27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 16, 2024
July 12, 2024
July 11, 2024
July 10, 2024
July 9, 2024
July 8, 2024
June 21, 2024

കുക്കി വനിതകള്‍ വയനാട്ടിലെത്തി പറയുന്നു; അവരുടെ ശബ്ദമാകാന്‍ ആനി രാജ വേണം

Janayugom Webdesk
കല്‍പ്പറ്റ
April 5, 2024 10:37 pm

കലാപം കത്തിപ്പടര്‍ന്ന നാളുകളില്‍ സാന്ത്വനമായി ഓടിയെത്തിയ ആനി രാജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ കുക്കി വനിതകളുടെ സംഘം വയനാട്ടില്‍. പാർലമെന്റിൽ ആനി രാജയുടെ സാന്നിധ്യം മണിപ്പൂരിലെ കുക്കി ജനത ആഗ്രഹിക്കുന്നതായി യുഎൻഎയു ട്രൈബൽ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫെ ഹുൻജാൻ കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യഥയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ഏതറ്റംവരെയും പോകുന്ന വനിതയാണ് ആനി രാജയെന്ന് ഹുൻജാൻ പറഞ്ഞു. ബിജെപി ഭരണകൂടത്തിന്റെ പിന്തുണയോടെ ആസൂത്രിത കലാപം മണിപ്പൂരിൽ കുക്കി ജനതയുടെ ജീവിതം ദുഃസഹമാക്കിയപ്പോൾ ആശ്വാസത്തിനായി ഓടിയെത്തിയവരുടെ മുൻനിരയിലായിരുന്നു അവര്‍. കലാപത്തിനിരയായവരുടെ ഭവനങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും എത്തി വസ്തുതകൾ മനസിലാക്കാനും അത് പുറംലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനും തന്റേടം കാട്ടി. 

മണിപ്പൂരിലെത്തിയ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ വർക്കിങ് സെക്രട്ടറി നിഷ സിദ്ധു, സെക്രട്ടറി ഡോ. കവൽഡിത്ത് ഡില്ലോ, സുപ്രീം കോടതി അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവരടങ്ങുന്ന വസ്തുതാന്വേഷണ സംഘത്തെ നയിച്ചത് ആനി രാജയാണ്. സ്വന്തം ജീവൻ പോലും പണയംവച്ചും ത്യാഗം സഹിച്ചും കലാപബാധിത പ്രദേശങ്ങളിൽ ദിവസങ്ങളോളം സഞ്ചരിച്ച് തയ്യാറാക്കി സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച റിപ്പോർട്ട് കുക്കി ജനത അനുഭവിച്ച നൊമ്പരത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ആഴം തുറന്നുകാട്ടുന്നതായിരുന്നു. മണിപ്പൂർ കലാപം ഭരണകൂട സൃഷ്ടിയാണെന്ന് തുറന്നടിക്കാനുള്ള ധൈര്യം ആനി രാജ കാട്ടി. ഇതിന്റെ പേരിലാണ് അവർ ഉൾപ്പെടെയുള്ളവർക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തത്. കൊടിയ പീഡനങ്ങൾക്ക് ഇരയായ കുക്കി വനിതകൾക്ക് വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് ആനി രാജയും സംഘവും നൽകിയത്. അവര്‍ പാർലമെന്റ് അംഗമാകുന്നത് വയനാടിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണം ചെയ്യുമെന്നും ഹുൻജാൻ പറഞ്ഞു. 

കലാപബാധിത കുക്കി കുടുംബങ്ങളിൽ നിന്നുള്ള 150 വിദ്യാർത്ഥികൾ കേരളത്തിലാണ് വിദ്യാഭ്യാസം തുടരുന്നത്. ഇതിൽ 12 പേർ വയനാട്ടിലാണ്. മാനന്തവാടി മേരി മാതാ കോളജിൽ പഠിക്കുന്ന കുക്കി കുട്ടികളെ ഹുൻജാൻ നേരിൽക്കണ്ടു. വലിയ സഹായമാണ് കേരളം നല്‍കിയത്. കലാപത്തെത്തുടർന്ന് പഠനം മുടങ്ങിയ അനേകം നഴ്സിങ് വിദ്യാർത്ഥികൾ ഇംഫാലിലും പരിസരങ്ങളിലുമുണ്ട്. ഇവരിൽ കുറച്ചുപേർക്കെങ്കിലും പഠനം തുടരാനുള്ള സാധ്യത ആരാഞ്ഞിട്ടുണ്ട്.
വായനയിലൂടെ അറിഞ്ഞ വയനാടിനെ നേരിൽക്കാണുകയെന്നത് ദീർഘകാലത്തെ ആഗ്രഹമായിരുന്നുവെന്നും ഹുൻജാൻ പറയുന്നു.

Eng­lish Sum­ma­ry: Kuki women come to Wayanad and say; We need Annie Raja to be their voice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.