കുട്ടനാട് മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ജില്ലാതലത്തിൽ ഏകോപന സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ വികസന കമ്മീഷണർ കൺവീനറുമായുള്ള സമിതിയിൽ കുട്ടനാട് എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർ അംഗങ്ങളാണ്. കുട്ടനാടിന്റെ സമഗ്ര വികസനവും തുറവൂർ, അരൂർ, മേഖലകളിൽ വേലിയേറ്റം മൂലം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്കാരിക മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി പ്രസാദ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ മങ്കൊമ്പ് നെല്ലു ഗവേണഷ കേന്ദ്രത്തിലായിരുന്നു യോഗം.
കുട്ടനാട് മേഖല നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങൾക്കും അടുത്ത നാലര വർഷത്തിനുള്ളിൽ ജനപങ്കാളിത്തത്തോടെ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇവിടുത്തെ ഇടത്തോടുകളുടെ പട്ടിക തയ്യാറാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും കർഷകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കി തോടുകൾ ആഴം കൂട്ടി സംരക്ഷിക്കണം.
ബണ്ടുകൾ ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതി നിർദേശം കുട്ടനാട് എംഎൽഎയുടെ നേതൃത്വത്തിൽ തയ്യാറാക്കണം. കനാലുകളുടെ നവീകരണം സംബന്ധിച്ച പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ ആവിഷ്കരിക്കണം. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യണം. നീക്കം ചെയ്യുന്ന മാലിന്യങ്ങൾ സംസ്കരിച്ച് റോഡ് ടാറിംഗിന് ഉപയോഗിക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കണം. തോട്ടപ്പള്ളി സ്പിൽവേയിൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഈ സീസണിൽ തന്നെ പൂർത്തീകരിക്കണം. സ്പിൽവേയിൽ നൂതന ഷട്ടർ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള സാധ്യത ജലസേചന വകുപ്പ് പരിശോധിക്കണം. കുട്ടനാട്ടിലെ പല റോഡുകളും ശോചനീയാവസ്ഥയിലാണ്. റോഡുകൾ ഏറ്റെടുത്ത് ഉയരം കൂട്ടി നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണം.
കുട്ടനാട് കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള ഭൂമി കൈമാറ്റ നടപടികൾ ജനുവരിയിൽ പൂർത്തീകരിക്കുന്നതിനും അടുത്ത വർഷം ഏപ്രിൽ മാസത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. കുട്ടനാട്ടിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണത്തിന് നിലവിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിയമാനുസൃതമായ അനുമതികള്‍ ലഭിക്കുന്നണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ഉറപ്പാക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ മേല്‍നോട്ടം കുട്ടനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചേർത്തല, അരൂർ മേഖലയിലെ ജനങ്ങൾ വേലിയേറ്റം മൂലം നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കൃഷി, ജലസേചനം, ഫിഷറീസ് വകുപ്പുകൾ കൂട്ടായ പരിശ്രമം നടത്തണമെന്നും ആവശ്യമെങ്കിൽ വിദഗ്ധരുടെ സേവനം തേടണമെന്നും മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശിച്ചു. ഈ മേഖലയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജാഗ്രത പുലർത്തണെമന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കണം. കൈനകരി മേഖലയിലെ മൂന്ന് പാടശേഖരങ്ങളുടെ ബണ്ട് നിർമാണത്തിന് 12.5 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. അടുത്ത വർഷം ആദ്യം ഇതിന്റെ നിർമാണ നടപടികൾ തുടങ്ങാനാകണം. മടവീഴ്ച്ച മൂലം കൃഷി ചെയ്യാൻ കഴിയാത്ത കനകാശ്ശേരി പാടശേഖരത്തിൽ താത്കാലിക ബണ്ട് നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണം. സ്ഥിരം ബണ്ടിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം എൽ മാരായ തോമസ് കെ തോമസ്, ദലീമ ജോജോ, ജില്ലാ കളക്ടർ എ അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ വികസന കമ്മീഷണർ കെ എസ് അഞ്ജു, സബ് കളക്ടർ സൂരജ് ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.