28 May 2024, Tuesday

Related news

May 24, 2024
May 23, 2024
May 21, 2024
May 12, 2024
May 8, 2024
May 6, 2024
May 2, 2024
April 27, 2024
April 26, 2024
April 26, 2024

സംസ്ഥാന സ്കൂൾ കലോത്സത്തിന് കോഴിക്കോട് ഒരുങ്ങി; കലാമാമാങ്കം ജനുവരി മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Janayugom Webdesk
കോഴിക്കോട്
December 28, 2022 8:52 pm

പാഠ്യ‑പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ നൈസർഗ്ഗിക കലാസാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ കോഴിക്കോട് നഗരം ഒരുങ്ങി. ജനുവരി മൂന്നുമുതൽ ഏഴുവരെ നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇത് എട്ടാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്. 2018‑ൽ പരിഷ്കരിച്ച മാന്വലിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് മേള സംഘടിപ്പിക്കുന്നത്. 

2009 മുതൽ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം കൂടി സ്കൂൾ കലോത്സവത്തിന്റെ ഭാഗമായതോടെ ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് (ഹൈസ്ക്കൂൾ വിഭാഗത്തിൽ തൊണ്ണൂറ്റിയാറും ഹയർ സെക്കന്ററി വിഭാഗത്തിൽ നൂറ്റി അഞ്ചും, സംസ്കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും) ഇനങ്ങളിലായി പതിനാലായിരത്തോളം 14000 വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. അന്യം നിന്നു പോകുമായിരുന്ന നാടൻകലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്കൂൾ കലോത്സവം നൽകിയ സംഭാവന എടുത്ത് പറയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. 

മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി ആയിരം രൂപ 1000 നൽകും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി കർത്താക്കളുടെ വിധി നിർണ്ണയത്തിന് എതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിന്റെ സുഗമമായ
നടത്തിപ്പിനായി 21 സബ്കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. വിശിഷ്ഠാതിഥികൾക്ക് നൽകാനുള്ള ബൊക്കേകൾ ക്രാഫ്റ്റ് അദ്ധ്യാപകരാണ് തയ്യാറാക്കിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കലോത്സവത്തിനെത്തുന്ന കുട്ടികളെയും, വിശിഷ്ഠ വ്യക്തികളേയും സ്വീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥികൾക്ക് ഉപഹാരമായി നൽകുന്നത് കോഴിക്കോട്ടെ പ്രസിദ്ധരായ എഴുത്തുകാരുടെ കൈയ്യൊപ്പിട്ട പുസ്തകങ്ങളാണ്. 

പ്രധാനവേദിയായ വിക്രംമൈതാനിയിലെ കൊടിമരത്തിൽ മൂന്നിന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. രജിസ്ട്രേഷൻ കോഴിക്കോട് ഗവ. മോഡൽ സ്കൂളിൽ രണ്ടിന് രാവിലെ 10. 30 മുതൽ ആരംഭിക്കും. ഒരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് അക്കോമഡേഷൻ സൗകര്യം ആവശ്യമുണ്ടെങ്കിൽ അത് രേഖപ്പെടുത്തുവാനുള്ള സൗകര്യം വെബ്പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 20 സ്കൂളുകൾ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ സെന്ററുകളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും. 

മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. അതിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലേത് പോലെ പഴയിടം നമ്പൂതിരിയാണ് ഈ വർഷവും ഭക്ഷണം പാചകംചെയ്യുക. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നത്. 24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് മത്സരവേദികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മാനസിക സമ്മർദ്ധം കുറക്കുന്നതിന് വേണ്ടിയും കലോത്സവ സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ അടുത്ത ദിവസം റിലീസ് ചെയ്യും. പൊലീസ് വകുപ്പുമായി ചേർന്നുകൊണ്ട് കോഴിക്കോട് ജില്ലയിലെ 11 സ്കൂളുകളിലെ എൻസിസി, എസ് പി സി, സ്കൗട്ട് & ഗൈഡ്സ്, ജെആർസി കുട്ടികളുടെ സേവനം എല്ലാ വേദികളിലും ലഭ്യമാക്കും. 

ഇരുപത്തിയെട്ടാമത് കേരള സ്കൂൾ കലോത്സവത്തിൽ നിലവിൽ വന്ന 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നൽകും. എ ഗ്രേഡ് നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും, മറ്റ് ഗ്രേഡുകൾ നേടുന്ന കുട്ടികൾക്കും മൊമന്റോ നൽകും. സ്കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മൂന്നിന് രാവിലെ 10 മണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജനുവരി 7‑ന് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. റവന്യൂ- ഭവന നിർമ്മാണ മന്ത്രി കെ രാജൻ സുവനീർ പ്രകാശനം നിർവഹിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, പൊതുവിദ്യാഭ്യാസ ഡയരക്ടർ ജീവൻ ബാബു, ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ ആർഡിഡി പി എം അനിൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Eng­lish Summary;Kozhikode ready for state school festival
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.