5 March 2024, Tuesday

കോട്ടയം പബ്ലിക് ലൈബ്രറിക്കെതിരെ ഉയര്‍ന്ന ആരോപങ്ങള്‍ അടിസ്ഥാന രഹിതം

Janayugom Webdesk
kottayam
February 2, 2022 5:19 pm

കോട്ടയം പബ്ലിക് ലൈബ്രറിക്കെതിരെ കഴിഞ്ഞ ദിവസം ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലൈബ്രറി ഭാരവാഹികള്‍. കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടത്തില്‍ നിന്ന് ജവഹര്‍ ബാലഭവനെ ഒഴിപ്പിക്കുന്നു എന്നതരത്തില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത്  ചിലര്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. നിര്‍ജീവമായ ജവഹര്‍ ബാലഭവന്‍ സജീവമാണെന്ന് വരുത്തി സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ വരുത്തുന്നത്. ജവഹര്‍ ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് ഉപയോഗിച്ച് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ജവഹര്‍ ബാലഭവന്‍ സൊസൈറ്റി ഓഫ് ഇന്ത്യ. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ശാഖകള്‍ ഉള്ളതില്‍ ഒന്നാണ് 1971ല്‍ ആരംഭിച്ച കോട്ടയം ബാലഭവന്‍. കോട്ടയത്ത് കുട്ടികളുടെ ലൈബ്രറിക്കൊപ്പം ജവഹർ ബാലഭവനും നടത്താൻ പബ്ലിക് ലൈബ്രറി അന്ന് തയ്യാറാവുകയായിരുന്നു. എന്നാല്‍ ഇപ്പോൾ പബ്ലിക് ലൈബ്രറിയുടെ സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും പിൻബലത്തിൽ ഭീമമായ ശമ്പളം കൈപ്പറ്റുകയാണ് ആരോപണമുന്നയിക്കുന്നവരുടെ ലക്ഷ്യമെന്ന് പബ്ലിക് ലൈബ്രറി ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

കുട്ടികളുടെ ലൈബ്രറിക്കായി 1967ലാണ് പബ്ലിക് ലൈബ്രറി സ്ഥലം വിലയ്ക്ക് വാങ്ങിയത്. തുടർന്ന് 69ൽ കെട്ടിടം പണി പൂർത്തിയായ നിലയ്ക്ക് കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. 71ലാണ് ബാലഭവൻ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ധാരണയാവുന്നത്. ബാലഭവന് വേണ്ടി ഒരു ഏക്കർ 12 സെന്റ് സ്ഥലം പബ്ലിക് ലൈബ്രറി വിട്ടു നൽകി എന്നുള്ള ആരോപണവും ശരിയല്ല. ലൈബ്രറിയുടെ പൂർണ്ണ ഉടമസ്ഥതയിൽ തന്നെയാണ് നിലവിലുള്ള സ്ഥലം. വസ്തു നികുതി ഏടയ്ക്കുന്നതും കെട്ടിടവും പരിസരവും സംരക്ഷിക്കുന്നതും പബ്ലിക് ലൈബ്രറി തന്നെയാണ്.

കഴിഞ്ഞ ആറു വര്‍ഷമായി കേന്ദ്ര ബാലഭവനും കോട്ടയം ബാലഭവനുമായുള്ള ബന്ധങ്ങള്‍ പൂര്‍ണമായും നിലച്ച നിലയിലാണ്.

കേന്ദ്രത്തിലെ ഒരു പ്രതിനിധിയും പബ്ലിക് ലൈബ്രറിയുടെ അഞ്ച് കമ്മറ്റിയംഗങ്ങളും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ അഞ്ചു ഗവണ്‍മെന്റ് പ്രതിനിധികളും ചേര്‍ന്നതായിരിന്നു 1971 മുതലുള്ള ജവഹര്‍ ബാലഭവന്റെ ഭരണസമിതി. എന്നാല്‍ ആറു കൊല്ലമായി ദേശീയ ബാലഭവനുമായുള്ള ബന്ധങ്ങള്‍ നിലച്ചതോടെ കഴിഞ്ഞ രണ്ടു കൊല്ലമായി കളക്ടര്‍ ഉള്‍പ്പെടെയുള്ള 5 ഉദ്യോഗസ്ഥ പ്രതിനിധികളെ കേരളാ ഗവണ്‍മെന്റ് പിന്‍വലിച്ചു. അതോടെ 500 ഓളം കുട്ടികള്‍ വന്നിരുന്ന സ്ഥലത്ത് കുട്ടികളുടെ എണ്ണം 70 ആയി കുറഞ്ഞു. 2020–21 വര്‍ഷം ക്ലാസുകള്‍ ഒന്നും നടന്നില്ല. എന്നിട്ടും സ്ഥിരം ജോലിക്കാരായ 3 പേരും 13 റിട്ടയര്‍ ചെയ്ത ജീവനക്കാരും ഗവണ്‍മെന്റില്‍ നിന്ന് ശമ്പളം കൈപ്പറ്റി. 500 കുട്ടികളെ പഠിപ്പിച്ചിരുന്ന അധ്യാപകര്‍ ഇപ്പോള്‍ 70 കുട്ടികളെയാണ് പഠിപ്പിക്കുന്നത്. അതും ആഴ്ചയില്‍ രണ്ടു ദിവസം ഓണ്‍ലൈന്‍ ക്ലാസുകളില്‍. ഈ സാഹചര്യത്തിൽ ക്ലാസുകൾ നടത്താൻ ചെറിയ കെട്ടിടം മാത്രമാണ് ആവശ്യം. ക്ലാസുകൾ ഓൺലൈനിൽ ആണെങ്കിൽ ചെറിയ മുറി മാത്രം മതിയാവും.

ഈ സാഹചര്യത്തിലാണ് പബ്ലിക് ലൈബ്രറി പൊതുയോഗം ബാലഭവൻ പ്രവർത്തനങ്ങൾ ഇനി നടത്തേണ്ടതില്ലെന്നും ബാലഭവനിൽ പഠിപ്പിക്കുന്ന എല്ലാ ക്ലാസുകളും കുട്ടികളുടെ ലൈബ്രറിയിൽ നടത്താനും തീരുമാനിച്ചത്. ഒപ്പം കുട്ടികളുടെ ലൈബ്രറിയുടെ 50-ാം വാർഷികം ആഘോഷിക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനം സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് ബാലഭവൻ പ്രവര്‍ത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

സത്യാവസ്ഥ ഇതായിരിക്കെ ലൈബ്രറിക്കെതിരെ അപവാദ പ്രചരണം നടത്തുന്നത് സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ടാണ്. ലക്ഷക്കണക്കിന് രൂപ സർക്കാരിൽ നിന്നും വാങ്ങിയെടുക്കാൻ ജവഹർ ബാലഭവന്റെ പ്രവർത്തനം മൂന്നു നിലയുള്ള കെട്ടിടത്തിൽ വ്യാപിച്ചു നിൽക്കുന്നു എന്ന് ആരോപണമുന്നയിക്കുന്നവർക്ക് വരുത്തിതീർക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.