27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 7, 2024
July 5, 2024
June 29, 2024
June 26, 2024
June 25, 2024
June 24, 2024
June 22, 2024
June 22, 2024
June 14, 2024

ലക്ഷ്യം കലാപം ; രണ്ടാം ദിവസവും തലസ്ഥാനത്ത് വന്‍ അക്രമം, ഇത്തവണ കെഎസ്‌യു

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
December 21, 2023 8:18 pm

നവകേരള സദസിലെ വന്‍ ജനപങ്കാളിത്തത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസിന്റെ ലക്ഷ്യം സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുക തന്നെയെന്ന് തെളിയുന്നു. ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഇന്ന് കെഎസ്‌യു പ്രവര്‍ത്തകരായിരുന്നു രംഗത്ത്. പൊലീസിനെ ആക്രമിച്ചും പൊതുമുതല്‍ നശിപ്പിച്ചും കെഎസ്‌യു പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരസ്യമായ കലാപാഹ്വാനത്തിന് പിറകെയായിരുന്നു കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിലും അക്രമം നടത്തിയത്. ഇന്ന് ഡിജിപി ഓഫിസ് മാര്‍ച്ചിന്റെ പേരിലായിരുന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കല്ലും വടികളും മുളകുപൊടിയും ഗോലിയുമുള്‍പ്പെടെ കയ്യില്‍ കരുതിയായിരുന്നു ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനായി പ്രവര്‍ത്തകര്‍ എത്തിയത്.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാനെന്ന പേരിലാണ് കെഎസ്‌യു പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. നവകേരള സദസിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചുകൊണ്ടാണ് മാര്‍ച്ച് പൊലീസ് ആസ്ഥാനത്തിന് മുന്നിലേക്ക് എത്തിയത്. അക്രമത്തിന് കോപ്പുകൂട്ടി എത്തിയ പ്രവര്‍ത്തകര്‍ സമരത്തിന്റെ തുടക്കത്തില്‍ തന്നെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചു.

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ കല്ലുകളും വടികളുമായി പൊലീസിനെ ആക്രമിച്ചു. പൊലീസിന് നേരെ ചീമുട്ടയും ബിയർ കുപ്പിയും ഗോലിയും എറിഞ്ഞു. കല്ലേറിന് പുറമെ പൊലീസിന് നേരെ മുളകുപൊടിയുമെറിഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ ഓടിച്ചു. പൊലിസിനെ എറിയാൻ കൊണ്ടുവന്ന ഗോലികൾ പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്നും പരിസരപ്രദേശങ്ങളിലെല്ലാം സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും നശിപ്പിക്കുകയും സിഐടിയു പ്രവര്‍ത്തകനെ ആക്രമിക്കുകയും ചെയ്തതോടെ വീണ്ടും സംഘര്‍ഷമായി.

തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് സംഘര്‍ഷം ശമിപ്പിക്കാന്‍ പൊലീസിന് സാധിച്ചത്. പരീക്ഷക്കായി വിദ്യാർത്ഥികളുമായി പോയ സ്കൂൾവാഹനങ്ങൾ ഉള്‍പ്പെടെ കെഎസ്‌യു സമരത്തെ തുടർന്ന് വഴിയിൽ കുടുങ്ങി. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാത്യു കുഴൽനാടൻ എംഎൽഎ, കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ എന്നിവരടക്കമുള്ളവർക്കെതിരെ കേസ് എടുത്തു.

ബുധനാഴ്ച നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഘർഷങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരെയാണ് കേസ്.

പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എആർ ക്യാമ്പിൽ നിന്ന് ചാടിപ്പോയതിനടക്കം അഞ്ച് കേസുകളുമുണ്ട്. ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡിസിസി ഓഫിസിനും മുന്നിൽനടന്ന അക്രമങ്ങളില്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തിരുന്നു. പൂജപ്പുര സിഐ റോജ, കന്റോണ്‍മെന്റ് എസ്ഐ ദിൽജിത്ത് തുടങ്ങി എട്ടു പൊലീസുകാർക്ക് സാരമായി പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: ksu dgp office march in trivandrum
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.