3 May 2024, Friday

Related news

May 2, 2024
April 27, 2024
April 26, 2024
April 22, 2024
April 20, 2024
April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 9, 2024

മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്

സ്വന്തം ലേഖകന്‍
കോഴിക്കോട്
April 20, 2024 11:52 am

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകള്‍ സംഘടിക്കുകയും, സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇക്കാലത്ത്, വ്യത്യസ്തമായ ഒരു സമ്മേളനത്തിന് ഒരുങ്ങുകയാണ് കോഴിക്കോട്. അതാണ് മതരഹിതരുടെ കുടുംബ സംഗമം. എന്‍ ആര്‍ സി ( നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്) എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21 ഞായറാഴ്ച ഉച്ചക്ക് 2 മണിമുതല്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറിയിലെ ത്രീഡി തീയേറ്റര്‍ ഹാളിലാണ് പരിപാടി. 

ചടങ്ങ് പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ഒരു ചോദ്യപേപ്പറ്റില്‍ മതനിന്ദആരോപിച്ച് കൈപ്പത്തി വെട്ടിമാറ്റപ്പെട്ട് മലയാളികളുടെ നൊമ്പരമായ പ്രൊഫ. ജോസഫ്, ഇന്ന് അതിജീവനത്തിന്റെ പ്രതീകം കൂടിയാണ്. ‘അറ്റുപോവാത്ത ഓര്‍മ്മകള്‍’ എന്ന തന്റെ ആത്മകഥയിലൂടെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ജോസഫ് മാഷ് മതരഹിത സമൂഹത്തിന്റെ നിര്‍മ്മിതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. 

മതനിന്ദ ആരോപിക്കപ്പെട്ട്, രണ്ടുവര്‍ഷത്തോളം യുഎഇ ജയിലിലായ ഖാദര്‍ പുതിയങ്ങാടി എന്ന സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിക്കും. കഴിഞ്ഞ മൂന്ന് പതാറ്റിണ്ടിലേറെക്കാലമായി ശാസ്ത്ര പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ കെ പാപ്പുട്ടി, വിദ്യാഭ്യാസരംഗത്തെ മതവത്ക്കരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. 

മതം വിട്ട സ്ത്രീകള്‍ സംസാരിക്കുന്ന സെഷനാണ് ഈ പരിപാടിയുടെ എറ്റവും വലിയ പ്രത്യേകത. ഒരു പുരുഷന്‍ മതം വിടുന്നതിനേക്കാള്‍, നൂറായിരം പ്രശ്നങ്ങളാണ് ഒരു സ്ത്രീ മതം വിടുമ്പോള്‍ കാത്തിരിക്കുന്നത്. മതരഹിത ജീവിതം നയിക്കുന്ന ചില സ്ത്രീകള്‍ ഇവിടെ ജീവിതം പറയുകയാണ്. എം രഹ്ന, മരിയ കിരണ്‍, സോയ, ജാമിദ ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഗര്‍ഭധാരണവും, അനുബന്ധകാര്യങ്ങളെക്കുറിച്ചും പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ വി കെ ശിവദാസന്‍.
കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന യുക്തിവാദികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. എം അബ്ദുല്‍ അലിമാസ്റ്റര്‍, ഡോ ഗഫുര്‍, ഹരിദാസന്‍ അരങ്ങില്‍, കുഞ്ഞിരാമന്‍ അഴിഞ്ഞിലം, എം കെ ജനാര്‍ദ്ദനന്‍, ഹമീദ് നെച്ചോളി, അബൂബക്കര്‍ കണ്ണാടിക്കല്‍, ടി കെ രവീന്ദ്രനാഥ് എന്നിവരെയാണ് ആദരിക്കുന്നത്. 

തുടര്‍ന്ന് ‘അന്യായവൈകല്യങ്ങള്‍’ എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും സംസാരിക്കും. പാട്ടും നൃത്തവും അടങ്ങുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഇതോടൊപ്പം നടക്കുന്നുണ്ട്.

Eng­lish Sum­ma­ry: Kozhikode pre­pares for a fam­i­ly meet­ing of non-reli­gious people

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.