1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

July 7, 2024
May 23, 2024
May 12, 2024
July 15, 2023
June 20, 2023
December 10, 2022
October 31, 2022
September 11, 2022
September 3, 2022
August 31, 2022

പ്രളയവും വെള്ളപ്പൊക്കവും; കുട്ടനാട്ടുകാർ നാടുപേക്ഷിക്കുന്നു

ഡാലിയ ജേക്കബ്
ആലപ്പുഴ
November 28, 2021 8:02 pm

വിട്ടുമാറാതെയുള്ള പ്രളയവും വെള്ളപ്പൊക്കവും മൂലം കുട്ടനാട്ടുകാർ ജന്മനാടുപേക്ഷിച്ച് മറുകര തേടുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആയിരത്തിലധികം കുടുംബങ്ങൾ കുട്ടനാട്ടിൽനിന്ന് പലായനം ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. 2018നു ശേഷം കുട്ടനാട്ടിലെ 14ൽ 12 വില്ലേജുകളിൽ നിന്നും പ്രതിവർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥിരമായി മാറി താമസിക്കുന്നുണ്ട്. മഹാപ്രളയത്തിനുശേഷം വർഷംതോറും നാലും അഞ്ചും തവണയാണ് വെള്ളപ്പൊക്കക്കെടുതി അനുഭവിക്കേണ്ടി വരുന്നത്. ഇതുമൂലമാണ് കുട്ടനാട്ടുകാർ സ്വന്തം സ്ഥലം ഉപേക്ഷിച്ച് മറ്റുനാടുകളെ ആശ്രയിക്കുന്നത്. കുട്ടനാട്ടിലെ പുതുതലമുറക്കാരാണ് താമസം മാറുന്നതിൽ ഏറെയും. പഴയ തലമുറയിലുള്ളവർക്ക് അവിടെ തന്നെ തുടരാനാണ് താൽപര്യം.

പാടശേഖരങ്ങളുടെ പുറംബണ്ടിലെ ഭൂരിഭാഗം വീടുകൾക്കും 30 വർഷത്തിലധികം പഴക്കമുണ്ട്. കുട്ടനാട്ടിലെ പുതിയ വീടുകൾ പില്ലറുകളിലാണ് പണിയുന്നത്. ഇക്കുറി ആറുതവണയാണ് കുട്ടനാട്ടുകാർ വെള്ളപ്പൊക്കത്തെ അതിജീവിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടനാട്ടുകാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. കിഴക്കൻ ജില്ലകളിൽ മഴ രൂക്ഷമായാൽ വെള്ളം ഒഴുകിയെത്തി കുട്ടനാട്ടിൽ പ്രളയസമാനമാകും. വെള്ളപ്പൊക്ക സീസണിൽ വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലാണ് ഒട്ടുമിക്ക കുട്ടനാട്ടുകാരും അഭയം കണ്ടെത്തുന്നത്. ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും വീടുകൾക്കുണ്ടാകുന്ന കേടുപാടുകളും, വീട്ടുപകരണങ്ങൾ മുതൽ ഇലക്ട്രിക്ക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കുണ്ടാവുന്ന കേടുപാടുകൾ വരെ പരിഹരിക്കണമെങ്കിൽ നല്ലൊരു തുക കണ്ടെത്തേണ്ട അവസ്ഥയാണ്. വർഷാവർഷം നാലും അഞ്ചും തവണ ഇതേ അവസ്ഥ ഉണ്ടാകുന്നുണ്ട്.

വെള്ളപ്പൊക്ക സമയത്ത് മരണാനന്തര ചടങ്ങ് പോലും നടത്താൻ കഴിയില്ല. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ മൃതദേഹം ഇഷ്ടികയിൽ ഉയർത്തിവെച്ചാണ് ചടങ്ങുകൾ നടത്താറുള്ളത്. കലങ്ങിമറിഞ്ഞെത്തുന്ന കിഴക്കൻ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാൻ കഴിയില്ല. വേനൽക്കാലത്തെ അവസ്ഥയും വ്യത്യസ്തമല്ല. വെള്ളപ്പൊക്ക സമയത്ത് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളെ നശിപ്പിക്കുന്നു. ഇതോടെ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ കേന്ദ്രമായി കുട്ടനാട് മാറി കൊണ്ടിരിക്കുകയാണ്. കിഡ്നി, കരൾ രോഗങ്ങളും വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ENGLISH SUMMARY; Kut­tanad peo­ple are leav­ing there due to Floods
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.