27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 9, 2024
December 8, 2024
December 3, 2024
November 24, 2024
October 2, 2024
September 20, 2024
September 17, 2024
September 14, 2024

കെപിസിസി പുനസംഘടന; വിട്ടുവീഴ്ചയില്ലാതെ ഇരുകൂട്ടരും, സോണിയയുടെ നിലപാടിനായി കാത്തിരിപ്പ്

പുളിക്കല്‍ സനില്‍രാഘവന്‍
November 17, 2021 10:42 am

കെപിസിസി പുനഃസംഘടന നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഉമ്മൻചാണ്ടി ഡൽഹിയിലെത്തി പാര്‍ട്ടി അദ്ധ്യക്ഷസോണിയ ഗാന്ധിയെ കാണും. എന്നാല്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ കെ.സുധാകരന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസിൽ പോര്‌ കൂടുതൽ മുറുകി.സോണിയാഗാന്ധിയെ ബുധനാഴ്‌ച കണ്ട്‌ നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികൾ അക്കമിട്ട്‌ നിരത്താനാണ്‌ ഉമ്മൻചാണ്ടിയുടെ ശ്രമം. ഇതേപരാതിയുമായി രമേശ്‌ ചെന്നിത്തലയും ഉടനെ ഡൽഹിയിലെത്തും. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന കർശന നിലപാടിലാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. 

കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഉമ്മൻചാണ്ടി കണ്ടതിന് പിന്നാലെ പുനഃസംഘടനയ്ക്കുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രതികരണം പരസ്യഏറ്റുമുട്ടലിനും മടിക്കില്ലെന്നതിന്റെ സൂചനയാണ്‌.24, 25 തീയതികളിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പുനഃസംഘടനാ മാനദണ്ഡങ്ങൾക്ക് അന്തിമരൂപം നൽകാനാണ്‌ തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടി പിടിക്കാൻ കോൺഗ്രസിൽ കരുനീക്കം സജീവം. എല്ലാ ജില്ലാകളിലും അധിപത്യം നേടാനാണ് കെ സുധാകരനും വിഡി സതീശനും കെസി വേണുഗോപാലും അടങ്ങുന്ന പുതിയ ഗ്രൂപ്പിന്റെ നീക്കം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. തന്റെ അതിവിശ്വസ്തരെ വെട്ടിവീഴ്‌ത്താനാണ് സുധാകരന്റെ ശ്രമമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. തിരുവനന്തപുരത്ത് എംഎ ലത്തീഫിനെ പുറത്താക്കിയത് ഇതിന്റെ ആദ്യ പടിയാണ് എന്ന് ഉമ്മൻ ചാണ്ടി കരുതുന്നു. അതിനിടെ ലത്തീഫിനെതിരെ കൂടുതൽ ശക്തമായ നടപടികൾക്ക് ഔദ്യോഗിക പക്ഷം കടക്കുകയാണ്.

അതിനിടെ, ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനും മുൻ കെപിസിസി സെക്രട്ടറിയുമായ എം എ ലത്തീഫിന്റെ വിശദീകരണം കെ സുധാകരൻ തള്ളി. ലത്തീഫിനെതിരെ കൂടുതൽ അന്വേഷണം നടത്താൻ ജനറൽ സെക്രട്ടറിമാരായ ടി യു രാധാകൃഷ്‌ണൻ, അഡ്വ. പിഎം നിയാസ്‌ എന്നിവരെ നിയോഗിച്ചു. ഒരുവിട്ടുവീഴ്ചയുമില്ലെന്നാണ് ഇതിലൂടെ കെ സുധാകരനും വി ഡി സതീശനും വ്യക്തമാക്കുന്നത്. വിമർശം വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന്‌ എം എ ലത്തീഫിനെ പുറത്താക്കാനുള്ള തന്ത്രമാണ്‌ സുധാകരൻ ഒരുക്കുന്നത്‌. അച്ചടക്ക വാൾ വീശി എ, ഐ ഗ്രൂപ്പുകളിൽ ചോർച്ചയുണ്ടാക്കാനാണ്‌ നീക്കം. ഇത്‌ മനസ്സിലാക്കിയാണ്‌ സോണിയാഗാന്ധി വഴി തിരിച്ചടിക്കാൻ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും പുറപ്പാട്‌. കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ്‌ കെ സുധാകരനും വി ഡി സതീശനും നീങ്ങുന്നത്‌. എം.എ. ലത്തീഫിന്റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ കെപിസിസി. രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു നോട്ടീസ് പോലും നൽകാതെ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾക്കു വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചത്. 

കെപിസിസി. ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, അഡ്വ. പി.എം. നിയാസ് എന്നിവരാണ് സമിതിയംഗങ്ങൾ. ഇതിനിടെ കോഴിക്കോട്ടെ ഗ്രൂപ്പ് മീറ്റിംഗിൽ നടപടിയുമില്ല. ടി സിദ്ദിഖ് വർക്കിങ് പ്രസിഡന്റായതു കൊണ്ടാണ് ഇത്. അംഗത്വ വിതരണത്തിലും സുധാകരനും കൂട്ടരും പിടിമുറക്കും, അംഗത്വം ഓൺലൈനായി നൽകുമെന്ന ‘ഓഫർ’ ഇതിനകം ചിലർ പ്രഖ്യാപിച്ചു കഴിഞ്ഞു. അത്തരമൊരു അംഗത്വരീതി കോൺഗ്രസ് തുടങ്ങിയിട്ടില്ലെന്നാണ് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചത്. ഓൺലൈൻ അംഗത്വം നൽകുന്നുണ്ടെന്ന പരാതി കെപിസിസി.ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.ഓൺലൈൻ അംഗത്വരീതി തുടങ്ങുമ്പോൾ കെപിസിസി. ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഗ്രൂപ്പുരഹിത കൂട്ടായ്മയ്‌ക്കൊരുങ്ങാനാണ് ശ്രമിക്കുന്നത്. ഈ കൂട്ടായ്മ ഒരു ഗ്രൂപ്പായി മാറി. കെസി വേണുഗോപാലും തൽകാലം ഈ ഗ്രുപ്പിനെ പിന്തുണയ്ക്കും. എയും ഐയും ചേരുന്ന സംയുക്ത കൂട്ടുകെട്ടിനെ തകർക്കാനാണ് ഇത്. അതിനിടെ ചില നേതാക്കൾക്കെതിരേയുള്ള അച്ചടക്ക നടപടി ഗൂഢാലോചനയാണെന്ന വാദം ശക്തമാണ്. ലത്തീഫിനെ സസ്‌പെന്റ് ചെയത്ത തിരുവനന്തപുരത്ത് മുൻതൂക്കം നേടാനുള്ള ശ്രമമാണെന്നാണ് ആരോപണം.സർവീസ് സംഘടനകളിലടക്കം നേതൃത്വം പിടിക്കാനുള്ള ശ്രമം ഇതൊക്കെയാണ് സുധാകരന്റെയും സതീശന്റെയും നടപടികളെ സംശയത്തിൽ നിർത്താൻ എ, ഐ ഗ്രൂപ്പുകൾ ഉയർത്തിക്കാണിക്കുന്നത്. 

പാർട്ടി അധികാരത്തിന്റെ സ്വാധീനം സുധാകരൻ പ്രകടിപ്പിക്കുന്നുവെന്നതാണ് ആക്ഷേപം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നുവെങ്കിൽ പുനഃസംഘടന വേണ്ടെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെടുന്നതിന്റെ കാരണവും ഇതാണ്. പരമാവധി അംഗങ്ങളെ ചേർത്തുനിർത്താനുള്ള ശ്രമം ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പ് ഇതര നേതാക്കളും തുടങ്ങിയിട്ടുണ്ട്.തലസ്ഥാന ജില്ലയിലെ എ ഗ്രൂപ്പിന്റെ പ്രധാന സംഘാടകനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ മുൻ കെപിസിസി സെക്രട്ടറി എം.എ. ലത്തീഫിനെ സസ്‌പെൻഡ് ചെയ്തതിനെതിരെ എ, ഐ ഗ്രൂപ്പുകളിൽ അമർഷം പുകയുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ മൂന്നിടങ്ങളിലായി ലത്തീഫിന്റെ അനുയായികൾ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഹൈക്കമാൻഡിനും ഇ‑മെയിലിൽ പരാതികൾ പോയിക്കഴിഞ്ഞു. ലത്തീഫിനെതിരായ നടപടി ഒരു പ്രകോപനവുമില്ലാതെയാണെന്ന ആക്ഷേപമാണ് ഗ്രൂപ്പ് പ്രമുഖർ ഉന്നയിക്കുന്നത്.പാർട്ടിക്കകത്ത് അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ തന്നെ സസ്‌പെൻഡ് ചെയ്ത് കെ.സുധാകരൻ.

സസ്‌പെൻഷൻ തീരുമാനം അറിയിച്ചുള്ള ഉത്തരവിനൊപ്പം പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും ലത്തീഫിന് നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം തൃപ്തികരമായ മറുപടിയുണ്ടായില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പി.എസ്.പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോൾ അദ്ദേഹം പാർട്ടി വിട്ട് പോയി. മറ്റൊരു എ ഗ്രൂപ്പ് പ്രമുഖനായ മുൻ എംഎ‍ൽഎ കെ.ശിവദാസൻ നായരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. പക്ഷേ അച്ചടക്കലംഘനം നടത്തിയെന്ന കാരണത്താൽ പിന്നീടുണ്ടായ പുനഃസംഘടനയിൽ അദ്ദേഹത്തെ പരിഗണിച്ചില്ല.ഉമ്മൻചാണ്ടി ഡൽഹിയിലെത്തിയത്‌ അപ്രതീക്ഷിത നീക്കമായി നേതൃത്വം കണക്കിലെടുക്കുന്നില്ല. ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഹൈക്കമാൻഡിൽനിന്ന്‌ പിന്തുണ കിട്ടില്ലെന്നാണ്‌ നേതൃത്വത്തിന്‌ കിട്ടിയ സൂചന. പുനഃസംഘടന അട്ടിമറിക്കാനും ഗ്രൂപ്പ്‌ ശക്തമാക്കാനുമുള്ള നീക്കമെന്ന്‌ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാൽ മുഖേന ധരിപ്പിക്കാനും കളമൊരുക്കി. സോണിയാ ഗാന്ധിയുടെ നിലപാടാണ്‌ ഗ്രൂപ്പുകളും പുതിയ നേതൃത്വവും ഉറ്റുനോക്കുന്നത്‌. പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻഡ്‌ നിർദേശിച്ചാൽ രണ്ടും കൽപ്പിച്ച്‌ ഗ്രൂപ്പുകൾ രംഗത്തിറങ്ങിയേക്കും. രാഹുല്‍ ഗാന്ധി നേരത്തെ മുതല്‍ ഗ്രൂപ്പ് നേതാക്കളോടു വലിയ താല്‍പര്യം കാട്ടിയിരുന്നില്ല.മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി മൗനം പാലിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry : kpcc recon­sti­tu­tion wait­ing for sonia gand­his response

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.