ ഏക മാതൃകയായി റിപ്പോർട്ടില്‍ പ്രത്യേകം പരാമർശിക്കുന്നുണ്ട്. 

Eng­lish Summary:Kerala’s dig­i­tal edu­ca­tion sys­tem is a glob­al mod­el: a UNICEF study
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.