മരണമില്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ തകർപ്പൻ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ, നഗ്നസ്വഭാവമുള്ള ഒരു ചെറു കവിതയിൽ ക്ഷണിച്ചിരുത്തിയിരിക്കുകയാണ് അശോക് കുമാർ പെരുവ. കോവിഡ് കാലത്ത് എട്ടുകാലി മമ്മൂഞ്ഞ് എന്തു ചെയ്യുകയായിരുന്നു എന്നാണ് കവി അന്വേഷിക്കുന്നത്. കവിത ഇത്രേയുള്ളൂ.
വാക്സിനുകൾ നേടുവാൻ
പ്രാർത്ഥനയിലായിരു-
ന്നിക്കാലമത്രയും ഞാൻ.
നമുക്കതുവഴി
വാക്സിനുകളെത്തി.
തുടരാം മറന്നിട്ട
വചനപ്രഘോഷവും
ഭജനാരവങ്ങളും!
അതെ. പ്രതിരോധ കുത്തിവയ്പ്പിലൂടെ കോവിഡ് ഒരുവിധം നിയന്ത്രണാധീനം ആയപ്പോൾ ഉച്ചഭാഷിണിയുടെ അമിതമായ ഉപയോഗവും ഉച്ചിയിൽ തൊടീലും കാൽ കഴുകിക്കലും ഒക്കെയായി അവർ തിരിച്ചു വരികയാണ്. കെട്ടിപ്പിടിക്കുന്ന ആൾ ദൈവങ്ങൾക്ക് ഇപ്പൊഴും രോഗഭീതി മാറിയിട്ടില്ല. ഉടനെ അവരും ഗോദയിലെത്തും. ചിന്താശീലമുള്ള മനുഷ്യന്റെ പരാജയമാണ് ഈ കൊട്ടിഘോഷിച്ചുള്ള തിരിച്ചു വരവ്.
കൂട്ടപ്രാർഥന കൊണ്ടോ മൈക്ക് പ്രയോഗം കൊണ്ടോ ഒന്നും കോവിഡ് മഹാമാരിയെ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. മനുഷ്യരാശിയുടെ രക്ഷയ്ക്കെത്തിയത് സയൻസ് മാത്രമാണ്. അസംഖ്യം സഹോദരങ്ങള്‍ നഷ്ടപ്പെട്ടുവെങ്കിലും ഒടുവിൽ ശാസ്ത്രവും മനുഷ്യനും ഒന്നിച്ചു ജയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
അന്ധവിശ്വാസങ്ങൾക്ക് മുന്നിൽ ശാസ്ത്രം നിഷ്ക്രിയമായെങ്കിൽ ഒറ്റ മനുഷ്യൻ പോലും ഇന്ന് ലോകത്ത് അവശേഷിക്കുമായിരുന്നില്ല. നടപ്പുദീനക്കാലം കഴിഞ്ഞു മരവും മലയുമിറങ്ങി അപ്പുക്കിളി വരുമ്പോൾ ലോകം മരണമൗനത്തിന്റെ മണ്ണുടുപ്പിട്ടു കിടക്കുമായിരുന്നു. ശാസ്ത്രത്തിനാണ് നാം നന്ദി പറയേണ്ടത്.
മനുഷ്യരെല്ലാം ഭയപ്പാടിൽ കഴിഞ്ഞു കൂടിയ കോവിഡ് കാലത്ത് അത്ഭുത രോഗശാന്തിക്കാർ എവിടെ പോയിരുന്നുവെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ചരട് ജപിച്ചുകെട്ടിയും വെള്ളം ഊതിക്കൊടുത്തും അക്ഷരം കലക്കി കുടിപ്പിച്ചും കഴിഞ്ഞു കൂടിയവർ സ്റ്റാൻഡ് വിട്ടുപോകുകയും ഭക്ഷണക്കിറ്റിന് കൈ നീട്ടുകയും ചെയ്തു. രോഗശമന, പരീക്ഷാവിജയ യന്ത്രക്കാരെ അവരുപയോഗിച്ച മഷിയിട്ടു നോക്കിയാൽ പോലും കാണാതായി.
ജിന്നു പിടുത്തകാരും ചെകുത്താൻ വേട്ടക്കാരും മാളത്തിലൊളിച്ചു.
ലോകപ്രസിദ്ധ ആരാധനാ കേന്ദ്രങ്ങളെല്ലാം പൂട്ടി. അവയെല്ലാം വാക്സിൻ കണ്ടെത്തിയതിന്റെ ബലത്തിൽ നമ്മുടെ ദൗർബല്യങ്ങളെ ലക്ഷ്യമിടാൻ തുടങ്ങിയിട്ടുണ്ട്.
കോവിഡിനു ചിതറിപ്പിക്കാൻ കഴിയാതെപോയ ഒരേയൊരു കാര്യം ഇന്ത്യ കണ്ട ഐതിഹാസികമായ കർഷക സമരമാണ്. ആദ്യത്തെ തീവണ്ടിയിൽ തിരുനല്ലൂർ ചൂണ്ടിക്കാട്ടിയ വിയർപ്പിൻ ശക്തിയാവാം അതിനു കാരണം.
കോവിഡാനന്തരമുണ്ടായ അന്ധവിശ്വാസാധിഷ്ഠിത മരണവാർത്ത കണ്ണൂരിൽ നിന്നും എത്തിയിരിക്കുന്നു.
ബാലുവയലിലെ പതിനൊന്നുകാരി ഫാത്തിമയാണ് ഇരയായത്. പനി മാറാൻ വേണ്ടി നടത്തിയ പ്രാർഥനയുടെയും മന്ത്രിച്ചൂതിയതിന്റെയും ഫലമായാണ് ഫാത്തിമ കൊല്ലപ്പെട്ടതെന്ന് പൊലീസിൽ പരാതിപ്പെട്ടത് സഹോദരനാണ്. ഫാത്തിമയുടെ പിതാവും കുഞ്ഞിപ്പള്ളി ഇമാമും പോലീസ് കസ്റ്റഡിയിലായി.
മൂന്നു ദിവസം മന്ത്രവാദമായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്വാസകോശത്തിൽ അണുബാധയായിരുന്നു എന്നാണ് പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്.
കേരളത്തിലെ പുരോഗമനവാദികൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ദുർമന്ത്രവാദ നിരോധനനിയമം സംബന്ധിച്ച് സർക്കാർ നടപടി അടിയന്തിരമായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ സംഭവം വിളിച്ച് പറയുന്നുണ്ട്.
കോവിഡ് കാലത്ത് മാറിനിന്ന മനുഷ്യവിരുദ്ധമായ ദുരാചാരങ്ങൾ തിരിച്ചുവരാൻ അനുവദിക്കരുത്.
അശോക് കുമാർ പെരുവയുടെ എട്ടുകാലി മമ്മൂഞ്ഞ് എന്ന ചെറു കവിത വന്നത് ഇന്ന് എന്ന മിനിമാസികയിലാണ്.
പ്രമുഖ പ്രസിദ്ധീകരണങ്ങൾ അന്ധവിശ്വാസ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ കേരളത്തിലെ ചെറുമാസികകൾ പുരോഗമന പക്ഷത്തു നില്ക്കുന്നു എന്നത് ആശ്വാസകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.