25 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 22, 2024
May 22, 2024
May 14, 2024
March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024

ലക്ഷദ്വീപ്: പട്ടേലിനു ചുവടിളകിത്തുടങ്ങി; നടപടികളിൽ കേന്ദ്രത്തിനും നീരസം

ബേബി ആലുവ
കൊച്ചി
May 7, 2022 8:52 pm

ലക്ഷദ്വീപിലെ സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ തിരിച്ചടിക്കു പിന്നാലെ, അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടതിൽ കേന്ദ്രം വിശദീകരണം ചോദിക്കുക കൂടി ചെയ്തതോടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനു ചുവടിളകിത്തുടങ്ങി. ദ്വീപ് ജനതയ്ക്കു മേൽ താൻ അടിച്ചേൽപ്പിച്ച അജണ്ടയുടെ ‘സദുദ്ദേശ്യം” രണ്ടിടത്തും വെളിപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലായി പട്ടേൽ.

കാലങ്ങളായി തുടർന്നു വരുന്ന സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണ പദ്ധതിയിൽ നിന്ന് മാംസാഹാരം ഒഴിവാക്കാൻ ഏകപക്ഷീയമായി സ്വീകരിച്ച നടപടിക്കെതിരെയായിരുന്നു, മാംസാഹാരം തുടരാനുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മാംസാഹാരം പൂർണ്ണമായി ഒഴിവാക്കി പദ്ധതി നടത്തിപ്പ് മംഗലാപുരത്തെ സംഘപരിവാർ ചായ് വുള്ള സന്നദ്ധ സംഘടനയെ ഏൽപ്പിക്കാനായിരുന്നു പട്ടേലിന്റെ ലാക്ക്.

2021 മേയ് മുതൽ അടച്ചുപൂട്ടിയ സർക്കാർ ഡെയറിഫാമുകൾ തുറന്നു പ്രവർത്തിക്കണമെന്ന ഉത്തരവും ഇതോടൊപ്പം സുപ്രീം കോടതിയിൽ നിന്നുണ്ടായിരുന്നു. അനേകം ക്ഷീരകർഷകരെയും ഫാം തൊഴിലാളികളെയും വഴിയാധാരമാക്കിയതും ദ്വീപ് നിവാസികൾക്ക് പാലും പാലുല്പന്നങ്ങളും നിഷേധിക്കുന്നതുമായിരുന്നു, 1992 മുതൽ പ്രവർത്തിച്ചു വന്ന ഡെയറിഫാമുകൾ അടച്ചുപൂട്ടിയ നടപടി. ഇതിന്റെ പിന്നിലും, ഗുജറാത്തിലെ കുത്തക പാലുല്പാദക കമ്പനിയെ ലക്ഷദ്വീപിലേക്ക് ആനയിക്കാനുള്ള കുതന്ത്രമായിരുന്നു.

രണ്ടു വിഷയത്തിലും സുപ്രീം കോടതിയിൽ നിന്നുണ്ടായ പ്രഹരത്തിന്റെ ക്ഷീണത്തിനിടയിലാണ്, ദ്വീപിലെ അങ്കണവാടി ജീവനക്കാരെ കഴിഞ്ഞ ഫെബ്രുവരിയിൽ പിരിച്ചുവിടാനെടുത്ത തീരുമാനത്തിൽ വിശദീകരണം ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസമെത്തിയ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കത്ത്. ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനോടു വ്യക്തമാക്കിയ മന്ത്രാലയം, പ്രശ്നം വളരെയേറെ ഗൗരവമുള്ളതാണെന്നും അടിയന്തരമായി വിശദീകരണം നൽകണമെന്നും പിന്നാലെ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടുകയായിരുന്നു.

ഉദ്യോഗസ്ഥർ മാത്രം വഹിച്ചു പോന്ന അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് തികഞ്ഞ സംഘപരിവാറുകാരനും ഗുജറാത്തിലെ മുൻ ആഭ്യന്തര സഹമന്ത്രിയുമായ പ്രഫുൽ ഖോഡ പട്ടേൽ 2020 ഡിസംബര്‍ 5ന് നിയമിതനായതോടെയാണ് ലക്ഷദ്വീപിന്റെ ശനിദശയാരംഭിച്ചത്. സംഘ പരിവാർ സംഘടനകൾക്കും സ്വകാര്യ കുത്തകകൾക്കും ദ്വീപിലേക്കു വഴിയൊരുക്കാൻ തുടരെ കൈക്കൊള്ളുന്ന നടപടികൾക്കെതിരെ കേരള സർക്കാരിന്റെയും 93 മുൻ ഉന്നതോദ്യോഗസ്ഥരുടേതുമടക്കം അനേകം ആക്ഷേപങ്ങൾ കേന്ദ്രത്തിനു മുമ്പിലെത്തിയിരുന്നു. ഇനിയും പട്ടേലിനെ സംരക്ഷിക്കുന്ന വകയിലും ദേഹത്ത് ചെളി തെറിക്കേണ്ടതില്ലെന്ന വിവേകമാണോ, അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെയുള്ള കേന്ദ്ര ഇടപെടലിനു പിന്നിലെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.

Eng­lish sum­ma­ry; Lak­shad­weep: Patel begins to step down; Resent­ment at the cen­ter of the proceedings

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.