22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 23, 2024
February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024
January 12, 2024
February 17, 2023
February 6, 2023

‘കുർസി ബച്ചാവോ’ ബജറ്റ്: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
July 23, 2024 10:54 pm

രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ പാടെ മറന്നുള്ള കേന്ദ്ര ബജറ്റ് കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിസമ്പന്നരോടുള്ള വിധേയത്വം മറന്നുപോകാത്ത മന്ത്രി നിർമ്മലാ സീതാരാമന്റെ പൊതു ബജറ്റ് വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നില്ല. ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം അവഗണിച്ചു.
മുൻ സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രകാരമുള്ള തുകയായ 86,000 കോടി രൂപ മാത്രമാണ് ഈ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. സർക്കാർ — പൊതുമേഖലയിൽ ഒഴിവുള്ള പത്ത് ലക്ഷത്തിലധികം തസ്തികകളിൽ നിയമനം നടത്തുന്നതിനെ കുറിച്ച് മൗനം പാലിക്കുന്ന ബജറ്റ് സ്വകാര്യമേഖലകളിൽ തൊഴിലവസരങ്ങളുണ്ടാകുമെന്ന സ്വപ്നം പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്. പുതിയതായി തൊഴിൽ ലഭിക്കുന്ന യുവാക്കൾക്ക് 15,000 രൂപ നൽകുമെന്ന പ്രഖ്യാപനം നടപ്പിലാകാത്ത സ്വപ്നമാണ്. ഇപിഎഫിൽ ചേരുന്നവർക്ക് മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ എന്നതിനാൽ ഈ ആനുകൂല്യം ആർക്കും നൽകേണ്ടിവരില്ല. നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങും. 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യത്തിന് പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും അവർക്ക് തൊഴിൽ ലഭ്യമാക്കുമോ എന്ന കാര്യം പറയുന്നില്ല. 

പണപ്പെരുപ്പം, അതുവഴി സാമാന്യജനം അഭിമുഖീകരിക്കുന്ന വിലക്കയറ്റം എന്നിവ നേരിടുന്നതിനുള്ള സമൂർത്തമായ പദ്ധതികൾ ഒന്നും തന്നെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നതുമില്ല. കോവിഡിന്റെ പേരിൽ കുറച്ചുകൊടുത്ത കോർപറേറ്റ് നികുതി പഴയ നിരക്കിലേയ്ക്ക് പുനഃസ്ഥാപിച്ചില്ലെന്നുമാത്രമല്ല വിദേശ കോർപറേറ്റ് നികുതിയിൽ അഞ്ച് ശതമാനം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 5,000 കോടിയിലധികം ചെലവഴിച്ചുള്ള വിവാഹ ധൂർത്ത് നടക്കുന്ന സാഹചര്യം നിലവിലുള്ള രാജ്യത്ത് അതിസമ്പന്നർക്കുമേൽ അധിക നികുതിയെന്ന ആവശ്യം ശക്തമാണെങ്കിലും കോർപറേറ്റ് ആഭിമുഖ്യ കേന്ദ്ര ബജറ്റ് അക്കാര്യത്തിലും നടപടി പ്രഖ്യാപിച്ചിട്ടില്ല.
ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പ്രഖ്യാപനത്തിലൂടെ ആയിരക്കണക്കിന് കോടി രൂപ നീക്കിവച്ചപ്പോൾ സാമ്പത്തിക പിന്തുണ അനിവാര്യമായ കേരളത്തെ പാടെ അവഗണിച്ച സമീപനം പ്രതിഷേധാർഹമാണ്.

‘കുർസി ബച്ചാവോ’ ബജറ്റ് എന്ന പേര് തന്നെയാണ് ഈ ബജറ്റിന് ഇണങ്ങുക. നികുതി വിഹിതത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും വെട്ടിക്കുറവ് വരുത്തിയതിനെ തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലായ കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. അത് അനുവദിച്ചില്ലെന്നുമാത്രമല്ല, എല്ലാവരും പ്രതീക്ഷിച്ച എയിംസ് പോലുള്ള ഉന്നത സ്ഥാപനങ്ങളോ റെയിൽവേ വികസന പദ്ധതികളോ പ്രഖ്യാപിട്ടില്ല. ഫെഡറൽ തത്വങ്ങളെ പൂർണമായും മറന്ന്, കേരളത്തോട് കടുത്ത വിവേചനം കാട്ടുന്ന നിലപാട് ബജറ്റിലൂടെ കേന്ദ്രം ആവർത്തിച്ചിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Sum­ma­ry: ‘Kur­si Bachao’ Bud­get: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.