23 December 2024, Monday
KSFE Galaxy Chits Banner 2

ഭൂമി തരംമാറ്റല്‍: സ്വാഗതാര്‍ഹമായ ദൗത്യം

Janayugom Webdesk
February 25, 2022 5:00 am

സംസ്ഥാനത്ത് ഭൂമി കൈവശത്തിലുള്ള ആയിരക്കണക്കിന് പേരുടെ പ്രശ്ന പരിഹാരത്തിനുള്ള ദൗത്യത്തിന് റവന്യു വകുപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്. തീര്‍ച്ചയായും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ മുന്തിയ പരിഗണനയിലാണ് സര്‍ക്കാര്‍ സമീപിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. പാരിസ്ഥിതിക സംരക്ഷണത്തിനും കാര്‍ഷിക സംസ്കൃതിയുടെ നിലനില്പ് ലക്ഷ്യമാക്കിയും സംസ്ഥാനത്ത് രൂപം നല്കപ്പെട്ട സുപ്രധാനമായ നിയമനിര്‍മ്മാണങ്ങളില്‍ ഒന്നായിരുന്നു 2008 ലെ കേരള നെല്‍വയല്‍ — തണ്ണീര്‍ത്തട സംരക്ഷണ നിയമം. സി അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം പോലെ സുപ്രധാനമായ നിയമനിര്‍മ്മാണങ്ങളുടെ തുടര്‍ച്ചയായി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രസ്തുത നിയമനിര്‍മാണത്തിനും കാര്‍മികത്വം വഹിച്ചത്. റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍ അവതരിപ്പിച്ച കരട് നിയമം, മന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിച്ച് എല്ലാ വിഭാഗമാളുകളുടെയും സംഘടനകളുടെയും അഭിപ്രായങ്ങള്‍ കേട്ടും നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമായിരുന്നു 2008 ല്‍ അന്തിമരൂപം നല്കി നിയമസഭയില്‍ പാസാക്കിയത്. നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവച്ചത്. ഇതിനായി അത്തരം ഭൂപ്രദേശങ്ങളുടെ സ്ഥിതിവിവരങ്ങള്‍ (ഡാറ്റാബാങ്ക്) തയാറാക്കി വിജ്ഞാപനം ചെയ്യുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഭൂസംബന്ധമായി നിലവിലുള്ള സര്‍ക്കാര്‍ രേഖകളുടെ പരിമിതികളും സങ്കീര്‍ണതകളും ജീവനക്കാരുടെ ജോലിഭാരവുമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിയമമുണ്ടാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്ന 2011 വരെയുള്ള കാലത്ത് മുഴുവന്‍ വില്ലേജുകളുടെയും ഡാറ്റാ ബാങ്ക് യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചില്ല. പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പല കാരണങ്ങളാല്‍ അലംഭാവം കാട്ടി. 2016ല്‍ വീണ്ടും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഡാറ്റാബാങ്ക് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയി. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവിലുള്ള രേഖകളുടെ പരിമിതികളും സങ്കീര്‍ണതകളും, റീസര്‍വേ പൂര്‍ത്തിയാക്കുന്നതിലുണ്ടായ കാലതാമസം, രേഖകള്‍ നാളതീകരിക്കുന്നതിലുണ്ടായ പ്രതിബന്ധങ്ങള്‍ തുടങ്ങിയവ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.


ഇതുകൂടി വായിക്കാം; ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാവുമ്പോൾ 


അതില്‍ പ്രധാനപ്പെട്ടത് നിയമം പ്രാബല്യത്തില്‍ വന്ന 2008ന് മുമ്പുതന്നെ നികത്തപ്പെടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തരംമാറ്റലുകളും നടത്തപ്പെടുകയും ചെയ്ത, പഴയ കാലത്ത് നെല്‍വയലുകളും തണ്ണീര്‍തടങ്ങളുമെന്ന പേരില്‍ റവന്യു രേഖകളില്‍ സ്ഥാനം പിടിച്ച ഭൂമിയുടെ കാര്യത്തിലുള്ള പ്രശ്നമായിരുന്നു. അത്തരം ഭൂമി കൈവശത്തിലുള്ളവര്‍ക്ക് വീടുവയ്ക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനോ സാങ്കേതിക തടസം നേരിട്ടു. ആയിരക്കണക്കിന് കൈവശക്കാര്‍ നേരിട്ട ഈ പ്രശ്നം മനസിലാക്കിയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇ ചന്ദ്രശേഖരന്‍ റവന്യു വകുപ്പ് മന്ത്രിയായിരിക്കേ നിയമത്തില്‍ ഭേദഗതി വരുത്തിയത്. അതനുസരിച്ച് 2008 ന് മുമ്പ് നികത്തപ്പെട്ട നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും സര്‍ക്കാര്‍ രേഖകളില്‍ തരംമാറ്റുന്നതിന് വ്യവസ്ഥകളുണ്ടാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നികത്തപ്പെട്ട ഭൂമി കൈവശത്തിലുളള പൗരന്മാര്‍ക്ക് റവന്യു രേഖകളില്‍ തരംമാറ്റല്‍ നടത്തുന്നതിന് അപേക്ഷ നല്കുന്നതിന് അവസരം നല്കി. അപേക്ഷകളുടെ എണ്ണം വന്‍തോതിലായതിനാല്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണവും സാങ്കേതികവും ഭൗതികവുമായ സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം പരാതികള്‍ പരിഹരിക്കുന്നതിലും കാലവിളംബമുണ്ടാക്കി. എങ്കിലും 2021 മാര്‍ച്ച് 31 വരെ ആര്‍ഡി ഓഫീസുകളില്‍ ലഭിച്ച 96,674ല്‍ 35,303 അപേക്ഷകളിൽ തീര്‍പ്പുണ്ടാക്കി. ബാക്കിയുള്ള 61,371ഉം 2021 ഏപ്രില്‍ ഒന്നിനു ശേഷം ലഭിച്ച 94,511 ഉം ചേര്‍ത്തുള്ള 1,55,852 ല്‍ 40,754 അപേക്ഷകളാണ് കഴിഞ്ഞ ഒമ്പതു മാസം കൊണ്ട് തീര്‍പ്പാക്കിയത്. 1,12,539 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. നിലവിലുള്ള വേഗം പരിഗണിച്ചാല്‍ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇവയുടെ തീര്‍പ്പ് സാധ്യമാകൂ എന്ന സാഹചര്യത്തിലാണ് അതിവേഗ തീർപ്പാക്കൽ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുറവാണ് തീര്‍പ്പുകല്പിക്കലിന് മുഖ്യവിഘാതമാവുന്നത് എന്നതിനാല്‍ താല്ക്കാലികമായിഅധിക ജീവനക്കാരെ നിയമിച്ചും സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയുമാണ് ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് അപേക്ഷകരുടെ പ്രശ്നം ആത്യന്തികമായി പരിഹരിക്കുന്നതിനുള്ളതാണ് എന്നതുകൊണ്ട് സ്വാഗതാര്‍ഹമാണ് ഈ തീരുമാനം. എങ്കിലും ഇവിടെയും അതീവ കരുതലും ജാഗ്രതയും ആവശ്യപ്പെടുന്നുണ്ട്. പിഴവുകള്‍ സംഭവിക്കുവാനും പിശകുകള്‍ ഉണ്ടാക്കുവാനും വളരെ എളുപ്പത്തില്‍ സാധിക്കുന്ന സംവിധാനമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ലഭിച്ച അപേക്ഷകള്‍ സത്യസന്ധവും സുതാര്യവും നിഷ്പക്ഷമായും പരിഹരിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ സാധിക്കണം. നൂറുവര്‍ഷം മുമ്പ് 30 ലക്ഷം ഏക്കർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അഞ്ച് ലക്ഷം ഏക്കർ നെൽവയലുകൾ മാത്രമേ ഉള്ളൂ എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യവും നമ്മുടെ മനസിലുണ്ടാവണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.