28 March 2024, Thursday

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി: 2608 കോടി രൂപയുടെ ഭരണാനുമതി

Janayugom Webdesk
തിരുവനന്തപുരം
February 2, 2023 10:32 pm

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതിയായി. പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് ഈ തുക ചെലവഴിക്കുകയെന്ന് വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇതിൽ 850 കോടി രൂപ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയാണ്. കിൻഫ്രയായിരിക്കും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുക.
കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ എന്ന എസ് പി വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. പാലക്കാട്, കൊച്ചി എന്നീ രണ്ട് വ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കുകയാണ് ഇതിന്റെ ഭാഗമായി ചെയ്യുക. ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയും ഈ ഇടനാഴിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിക്കുന്നുണ്ട്. കൊച്ചിയിൽ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. 

കേരളത്തിന്റെ വ്യവസായ മേഖലക്ക് പുത്തനുണർവ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ പതിനായിരം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കുന്നതിനൊപ്പം പതിനായിരം പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ‑മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ‑വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലും ക്ലസ്റ്ററുകൾ വികസിപ്പിക്കാൻ ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. 

Eng­lish Summary:Kochi-Bengaluru Indus­tri­al Cor­ri­dor: Rs 2608 Crore Admin­is­tra­tive Approval

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.