18 November 2024, Monday
KSFE Galaxy Chits Banner 2

നാഗാലാൻഡിലെ അവസാനത്തെ അത്താഴം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
March 16, 2023 4:21 am

നമ്മുടെ രാജ്യത്തിന്റെ വടക്കുകിഴക്കേ ഭാഗത്തുള്ള ജനത ശരീരഭാഷ കൊണ്ടും ആഹാരരീതി കൊണ്ടും വേഷം കൊണ്ടും ഭാഷ കൊണ്ടുമെല്ലാം തികഞ്ഞ വ്യത്യാസം പുലർത്തുന്നവരാണ്. പട്ടിമാംസത്തോട് പ്രിയമുള്ളവർ അധിവസിക്കുന്ന ആ നാട്ടിൽ മനേകഗാന്ധിയുടെ ശ്വാനസംരക്ഷണ പോരാട്ടത്തെ തുടര്‍ന്ന് പട്ടിവധം നിരോധിച്ചതും ഈ നിരോധനത്തെ ഗുവാഹത്തി കോടതി റദ്ദാക്കിയതും അടുത്തകാലത്ത് ആയിരുന്നല്ലോ. സ്നേഹമുള്ളവരും സംഗീതപ്രിയരുമാണ് ആ ജനത. അവർ വലിയൊരു ആപത്തിലെത്തിയേക്കുമെന്ന സൂചനയാണ് ദിവസങ്ങൾക്ക് മുമ്പ് നടന്ന നാഗാലാൻഡ് മന്ത്രിസഭാ സത്യപ്രതിജ്ഞ ചടങ്ങ് നല്കിയത്.  പലതരത്തിലും അവഗണന അനുഭവിച്ചിരുന്ന നാഗവംശജരിലേക്കും മറ്റും ക്രൈസ്തവമതപരിവർത്തന സംഘങ്ങൾ ഇരച്ചുകയറി. വിശപ്പിന് പരിഹാരം കാണാനായി വില്ലേന്തി നിന്ന അവർക്ക് ഭക്ഷണവും വസ്ത്രവും ഇംഗ്ലീഷ് വിദ്യാഭ്യാസവും വേദപുസ്തകവും പുതിയ പേരുകളും നല്കി. ഫലം പലപ്രദേശങ്ങളും ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ളതായി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കു; ജനാധിപത്യ വ്യവസ്ഥയുടെ സുരക്ഷയും പ്രതിപക്ഷ ഐക്യനിരയുടെ അനിവാര്യതയും 


ഇത് മനസിലാക്കിയ മേഘാലയയിലെ കോൺഗ്രസുകാർ കേരളത്തിൽ നിന്നു ക്രിസ്ത്യാനികളായ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഇറക്കുമതി ചെയ്യുകയും കേരളാ മോഡൽ ഭവന സന്ദർശനങ്ങളും വീട്ടുമുറ്റ സദസുകളും ഉഷാറാക്കുകയും ഒരു വിധം പിടിച്ചു നിൽക്കുകയും ചെയ്തു. നാഗാലാൻഡിൽ നിഫിയു റിയോ സര്‍ക്കാർ പിന്നേയും അധികാരത്തിൽ വന്നു. ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യവും അവിടെയുണ്ടായി. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രിയും പങ്കെടുത്തു. ഇന്ത്യാ ചരിത്രത്തിൽ കേട്ടുകേൾവിപോലും ഇല്ലാത്ത രീതിയിൽ ഒരു ഗായകസംഘം ഹല്ലേലുയ്യാ പാടിയാണ് ചടങ്ങ് ആരംഭിച്ചത്. പിന്നീട് ഒരു പാസ്റ്ററുടെ അനുഗ്രഹപ്രഭാഷണം. അദ്ദേഹം പ്രധാനമന്ത്രിയെവരെ അനുഗ്രഹിച്ചു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മതപ്രാർത്ഥനയോടും പുരോഹിതന്റെ അനുഗ്രഹപ്രഭാഷണത്തോടും ആരംഭിക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നില്ല. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നഗ്നമായ ഭരണഘടനാ ലംഘനമാണ് നാഗാലാൻഡിൽ നടന്നത്. ഈശ്വരനാമത്തിലല്ല ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത്. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാമെന്നല്ലാതെ നിയമനിർമ്മാണ സഭകൾ ആരംഭിക്കുന്നത് മതദൈവപ്രാർത്ഥനയോടെ ആയിരിക്കണമെന്ന് പറഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റുകാരെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും എല്ലാ അഹിന്ദുജീവിതരീതികളെയും ഇന്ത്യയിൽ നിന്നും തുടച്ചു നീക്കുകയെന്നത് സംഘ്പരിവാറിന്റെ ലക്ഷ്യമാണ്. ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള കുതന്ത്രം എന്ന നിലയ്ക്കാണ് അവർ മറ്റ് മതക്കാരുമായി ചങ്ങാത്തം നടിക്കുന്നത്.


ഇതുകൂടി വായിക്കു;ത്രിപുര അശാന്തിയുടെ ആഴങ്ങളിലേക്ക് 


കൊല്ലാൻ വേണ്ടി നിറുത്തിയിരിക്കുന്ന കോഴിക്ക് നെല്ലുകൊടുക്കുന്നതുപോലെയോ അറവുമാടിന് കുടിവെള്ളം കൊടുക്കുന്നതുപോലെയോ ഉള്ള ഒരു കാരുണ്യപ്രവർത്തനമാണ് സംഘ്പരിവാർ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നാഗാലാൻഡിൽ നടത്തിയത്. അതുവഴി പാർലമെന്റിലേക്കും സംഘ്പരിവാറിനു സ്വാധീനമുള്ള നിയമസഭകളിലേക്കും ഭൂരിപക്ഷ വർഗീയതയുടെ ഈശ്വര പ്രാർത്ഥനകൾ അടിച്ചേൽപ്പിക്കാം. ഒരു ദിവസം ഗണപതി പൂജയോടെ പാർലമെന്റ് ആരംഭിച്ചേക്കാം. അതുവഴി, മതവാദികളുടെ അപ്രിയപദമായ മതേതരത്വം കുഴിച്ചുമൂടുകയും ചെയ്യാം. പിന്നെയാണ്, ദൈവ സംസ്ഥാപനത്തിന് വേണ്ടിയുള്ള ന്യൂനപക്ഷ മതങ്ങളുടെ മുറവിളി ആരംഭിക്കാൻ പോകുന്നത്. ഹിന്ദു മതതീവ്രവാദികളാൽ കൊല ചെയ്യപ്പെടുകയോ ബലാൽഭോഗത്തിന് വിധേയരാവുകയോ ചെയ്തവരുടെ വലിയ നിലവിളികൾ ഓർമ്മയിൽ നിന്നും ഉയരുകതന്നെ ചെയ്യും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിൽ ക്രിസ്ത്യൻ പ്രാർത്ഥന അനുവദിച്ചവർ എന്ന പേരിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവരുടെ വോട്ട് തട്ടാമെന്ന വ്യാമോഹവും നാഗാലാൻഡ് ഹലേലുയ്യക്ക് പിന്നിലുണ്ടാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.