5 December 2025, Friday

തത്വനിർഭരമായ ലക്ഷ്മണ വാക്യങ്ങൾ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം 24
August 11, 2025 4:45 am

കോപാവിഷ്ടനായ ലക്ഷ്മണനെ ഒരു യോഗിയുടെ പ്രശാന്തിയോടെ ഉപദേശിച്ചു ശാന്തനാക്കുന്ന രാമനെ രാമായണത്തിൽ നാം പലേടത്തും കണ്ടിട്ടുണ്ട്. പക്ഷേ വൈകാരിക നിലതെറ്റി കോപാധിക്യത്താൽ വില്ലുകുലച്ച് സർവസംഹാരത്തിന് തയ്യാറായി നിൽക്കുന്ന രാമനെ തത്വസമ്പന്നമായ മൊഴികൾ പറഞ്ഞ്, വിവേകത്തിന്റെ നങ്കൂരമിട്ട്, വികാരപ്രളയത്തിൽ മുങ്ങിപ്പോകാതെ നിലനിർത്തുന്ന ലക്ഷ്മണനെ നമുക്ക് ആരണ്യകാണ്ഡത്തിൽ കാണാം. എരിതീയിൽ എണ്ണ പകരുന്നവരാകരുത് ബന്ധു; തീ അണയ്ക്കുന്നതിന് ചെയ്യാവുന്നത് ചെയ്യുന്നവനാകണം. ശകുനി നല്ല ബന്ധുവാകാത്തത് അയാള്‍ ദുര്യോധനനിൽ പാണ്ഡവരോടുള്ള പക എരിയുമ്പോൾ അതിൽ എണ്ണപകർന്ന് ആളിക്കത്തിച്ചിരുന്നുവെന്നതിനാലാണ്. ലക്ഷ്മണൻ നല്ല ബന്ധു ആകുന്നത് അയാൾ രാമന്റെ കോപം ആധിക്യപ്പെടുത്താനല്ല, ആറിത്തണുപ്പിക്കാനാണ് ശ്രമിക്കുന്നത് എന്നതിനാലാണ്. പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യാൻ വികാരാധിക്യത്തിന്റെ കണ്ണുകാണായ്കയല്ല; വിവേകത്തിന്റെ ചെറുതിരി വെട്ടങ്ങളാണ് വേണ്ടത്. രാമനെ ഇക്കാര്യം ബോധ്യപ്പെടുത്തുവാനാണ് ലക്ഷ്മണൻ ശ്രമിക്കുന്നത്.
ഒരു രാജാവിനെ സംബന്ധിച്ച് അങ്ങേയറ്റം അപമാനകരമായ പ്രതിസന്ധിഘട്ടത്തെയാണ് രാമൻ ദണ്ഡകാരണ്യത്തിൽ അഭിമുഖീകരിക്കുന്നത്. മറ്റുള്ളവർക്ക് പരിരക്ഷ ഉറപ്പാക്കേണ്ട രാജാവിന് കൂടെക്കഴിയുന്ന സഹധർമ്മിണിയുടെ പരിരക്ഷപോലും ഉറപ്പാക്കാനായില്ല എന്ന് ലോകരറിഞ്ഞാൽ ഉണ്ടാവുന്ന മാനക്കേട് ചെറുതല്ല. തീക്കട്ടയിൽ ഉറുമ്പരിച്ചാൽ അപമാനം തീയിനുതന്നെയാണല്ലോ. പക്ഷേ രാജാഭിമാനത്തിന് ക്ഷതമേറ്റെന്നതു മാത്രമല്ല സീതയെ രാവണൻ കടത്തിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് രാമൻ വികാര വിക്ഷുബ്ധനാകുന്നതിന് കാരണം. സീതയോട് അത്രമേൽ ആഴവും പരപ്പുമുള്ള പ്രേമം ഉണ്ടായിരുന്നുവെന്നതിനാലാണ് സീതയെ കാണാതായപ്പോൾ രാമൻ അലറിക്കരയുന്നതും കോപാധിക്യം പൂണ്ട് സർവസംഹാരഭാവം കൊള്ളുന്നതും.
അനേകം കാമുകിമാരുള്ള ശ്രീകൃഷ്ണനിൽ ഇത്തരം വികാര വിക്ഷുബ്ധത കാണാനാവില്ല. അമ്പാടിയെയും ഗോക്കളെയും ഗോപികമാരെയും വെടിഞ്ഞ് ആദ്യം മഥുരാപുരിയിലും പിന്നീട് താൻ പണികഴിപ്പിച്ച ദ്വാരകാപുരിയിലും വാസം ഉറപ്പിക്കുന്ന ശ്രീകൃഷ്ണൻ, തന്റെ കാമുകിയായ ഒരു ഗോപാംഗനെയെ ഓർത്തും ഒരു തുള്ളി കണ്ണീർ വീഴ്ത്തിയതായി ചരിതമില്ല. പക്ഷേ രാമൻ സീതയെ ഓർത്ത് കരഞ്ഞിടത്തോളം ഒരിണയും തന്റെ ഇണയുടെ വിരഹത്തിൽ ഉള്ളെരിഞ്ഞു കരഞ്ഞിട്ടുണ്ടാവില്ല — അത്രമേൽ വലുതാണ് രാമന് സീതയോടുള്ള പ്രണയം. ‘മയി ഭാവോഹി വൈദേഹ്യാസ്തത്വതോ വിനിവേശിതഃ മമാപി ഭാവഃ സീതായാം സർവഥാ വിനിവേശിതഃ = എന്നിലാണ് അവളുടെ പ്രാണൻ സ്ഥിതിചെയ്യുന്നത്; അതുപോലെ എന്റെ പ്രാണൻ അവളിലും’ എന്ന് രാമൻ തന്നെ തന്റെ പ്രണയാധിക്യം സാക്ഷ്യപ്പെടുത്തുന്നുമുണ്ട് (കിഷ്കിന്ധാകാണ്ഡം; സർഗം1; ശ്ലോകം 52). 

സീതയെ കാടകം മുഴുവൻ തിരഞ്ഞിട്ടും കാണാതെ വന്നപ്പോൾ പൊട്ടിക്കരഞ്ഞ രാമൻ, അധികം വൈകാതെ ക്രോധത്താൽ പിടഞ്ഞെഴുന്നേറ്റ്, സീതയെ പഴയപോലെ തിരിച്ചുകിട്ടാത്തപക്ഷം സമസ്ത ജഗത്തും താൻ മുടിക്കും എന്ന മട്ടിൽ വില്ലേന്തി നിലയുറപ്പിച്ചു. ‘നാശയാമി ജഗത് സർവം ത്രൈലോകം സചരാചരം — മൂന്നുലോകത്തിലുള്ള ചരാചരങ്ങളെ എല്ലാം മുടിക്കും’ എന്നാണ് രാമവചനം (ആരണ്യകാണ്ഡം; സർഗം 64; ശ്ലോകം 71). ഇങ്ങനെ കോപാകുലനായി വില്ലേന്തി നില്‍ക്കുന്ന രാമനെയാണ് നാടുമുടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം എപ്പോഴും ചിത്രമാക്കി പ്രദർശിപ്പിക്കുന്നത്. ഇവർ ഈ രാമനെ നോക്കി ലക്ഷ്മണൻ പറഞ്ഞ കാര്യങ്ങളും കൂടി ഒന്ന് അറിഞ്ഞുവയ്ക്കുന്നത് അവർക്കും നാടിനും ഗുണകരമാവും. കോപാകുലനായി വില്ലുകുലച്ച് സർവം മുടിക്കാൻ തീക്കണ്ണുമായി നിൽക്കുന്ന രാമനോട് ലക്ഷ്മണൻ സവിനയം പറഞ്ഞു. ‘ആരോ ഒരാൾ ചെയ്ത തെറ്റിന് ലോകം മുഴുവൻ മുടിപ്പിക്കാൻ ഒരുങ്ങുന്നത് ശരിയല്ല. നല്ല രാജാക്കന്മാർ തക്കതായ ദണ്ഡമേ (ശിക്ഷയേ) ചെയ്യൂ. അങ്ങ് സമസ്ത ഭൂതങ്ങൾക്കും പരമാശ്രയമായിട്ടുള്ളവനാണ്’ (ആരണ്യകാണ്ഡം; സർഗം 65). ഈ ലക്ഷ്മണ വാക്യങ്ങളിൽ ഒരാൾ തെറ്റുചെയ്താൽ ആ തെറ്റിന് അയാളുടെ കുലത്തിലുള്ളവരും ദേശത്തുള്ളവരും എല്ലാം ശിക്ഷിക്കപ്പെടുന്നത് അന്യായമാണെന്നും, ആ അന്യായം ചെയ്യുന്ന ഭരണാധികാരി നല്ല രാഷ്ട്രത്തലവൻ അല്ലെന്നും ഒക്കെയുള്ള ധ്വനിയുണ്ട്. 

ഒസാമ ബിൻ ലാദനെപ്പോലുള്ള ഭീകരവാദികൾ ചെയ്ത കുറ്റത്തിന് മുഴുവൻ മുസ്ലിം മാനവരേയും അറപ്പോടേയും വെറുപ്പോടേയും ശത്രുസ്ഥാനത്തുനിർത്തി കാണുന്നത് രാമായണ സംസ്കാരമല്ല. ഭിന്ദ്രൻവാല ചെയ്ത ഭീകരകൃത്യങ്ങളെ പ്രതി എല്ലാ സിഖുകാരേയും ശത്രുക്കളായി കണ്ട് തല്ലിക്കൊല്ലുന്നതും സിഖ് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ന്യായമാണെന്ന് രാമായണം വായിച്ചവർക്ക് കരുതാനാവില്ല. ഏത് രാക്ഷസ രാവണന്റെ കുലത്തിലും വിഭീഷണന്മാരുണ്ടാവാം, ഏത് ഹിരണ്യകശിപുവിന്റെ കുലത്തിലും ഒരു പ്രഹ്ലാദനുണ്ടാവാം. ഇക്കാര്യം ഓർത്തു വേണം ഒരാൾ ചെയ്ത കുറ്റത്തിന് അയാൾ പിറന്ന കുലത്തെയും ദേശത്തെയും വെറുക്കാനും നശിപ്പിക്കാനും പുറപ്പെടാൻ. ഈ സമകാലിക രാഷ്ട്രീയപാഠവും രാവണൻ ചെയ്ത തെറ്റിന് സമസ്ത ജഗത്തിനെയും ഇല്ലാതാക്കാൻ കോപം കൊള്ളുന്ന രാമനെ തടയുന്ന ലക്ഷ്മണ വാക്യങ്ങളിൽ നിന്നും പഠിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.