March 30, 2023 Thursday

Related news

March 13, 2023
March 13, 2023
December 22, 2022
August 22, 2022
July 12, 2022
April 21, 2022
February 15, 2022
January 16, 2022
January 9, 2022
January 5, 2022

കയ്യും കാലും തല്ലിയൊടിച്ചു; തൊഴില്‍ അവകാശ പ്രവര്‍ത്തകൻ ശിവ് കുമാറിനെ അനധികൃതമായി തടവില്‍ വച്ചുവെന്നും പീഡിപ്പിച്ചുവെന്നും ജുഡീഷ്യല്‍ റിപ്പോര്‍ട്ട്

Janayugom Webdesk
December 22, 2022 12:54 pm

ദലിത്-തൊഴില്‍ അവകാശ പ്രവര്‍ത്തകൻ ശിവ് കുമാറിനെ അനധികൃതമായി തടവില്‍ വച്ചുവെന്നും കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങളെക്കുറിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ആ സമയത്ത് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്ന വിനയ് കക്രാനും സോനിപത്ത് സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജയില്‍ അധികൃതരും തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇവര്‍ ഹരിയാന പോലീസുമായി ഒത്തുകളിക്കുകയായിരുന്നു.

ശമ്പളം നല്‍കാത്തതിലും തൊഴിലാളികളെ പീഡിപ്പിക്കുന്നതിനുമെതിരെ കുണ്ട്ലി ഇൻഡസ്ട്രിയല്‍ അസോസിയേഷനെതിരെ സമരം ചെയ്തതിനാണ് ശിവ് കുമാറിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. 2020ല്‍ മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷക സമരത്തിലും സജീവ പങ്കാളിയായിരുന്നു ശിവ് കുമാര്‍. ഈ വര്‍ഷം ആദ്യം ഛണ്ഡിഗഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ശിവ് കുമാര്‍ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഈ കണ്ടെത്തലുകള്‍ തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്നത്. 

2021 മാര്‍ച്ച് 16നാണ് ഫരീദാബാദ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയെ ഈ വിഷയത്തില്‍ അന്വേഷണം നടത്താൻ ഹൈക്കോടതി നിയോഗിച്ചത്. ഈ അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടാണ് ഈ മാസം സമര്‍പ്പിച്ചതും ഡിസംബര്‍ 20ന് പുറത്തുവന്നതും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ 15 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനയ് കക്രാൻ, ജയില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഇരയായ ശിവ് കുമാര്‍, പരാതിക്കാരനും ശിവ് കുമാറിന്റെ പിതാവുമായ രാജ്ബീര്‍ സിംഗ്, ശിവ് കുമാറിന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ നൊദീപ് കൗര്‍ എന്നിവരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയത്. നോദീപ് കൗറിനും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നുവെന്ന് അവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

2021 ജനുവരി 12ന് അറസ്റ്റിലായ നൊദീപ് കൗറിന് 2021 ഫെബ്രുവരി 26നും നാല് ദിവസത്തിന് ശേഷം അറസ്റ്റിലായ ശിവ് കുമാറിന് മാര്‍ച്ച് 4നുമാണ് ജാമ്യം ലഭിച്ചത്. അതേസമയം ഹരിയാന പോലീസ് പറയുന്നത് ശിവ് കുമാറിനെ ജനുവരി 23നാണ് അറസ്റ്റ് ചെയ്തത് എന്നാണ്. ഫരീദാബാദ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ദീപക് ഗുപ്ത നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ കോളേജ് നടത്തിയ സ്വതന്ത്ര മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ട് ഇരകളുടെ വാദം അംഗീകരിക്കുന്നതാണെന്ന് കണ്ടെത്തുകയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. മാത്രമല്ല, സോനിപത് സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലീസുകാരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിവില്‍ ആശുപത്രിയിലും ജില്ലാ ജയിലിലും ശിവ് കുമാറിനെ പരിശോധിച്ചവര്‍ അശ്വനി കുമാര്‍, നവീൻ യാദവ്, സന്ദീപ് മാലിക്, കപില്‍ യാദവ് എന്നീ ഡോക്ടര്‍മാരാണ്.

2020 ജനുവരി 23ന് ശേഷം തങ്ങള്‍ പരിശോധിച്ചപ്പോഴെല്ലാം ശിവ് കുമാറിന്റെ ആരോഗ്യസ്ഥിതി സാധാരണഗതിയിലായിരുന്നുവെന്നാണ് ഇവര്‍ ദീപക് ഗുപ്തയ്ക്ക് നല്‍കിയ മൊഴി. 2020 ഫെബ്രുവരി 20ന് മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയ്ക്ക് ശേഷം സിവില്‍ ആശുപത്രിയില്‍ വച്ച് അശ്വനി കുമാര്‍ ശിവ് കുമാറിനെ വീണ്ടും പരിശോധിച്ചിരുന്നു. അതിന് ശേഷം അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ എക്സ്റേ പരിശോധനയില്‍ ഡോ. വിപിൻ ദലാല്‍ ശിവ് കുമാറിന്റെ വലതു കാലിലും ഇടതു കയ്യിലെ ഒരു വിരലിലും പൊട്ടല്‍ കണ്ടെത്തി. ഇതൊന്നും ആദ്യ മൂന്ന് പരിശോധനകളിലും കണ്ടെത്തിയിരുന്നില്ലെന്നും ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഈ പൊട്ടലുകള്‍ക്ക് പത്ത് മുതല്‍ 30 ദിവസം വരെ പഴക്കമുണ്ടെന്നും ഡോ. ദലാലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എസ്ഐ ഷംഷെര്‍ സിംഗ്, ഇൻസ്പെക്ടര്‍ രവിന്ദര്‍ എന്നിവരാണ് ശിവ് കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവ് കുമാറിനെതിരെ ചുമത്തിയ മൂന്ന് കേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഷംഷെര്‍ സിംഗ്. ശിവ് കുമാറിനെ റിമാൻഡില്‍ സ്വീകരിച്ചതും ഇദ്ദേഹമാണ്. ഇവര്‍ മാത്രമാണ് മര്‍ദ്ദനത്തിന്റെ ഏക കാരണക്കാര്‍— ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥര്‍ ശിവ് കുമാറിന് മുകളില്‍ കസേരയിട്ട് ഇരിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും ഉരുട്ടുകയുമായിരുന്നു. കൂടാതെ മുഖത്ത് തുപ്പുകയും റിമാൻഡില്‍ കഴിയുമ്പോള്‍ പോലീസ് സ്റ്റേഷനിലെ ശുചിമുറി വൃത്തിയാക്കിക്കുകയും ചെയ്തു.

Eng­lish Sum­mery: Labour Rights Activist Shiv Kumar Was Ille­gal­ly Detained, Tor­tured in Cus­tody: HC-Mon­i­tored Inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.