22 December 2024, Sunday
KSFE Galaxy Chits Banner 2

അങ്ങനെ പോയ ഒരാള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
December 7, 2023 4:30 am

‘തഥാഗതന്‍’ അഥവാ അങ്ങനെ പോയവര്‍ ശ്രീബുദ്ധനെ പരാമര്‍ശിച്ചുകൊണ്ടുള്ള ടി പി രാജീവന്റെ ഒരു കവിതയാണ്. അതിലൊരിടത്ത് ഇങ്ങനെ പറയുന്നു:
“സ്വന്തം മുറിവുകളില്‍ യാത്രപോയവര്‍
വിഫലയാനങ്ങളുടെ ഹീനവര്‍ഷങ്ങള്‍ കഴിഞ്ഞ്
ചിതമ്പലുകള്‍ കൊഴിഞ്ഞ്
മാംസമഴുകി
തിരിച്ചെത്തി
നിലവിളികള്‍ പ്രതിധ്വനിക്കാത്ത തീരങ്ങളില്‍
ആത്മാഹുതിക്കായി കയറിക്കിടന്നു”

ബുദ്ധന്‍ മുതലിങ്ങോട്ട്, ക്രിസ്തുമുതലിങ്ങോട്ട്, മാര്‍ക്സും ഗാന്ധിയും, ഫാദര്‍ ഡാമിയനും മുതല്‍ ചെഗുവേരയും, ഫാദര്‍ സ്റ്റാന്‍സ്വാമിയും വരെ അങ്ങനെപോയവരുടെ പട്ടിക അനന്തമായി നീളുന്നു. ഇവരെല്ലാവരും മനുഷ്യജീവിതത്തില്‍ അവന്റെ സങ്കടങ്ങളുടെ മോചനത്തിനായുള്ള മാര്‍ഗങ്ങള്‍ തേടിയവരാണ്. ചിലര്‍ സൂര്യനെപോലെ പ്രകാശിച്ചു, ചിലര്‍ രാത്രിയുടെ ഇരുട്ടില്‍ വഴിവിളക്കുകളായി നിന്നു. ചിലര്‍ ഇത്തിരിവെട്ടം നല്‍കിയ മെഴുകുതിരികളായി ഉരുകിത്തീര്‍ന്നു. എഴുത്തുകാര്‍, കവികള്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍, കാലപ്രവാഹത്തില്‍ ഇവരെല്ലാം അശരണരുടെ പ്രതീക്ഷയുടെ തുരുത്തുകളായി നിലനിന്നു.
പക്ഷെ ജീര്‍ണിച്ച യാഥാസ്ഥിതികരുടെ പ്രളയത്തിന്റെ കത്തൊഴുക്ക് മാനവികത ആര്‍ജിച്ച സംസ്കാരത്തിന്റെ എല്ലാ അടയാളങ്ങളും കടപുഴക്കിക്കൊണ്ട് സംഹാരതാണ്ഡവമാടുന്ന ഒരു കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. എല്ലാ ക്രൗര്യത്തോടെയും ശംബൂകന്‍മാരുടെ തലയറുത്തുകൊണ്ട് ലോകം മുഴുവന്‍ യാഥാസ്ഥിതികത ഫണം വിടര്‍ത്തി നില്‍ക്കുന്ന കാലത്ത്. വാര്‍ത്തകളില്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിറഞ്ഞുനിന്ന ദിവസം ഡോ. എം കുഞ്ഞാമന്‍ എന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തന്റെ വ്യത്യസ്തമായ ചിന്തകളും നിഗമനങ്ങളും ബാക്കി നിര്‍ത്തിക്കൊണ്ട് കടന്നുപോയി.


ഇതുകൂടി വായിക്കൂ: അച്യുതമേനോന്‍ സര്‍ക്കാരിന്റെ കേരള മോഡല്‍


കേരളത്തിന്റെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ചില്‍ സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ നടത്തിയ ദേശീയ സെമിനാറില്‍ “സുസ്ഥിര വികസന നിര്‍വഹണം അഭിമുഖീകരിക്കേണ്ടിവരുന്ന വൈരുധ്യങ്ങള്‍” എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഡോ. കുഞ്ഞാമന്‍ പറഞ്ഞു: “വികസനം മരിച്ചുകഴിഞ്ഞു. വികസനത്തിന്റെ മരണവാര്‍ത്ത സകലയിടങ്ങളിലും പരന്നുകഴിഞ്ഞു. ആഗോള സാമ്പത്തിക വികസനത്തിന്റെ രണ്ട് നെടുംതൂണുകള്‍ സാങ്കേതികതയും കമ്പോളവുമാണ്. ഉദാരതാവാദവും ക്ലാസിക്കല്‍ വ്യക്തിവാദവും സാര്‍വത്രികമായി അഭിരമിക്കപ്പെടുന്നു. ആദം സ്മിത്തിന് ഒരു സാധൂകരണം തേടുന്നു. മുകളറ്റത്തുനിന്ന് ആരംഭിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികളും കോണ്‍ട്രാക്ടര്‍മാരും എന്‍ജിഒകളും ചേര്‍ന്ന് ഒരു വികസന സ്ഥാപനമായി പ്രവര്‍ത്തിച്ച് ആ സ്ഥാപനത്തിനുവേണ്ടിയാണ് വികസനം എന്ന പ്രക്രിയ നടപ്പിലാക്കുന്നത് എന്ന ധീരമായ പ്രഖ്യാപനമാണ് ഡോ. കുഞ്ഞാമന്‍ നടത്തിയത്. അത് എല്ലാ ബദല്‍ വികസന മാതൃകകളെയും തിരസ്കരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഡോ. കുഞ്ഞാമന്റെ ദര്‍ശനങ്ങള്‍ മുതലാളിത്ത വികസനസങ്കല്പങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുന്നു. പച്ചയായ സത്യങ്ങള്‍ മുഖത്തുനോക്കിത്തന്നെ വിളിച്ചു പറയുന്നു. “ദരിദ്രരോട് സംസാരിക്കുക, ദരിദ്രരെപ്പറ്റി സംസാരിക്കുക, ദരിദ്രര്‍ക്കുവേണ്ടി സംസാരിക്കുക എന്നിവ ഇപ്പോള്‍ ഒരു ഫാഷനായിരിക്കുന്നു. എന്നാല്‍ ദരിദ്രരോട് ചേര്‍ന്ന് സംസാരിക്കുക എന്നത് കുഴപ്പം പിടിച്ച ഒരു പരിപാടിയാണെന്ന് എല്ലാവരും കരുതുന്നു. ദരിദ്രര്‍ വികസനം ആവശ്യപ്പെടുന്നില്ല. അവര്‍ ആവശ്യപ്പെടുന്നത് വിഭവങ്ങളാണ്. വിദ്യാഭ്യാസവും തൊഴിലും സാമൂഹ്യ സുരക്ഷയുമാണ്. ജനങ്ങളില്‍ ആരുംതന്നെ ആദായമുണ്ടാക്കുന്നതിന് എതിരല്ല. അവര്‍ ആദിമസഞ്ചയത്തിന് എതിരാണ്.”

വാടാനംകുറിശി എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനിച്ച കുഞ്ഞാമന്‍ കരിമ്പനക്കാടുകളിലൂടെ ആഞ്ഞുവീശുന്ന കൊടുംചൂടുള്ള കാറ്റും ദരിദ്രരായ മാതാപിതാക്കളുടെ ജീവിത പ്രാരാബ്ധങ്ങളും പട്ടിണിയും ദുരിതവും കണ്ടും അനുഭവിച്ചുമാണ് വളര്‍ന്നത്. സ്കൂള്‍കാലം മുതല്‍ ജാതിവിവേചനം‍ അനുഭവിക്കാനാരംഭിച്ചത് ജീവിതയാത്രയിലുടനീളം തുടര്‍ന്നു. സാമൂഹ്യ സാഹചര്യങ്ങളോട് നിരന്തരം പോരാടിക്കൊണ്ട് പാടത്തും പറമ്പിലും പാലക്കാടന്‍ വെയിലത്ത് അധ്വാനിച്ചുകൊണ്ട് കുഞ്ഞാമന്‍ വിക്ടോറിയ കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ എംഎ ബിരുദം നേടി. സിഡിഎസില്‍ നിന്ന് എംഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിനള്ള പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയെങ്കിലും നിയമനം ലഭിക്കാന്‍ വീണ്ടും ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നു. അവസാനം വലിയ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ ഒന്നാം റാങ്കുകാരനായി സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് സര്‍വകലാശാല ഔദാര്യം കാട്ടി. പിന്നാലെ വന്ന റാങ്കുകാര്‍ ജോലിയില്‍ പ്രവേശിച്ച് ശമ്പളം വാങ്ങുമ്പോള്‍ കുഞ്ഞാമന്‍ എംഎക്ക് ഒന്നാം റാങ്കിന് കിട്ടിയ സ്വര്‍ണ മെഡല്‍ വിറ്റ് വിശപ്പടക്കി. കേരള യൂണിവേഴ്സിറ്റിയിലും തുടര്‍ന്ന് ബോംബെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി ദീര്‍ഘകാലം ജോലി ചെയ്തു.


ഇതുകൂടി വായിക്കൂ: മുന്നേ നടന്നവര്‍, സൂര്യകിരണമായ് പെയ്തവര്‍


ജീവിതാനുഭവങ്ങള്‍ നിര്‍മ്മയമാക്കിയ മനസോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥാന്തരങ്ങള്‍ പഠിച്ച ഡോ. കുഞ്ഞാമന്‍ “ഡെവലപ്മെന്റ് ഓഫ് ട്രൈബല്‍ ഇക്കോണമി, സ്റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഇക്കണോമിക് ഡെവലപ്മെന്റ് ആന്റ് സോഷ്യല്‍ ഗ്ലോബലേസേഷന്‍, ലാന്റ് റിലേഷന്‍സ് ഇന്‍ ഇന്ത്യ, എ ക്രിട്ടിക്കല്‍ പെഴ്സ്പക്ടീവ്, വുമന്‍ എംപവര്‍മെന്റ് ത്രു റീസര്‍വേഷന്‍ ഇന്‍ ഇന്ത്യന്‍ ലെജിസ്ലേച്ചേഴ്സ്, റീ വിസിറ്റിങ് ഡെവലപ്മെന്റ് ഇന്‍ ദ ഇറ ഓഫ് ഗ്ലോബലൈസേഷന്‍ ചലഞ്ചസ് ആന്റ് റെസ്പോന്‍സ്‍, റൂറല്‍ ഡെവലപ്മെന്റ് പ്രോജക്ട്സ് പോളിസി പ്ലാനിങ് ആന്റ് മാനേജ്മെന്റ് എന്നീ പുസ്തകങ്ങളില്‍, സാമ്പത്തികശാസ്ത്രം എങ്ങനെ അധഃസ്ഥിതന്റെ ജീവിതോന്നമനത്തിനായി പ്രയോജനപ്പെടുത്തണം എന്ന് ചിന്തിക്കുന്നു. ഈ ചിന്തകള്‍ ദന്തഗോപുരങ്ങളില്‍ നിന്നുള്ള ദൂരക്കാഴ്ചകളല്ല, ഭൂമിയില്‍ വേരുറപ്പിച്ചുകൊണ്ടുള്ള അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും നേര്‍ക്കാഴ്ചകളാണ്. അതിനാല്‍ത്തന്നെ അവ വ്യത്യസ്തവും വ്യതിരിക്തവുമാണ്.
‘പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന ഒരു ബഹുവര്‍ഗ‑ബഹുജാതി സമൂഹത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഏറ്റവും മൂര്‍ത്തവുമായ ഒരു ലക്ഷ്യത്തെ സ്വീകരിക്കാന്‍ സാധ്യമല്ല. ധനവിഭവങ്ങള്‍ സര്‍ക്കാര്‍ തന്നെ നിയന്ത്രിക്കുകയും ഉടമസ്ഥതയിലാക്കുകയും ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്രീകൃത ആസൂത്രണം എന്ന സമ്പ്രദായത്തിലാണ്. ആ സമ്പ്രദായത്തില്‍ ആസൂത്രണത്തിന്റെ നേട്ടങ്ങള്‍ തുല്യമായി എല്ലാവരിലും എത്തുന്നു’ എന്നത് ഡോ. കുഞ്ഞാമന്റെ സോഷ്യലിസ്റ്റ് വികസന മാതൃകയിലുള്ള ഭരണകൂടത്തെക്കുറിച്ചുള്ള നല്ല നിരീക്ഷണമാണ്. വികസന പരിപ്രേക്ഷ്യങ്ങള്‍ക്ക് നേരെ വിമര്‍ശനാത്മകമായ സമീപനം എന്നും സ്വീകരിച്ചിട്ടുള്ള ഡോ. കുഞ്ഞാമന്‍ ഭൂപരിഷ്കരണം, ആസൂത്രണം, വികസനം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളോട് സത്യസന്ധവും വ്യക്തവുമായ നിലപാടുകള്‍ പുലര്‍ത്തി.


ഇതുകൂടി വായിക്കൂ: എഴുത്ത് തുടര്‍ന്നുകൊണ്ടേയിരിക്കും


ജീവിതത്തിലും ദര്‍ശനങ്ങളിലും കറപുരളത്ത സത്യസന്ധത പുലര്‍ത്തിയ അനേകം ചിന്തകന്‍മാര്‍,‍ പ്രൊഫ. എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് എന്നിവരൊക്കെ വെടിയുണ്ടയ്ക്കിരയാവുകയും മറ്റനേകം ബുദ്ധിജീവികളും കലാകാരന്മാരും കല്‍ത്തുറുങ്കിലടക്കപ്പെടുകയും ചെയ്ത ആസുരമായ കാലത്ത്, രോഹിത് വെമൂലയെപ്പോലെയുള്ള ചെറുപ്പക്കാര്‍ ആത്മഹത്യയിലഭയം തേടുന്ന കാലത്ത് ഡോ. കുഞ്ഞാമന്‍ എന്ന ഇന്ത്യയിലെ പ്രഗത്ഭനായ സാമ്പത്തിക ശാസ്ത്രജ്ഞനും മരണം സ്വയം തിരഞ്ഞെടുത്തു എന്നത് ഒരു യാദൃച്ഛികതയായി കാണാനാവില്ല. ഇത് ദുരന്തകാലത്തിന്റെ ഒരു തുടര്‍ച്ചയാണ്. ഇനി വരാനിരിക്കുന്ന “നിലവിളികള്‍ പ്രതിധ്വനിക്കാത്ത” കാലത്തിന്റെ സൂചികയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.