23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 24, 2024
May 10, 2024
April 23, 2024
March 26, 2024
March 16, 2024
March 6, 2024
December 4, 2023
December 4, 2023
October 14, 2023
September 22, 2023

കൊച്ചി മെട്രോയുടെ നഷ്ടം 200 കോടിയിലേക്ക്; തിരുവനന്തപുരം, കോഴിക്കോട് നിര്‍ദ്ദിഷ്ട ലൈറ്റ് മെട്രോകള്‍ അനിശ്ചിതത്വത്തില്‍

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 10:08 pm

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റയില്‍ പദ്ധതി ശതകോടികളുടെ നഷ്ടത്തിലേക്ക്. ഇക്കഴിഞ്ഞ ജൂണ്‍ 17ന് അഞ്ച് വയസ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ഇതിനകം വാരിക്കൂട്ടിയത് 1200 കോടിയിലേറെ നഷ്ടം. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചേക്കും. ബംഗളുരു മെട്രോ റയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊയ്തു കൂട്ടിയത് 841 കോടി രൂപയുടെ നഷ്ടമാണെന്ന റിപ്പോര്‍ട്ട് വന്നതിനിടെ കേന്ദ്രം മെട്രോ റയില്‍ നയം പുതുക്കിയെഴുതുമെന്ന സൂചനയുമുണ്ട്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കൊച്ചി മെട്രോയുടെ നഷ്ടം 983 കോടി രൂപയാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ കാലയളവില്‍ വരുമാനം വെറും 439 കോടി രൂപ മാത്രം. നടത്തിപ്പു ചെലവ് കുറച്ച് നഷ്ടം കുറയ്ക്കാനുള്ള നീക്കങ്ങളും വിഫലം. നഷ്ടം 2020ല്‍ 310 കോടിയായിരുന്നത് 2021ല്‍ 334 കോടി രൂപയായും 2022ല്‍ 339 കോടിയായും കുതിച്ചുയര്‍ന്നുവെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും ഭീമമായ നഷ്ടമുണ്ടായെങ്കിലും നടത്തിപ്പു ചെലവ് 61 കോടിയില്‍ നിന്ന് 37 കോടിയായി കുറയ്ക്കാനായത് വലിയ നേട്ടമായാണ് കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്റ അവകാശപ്പെടുന്നത്. ഓരോ വര്‍ഷവും നഷ്ടം കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന പ്രവണതയ്ക്കിടെ ചെലവ് കുറച്ച് നഷ്ടം നികത്താമെന്ന അവകാശവാദം അസംബന്ധമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. 

കൊച്ചി മെട്രോയ്ക്കുവേണ്ടി ഫ്രഞ്ച് ഏജന്‍സിയില്‍ നിന്നും സംസ്ഥാനത്തെ ബാങ്കുകളില്‍ നിന്നും കടമെടുത്ത അയ്യായിരത്തോളം കോടി രൂപയുടെ തിരിച്ചടവ് ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ടതായിരുന്നു. പക്ഷേ ഒരു പൈസപോലും തിരിച്ചടയ്ക്കാനായിട്ടില്ല. ചെലവു ചുരുക്കല്‍ നടപടികള്‍ പൂര്‍ണമായി വിജയിച്ചാലും ഒരു വര്‍ഷം ലാഭപ്പെടുത്താന്‍ കഴിയുക പരമാവധി 60 കോടി രൂപ. ഒരു വര്‍ഷം 300ല്‍പരം കോടി രൂപയുടെ നഷ്ടം പിന്നെയുമുണ്ടാകുന്നു. പരസ്യങ്ങള്‍ വഴിയും പ്രത്യേക ഓഫറുകള്‍ വഴിയും കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന കൊച്ചി മെട്രോയുടെ കണക്കും പാളുന്നു. മെട്രോ റയില്‍ പ്രദേശത്തെ ഒരു ചാക്ക് ആഫ്രിക്കന്‍ ഒച്ചുകളെ പിടിച്ചു കൊണ്ടുവരുന്നവര്‍ക്ക് ഒരു ദിവസത്തെ സൗജന്യ യാത്രയെന്ന പരിഹാസ്യമായ ഓഫര്‍ വിവാദമായിരുന്നു. 

ഓടുന്ന മെട്രോയിലും യാര്‍ഡില്‍ പാര്‍ക്ക് ചെയ്ത കോച്ചുകളിലും വിവാഹങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കാമെന്ന വിചിത്രമായ ഓഫറും അമ്പേ പാളി. മെട്രോ സ്റ്റേഷനുകളില്‍ വാണിജ്യ, വ്യാപാര സ്ഥാപനങ്ങള്‍ അനുവദിക്കുന്ന പദ്ധതിയും പരാജയമായിരുന്നു.കോവിഡ് കാലത്ത് 56 ദിവസം സര്‍വീസ് നിര്‍ത്തിവച്ചത് നഷ്ടത്തിനു കാരണമായതെന്ന് അധികൃതര്‍ പറയുമ്പോള്‍ അതിനുശേഷം ഒരു വര്‍ഷം സര്‍വീസ് സുഗമമായി നടത്തിയിട്ടും 339 കോടി രൂപ നഷ്ടമുണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് മറുപടിയില്ല. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ആകെ യാത്ര ചെയ്തത് 96,94,014 പേരായിരുന്നു. വരുമാനം വെറും 30.78 കോടി.
മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അത് അവിശ്വസനീയമായ 240 കോടിയിലേക്ക് ഉയരുമെങ്കിലും നഷ്ടവും 350 കോടി രൂപ കടന്നിരിക്കും.

കേന്ദ്ര ഉത്തരവിലെ അവ്യക്തത: മെട്രോ രണ്ടാം ഘട്ടം പ്രതിസന്ധിയിൽ 

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ട നിർമ്മാണം അനിശ്ചിതത്വത്തിൽ. വായ്പ നൽകാനാവില്ലെന്ന് ഫ്രഞ്ച് വികസന ബാങ്ക് (എഎഫ്ഡി) കെഎംആർഎലിനെ അറിയിച്ചതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. രണ്ടാംഘട്ട നിർമ്മാണത്തിന് അനുമതി നൽകിയുള്ള കേന്ദ്ര സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് എഎഫ്ഡിയുടെ പിൻമാറ്റത്തിനു പ്രധാന കാരണം.
മെട്രോയുടെ ഒന്നാം ഘട്ടത്തിന് ഡിഎംആർസി തയാറാക്കിയ പദ്ധതി റിപ്പോർട്ടിലെ കണക്കുകളും ഫ്രഞ്ച് വികസന ഏജൻസിയെ വായ്പ നൽകുന്നതിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന.

മെട്രോ ഒന്നാം ഘട്ടത്തിനു എഎഫ് ഡിയായിരുന്നു വായ്പ അനുവദിച്ചത്. 1.9 ശതമാനം പലിശയ്ക്ക് 1525 കോടി രൂപയാണ് ലഭ്യമായത്. 2016ൽ പദ്ധതി അവലോകനത്തിനെത്തിയ ഫ്രഞ്ച് അംബാസഡർ മെട്രോയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചു രണ്ടാംഘട്ടത്തിനും വായ്പ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ ലഭ്യമാവില്ലെന്ന് അറിയിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Kochi Metro loss to 200 crores

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.