23 December 2024, Monday
KSFE Galaxy Chits Banner 2

വീറോടെ കോട്ടയം ടെക്സ്റ്റൈല്‍സിലെ വനിതകൾ

സരിത കൃഷ്ണൻ
കോട്ടയം
May 1, 2022 6:30 am

അവകാശങ്ങൾ നേടിയെടുക്കാൻ വീറോടെ പോരാടുകയാണ് കോട്ടയം ടെക്സ്റ്റൈയിൽസിലെ ഒരുകൂട്ടം വനിതാ തൊഴിലാളികൾ. രാജ്യത്തെ തൊഴിലാളി സമരങ്ങൾക്ക് ഊര്‍ജം പകർന്ന് എല്ലാക്കാലത്തും നിലയുറപ്പിച്ച എഐടിയുസിയും പോരാട്ടങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. കോട്ടയം ടെക്സ്റ്റൈയിൽസിലെ ഒരുവിഭാഗം സ്ത്രീ തൊഴിലാളികൾക്കെതിരെയുള്ള മാനേജ്മെന്റിന്റെ ഭീഷണിയും പീഡനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മറ്റ് യൂണിയനുകളുടെ നേതാക്കൾക്ക് ജോലി സൗകര്യം ഉറപ്പാക്കാൻ സ്ത്രീ തൊഴിലാളികളെ ദ്രോഹിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. 

ഫാക്ടറീസ് ആക്ട് അനുസരിച്ച് രാത്രി 10ന് ശേഷം സ്ത്രീ തൊഴിലാളികളെ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് നിയമം. 2015ൽ മറ്റൊരു കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ നൽകിയ കേസിൽ ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ ഫാക്ടറി ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളെ 10 മണിക്ക് ഇറക്കി വിടാൻ തുടങ്ങി. കോടതിവിധി പാലിക്കണം എന്നതായിരുന്നു മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയ കാരണം. 12 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങേണ്ട തൊഴിലാളികളെ 10 മണിക്ക് ബലമായി ഇറക്കി വിടുന്നത് മൂലം മില്ലിന്റെ ഉല്പാദനത്തിൽ പ്രതിദിനം രണ്ടു മണിക്കൂറിൽ കുറവ് വരികയും ഇതനുസരിച്ച് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീ തൊഴിലാളികളുടെ വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലും കുറവ് വരികയും ചെയ്തു. 

എന്നാൽ, മറ്റ് കമ്പനികൾ സാധാരണ എട്ട് മണിക്ക് തുടങ്ങുന്ന ഷിഫ്റ്റ് ആറ് മണിക്ക് തുടങ്ങിയാണ് ഈ കോടതിവിധിയെ മറികടന്നത്. ഇത് മൂലം കമ്പനികൾക്കോ, തൊഴിലാളികൾക്കോ മറ്റ് പ്രശ്നങ്ങൾ ഉണ്ടായില്ല. ഇത്തരത്തിൽ ഷിഫ്റ്റ് ആരംഭിച്ച കമ്പനികളിൽ ആറിന് തുടങ്ങി ഉച്ചയ്ക്ക് 2നും 2ന് തുടങ്ങി രാത്രി 10നും ഷിഫ്റ്റ് അവസാനിക്കും. എന്നാൽ കോട്ടയം ടെക്സ്റ്റൈയിസിൽ അപ്രകാരം ഷിഫ്റ്റ് ക്രമീകരിച്ചതിനെതിരെ സിഐടിയു യൂണിയൻ കോടതിയെ സമീപിക്കുകയായിരുന്നു. 

മുമ്പ് രാത്രി 10ന് സ്ത്രീകളെ ബലമായി കമ്പനിയിൽ നിന്നും ഇറക്കി വിട്ടിരുന്ന മാനേജ്മെന്റ് രാത്രി ഏറെ വൈകി ജോലി ചെയ്യാൻ സ്ത്രീകൾ സമ്മത പത്രം നൽകണമെന്ന നിലപാടാണ് പിന്നീട് സ്വീകരിച്ചത്. സ്വന്തം സമ്മതപ്രകാരം ജോലി ചെയ്യുന്നുവെന്ന് വരുത്തി തീർത്താൽ കോടതിവിധി മറികടക്കാമെന്നതായിരുന്നു കാരണം. ഇതിനെ എതിർത്ത 17 പേരെ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റിയാണ് മാനേജ്മെന്റ് പ്രതികാരം തീർത്തത്. നടപടി ചോദ്യം ചെയ്ത രണ്ടുപേരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. സ്ഥലം മാറ്റിയവർ കോടതിവിധിയിലൂടെ കമ്പനിയിലേക്ക് തിരികെയെത്തിയെങ്കിലും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാതെ സ്ത്രീ തൊഴിലാളികളെ കമ്പനിയുടെ മൂലയ്ക്കിരുത്തുകയാണ് അധികൃതർ ചെയ്യുന്നത്. 

ഇത്തരം ഭീഷണികളെ എതിർത്തു നിൽക്കാനാവാതെ പലരും ജോലി ഉപേക്ഷിക്കുകയോ, സമ്മർദ്ദങ്ങളിൽ തളർന്ന് രോഗികളാവുകയോ ചെയ്യുന്ന സ്ഥിതിയാണുള്ളത്. ചില നേതാക്കളുടെ താല്പര്യങ്ങൾക്ക് വഴങ്ങികൊടുക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ബ്രിട്ടീഷ് കാലത്തു പോലും നടക്കാത്ത ക്രൂരതയും പീഡനവുമാണ് സ്ത്രീകൾക്ക് മാനേജ്മെന്റ് ഭാഗത്തുനിന്നും നേരിടേണ്ടിവരുന്നതെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. മാനേജ്മെന്റിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഈ സ്ത്രീ തൊഴിലാളികള്‍.

Eng­lish Summary:kottayam women tex­tiles workers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.