22 December 2024, Sunday
KSFE Galaxy Chits Banner 2

ലത: ജന്മാന്തരങ്ങളുടെ സ്വരമാധുര്യം

രമേശ് ബാബു
മാറ്റൊലി
February 26, 2022 6:24 am

മരത്വമാർന്ന തന്റെ സ്വരമാധുരി ജന്മാന്തരങ്ങളിലേക്ക് സന്നിവേശിപ്പിച്ച് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ എന്ന ഏകാകിനി വിടപറഞ്ഞപ്പോൾ പിന്നണി ഗാനരംഗത്ത് ഒരു യുഗാന്ത്യം സംഭവിക്കുകയായിരുന്നു. 36 ഭാഷകളിൽ മുപ്പത്തിയാറായിരത്തോളം ഗാനങ്ങളിലൂടെ ഏഴു പതിറ്റാണ്ടോളം ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ലത ഭാരതരത്നം തന്നെയായിരുന്നു. അംഗീകാരങ്ങൾക്കും പുരസ്കാരങ്ങൾക്കുമപ്പുറം ആരാധക ഹൃദയങ്ങളിൽ ദശാബ്ദങ്ങളായി കുടിയിരിക്കുന്ന ലത മങ്കേഷ്കർ വരും ദശാബ്ദങ്ങളിലും പകരക്കാരില്ലാതെ ഹൃദയദേവതയായി തന്നെ കുടികൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല. ജീവിതാനുഭവങ്ങളും അതിന്റെ നൊമ്പരങ്ങളുമാണ് അവരെ രൂപപ്പെടുത്തിയത്. നിലനില്പിനായുള്ള ജീവിത സമരത്തിന്റെ വേദനകളും യാഥാർത്ഥ്യങ്ങളുമാണ് അവരുടെ ആലാപനത്തിൽ ഭാവസാന്ദ്രത പകർന്നത്. മാറിയ കാലത്ത് അനുഭവപരിണാമങ്ങളുടെ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന സംഗീതജ്ഞർ തുലോം കുറവായിരിക്കും.
ദീനനാഥ് മങ്കേഷ്കർ എന്ന അച്ഛൻ 42-ാം വയസിൽ അകാലമൃത്യുവടയുമ്പോൾ ലതയ്ക്ക് പ്രായം 12. ഒരു വലിയ കുടുംബത്തെ മൂത്തകുട്ടിയായ ലതയെ ഏല്പിച്ചിട്ടാണ് ദീനനാഥ് യാത്രയായത്. അച്ഛൻ പകർന്നുകൊടുത്ത സംഗീത പാഠങ്ങൾ തന്നെയാണ് ലതയ്ക്ക് നിത്യവൃത്തിക്ക് വഴികാട്ടിയായതും. കടമകളും ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റിയ സഹോദരിയായും അച്ഛന്റെ സംഗീത സ്വപ്നങ്ങളെ സാക്ഷാത്കരിച്ച് പിന്നണി സംഗീതലോകത്തെ ചക്രവർത്തിനിയായും പകർന്നാട്ടം നടത്തുന്നതിനിടയിൽ വിവാഹജീവിതം പോലുള്ള ബന്ധങ്ങളൊക്കെ ലത സ്വയം ഉപേക്ഷിക്കുകയായിരുന്നു. സ്വയം നിർമ്മിതമായ ജീവിതത്തിലൂടെയുള്ള ലക്ഷ്യപ്രയാണത്തിനിടയിൽ അവർ വേണ്ടുവോളം കാർക്കശ്യക്കാരിയായി, അനുതാപമോ സഹഭാവമോ പ്രകടിപ്പിക്കാത്ത കലാകാരിയായി. വിമർശനങ്ങളെയെല്ലാം പട്ടുപോലുള്ള ശബ്ദത്തിന്റെ മാധുര്യംകൊണ്ട് നിശബ്ദമാക്കി.


ഇതുകൂടി വായിക്കൂ: നിലയ്ക്കില്ലീ നാദമാധുരി


മാസ്റ്റർ ഗുലാം ഹൈദർ ‘ദിൽ മേരാ തോഡാ’ എന്ന ആദ്യ ഹിറ്റ് (മജ്ബൂർ) 1948 ൽ ലതയ്ക്ക് നല്കുമ്പോൾ ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് നൂർജഹാൻ, ഗീതാദത്ത്, ഷംഷദ് ബീഗം തുടങ്ങിയ ഉന്നതരായ ഗായികമാർ നിറ‍ഞ്ഞുനില്ക്കുന്ന സമയമായിരുന്നു. ക്ലാസിക് സ്വരഭംഗിയുള്ള ഈ ഗായികമാരുടെ ഇടയിലേക്കാണ് ലോലമായ, കനംകുറഞ്ഞ ശബ്ദവുമായി ലത അരങ്ങേറുന്നത്. വൈശിഷ്ട്യമില്ലാത്ത സ്വരത്തിനുടമ എന്ന വിമർശനത്തെ ആലാപനത്തിലെ ശ്രുതിശുദ്ധിയും ഭാവസാന്ദ്രതയും സംഗതികളും കൊണ്ട് നിറച്ച് ലത എന്ന പോരാളി എതിരിട്ടപ്പോൾ പുതിയൊരു ആലാപന ശൈലിയിലേക്ക് ആസ്വാദകർ ആവാഹിക്കപ്പെടുകയായിരുന്നു.
സലിൽ ചൗധരി മധുമതി എന്ന ചിത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ‘ആജാരെ പരദേശി’ എന്ന ഗാനം ഹൃദയാവർജ്ജകമായ ഈണം കൊണ്ടും ലതയുടെ അഭൗമമായ ആലാപനത്താലും രംഗചിത്രീകരണത്തിന്റെ മികവുകൊണ്ടും അവിസ്മരണീയമായ അനുഭൂതിയായപ്പോൾ ലത എന്ന ഗായിക ഈ ഒറ്റ ഗാനംകൊണ്ട് സംഗീതലോകം തന്നെ കീഴടക്കി. ആയിരത്തി തൊള്ളായിരത്തി അൻപതുകളോടെ സിനിമയുടെ രീതികൾ മാറിത്തുടങ്ങിയത് ലതയ്ക്ക് അനുഗ്രഹമാകുകയായിരുന്നു. പിന്നീട് എതിരില്ലാത്ത ലോകത്തേക്കാണ് ലത ആനയിക്കപ്പെടുന്നത്.

 

ലത മങ്കേഷ്കറിന്റെ മുൻഗാമികളായ ഗായകരെയും സമകാലികരെയും താരതമ്യം ചെയ്യുമ്പോൾ അവർ പാടിയ ഗാനങ്ങളിൽ മിക്കതും ഹിറ്റുകളായിരുന്നുവെന്ന് കാണാം. എന്നാൽ ലത പാടിയ ആയിരക്കണക്കിന് ഗാനങ്ങളിൽ ഹിറ്റുകൾ വളരെ കുറവാണെന്നും ശേഷിക്കുന്നവ വളരെ ‘റേഞ്ച്’ കുറഞ്ഞ ആലാപനം മാത്രമുള്ള ഗാനങ്ങളാണെന്നുമുള്ള നിരീക്ഷണം സംഗീത നിരൂപകർ ഉയർത്തുന്നുണ്ട്. കുന്ദൻലാൽ സൈഗാൾ, സി എച്ച് ആത്മ, ജദ്ദൻബായി, ഹീരാബായി, സിദ്ധേശ്വരി ദേവി, ഗാംഗുബായി, ബേഗം അക്തർ, നൂർജഹാൻ, ഷംഷദ് ബീഗം, ഗീത ദത്ത് തുടങ്ങിയ ആദ്യകാല ഗായകരും ലതയുടെ സമകാലികരായ ഇതിഹാസ ഗായകൻ മുഹമ്മദ് റഫി, മഹേന്ദ്ര കപൂർ, മുകേഷ്, തലത്ത് മുഹമ്മദ്, മന്നാഡേ, കിഷോർ കുമാർ, യേശുദാസ് എന്നിവർ മൊത്തം ആലപിച്ച ഗാനങ്ങളും പരിഗണിക്കുമ്പോൾ അതിലേറെയും എക്കാലത്തേയും ഹിറ്റുകളാണ്. ഇതല്ല ലതയുടെ സ്ഥിതി. എന്നാൽ ലതയുടെ ഹിറ്റുകളായ ഗാനങ്ങളാകട്ടെ അനവദ്യ സുന്ദരങ്ങളുമാണ്. അവ ഹൃദയലതികകളായി ആസ്വാദകരിൽ കാലഭേദമില്ലാതെ പൂത്തുലഞ്ഞു നില്ക്കുന്നു. മേഹെ ദുർഗയെ സാവരിയാ (നൗഷാദ്), ആജ് ഫിർ ജീനേകി തമന്നാ ഹെ (സച്ചിൻ ദേവ് ബർമൻ), ഓ സജനാ ബർഖാ ബാഹർ ആയി, രജനിഗന്ധ ഫൂൽ തുമാരെ (സലിൽ ചൗധരി), തേരാ മേരാ പ്യാർ അമർ, രസിക് ബല്മാ, ആജാ ആയി ബഹാർ, പാഞ്ച് ബനേ (ശങ്കർ ജയ്‌കിഷൻ), രെയ്‌നാ ബീതിജായെ, ബാഹോം മെ ചലെ ആവോ, തെരേ ബീനാ സിന്ദഗി സെ കോയി ഷിക്കവാ, തെരെ ബിനാ ജിയാ ജാനേന, ബീതിനാ ബിതായി രെയ്‌ന (ആർ ഡി ബർമൻ), ജാനെ ക്യോം ലോഗ് മുഹബത്ത് കിയാ കർത്ത, സത്യം ശിവം സുന്ദരം (ലക്ഷ്മികാന്ത് പ്യാരേലാൽ), കബീ കബീ മേരേ ദിൽ മെയിൻ (ഖയാം), ലഗ്ജാ ഗലെ, ആജ് സോച്ചാതോ ആസൂ ബഹാർ ആയെ, ആപ്കി നസരോഹെ സംജ്ഝാ, തൂ ജഹാ ജഹാ ചലേഗാ, നെയ്നാ ഭർസെ, നെയ്നോം മെബദ് രാഛായെ (മദൻ മോഹൻ) തുടങ്ങിയ പാട്ടുകളിലൂടെയായിരിക്കും ലത മങ്കേഷ്കർ വരും കാലങ്ങളെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുക.


ഇതുകൂടി വായിക്കൂ: മലയാളികളുടെ പ്രിയപ്പെട്ട കണ്‍കദളി


മദൻമോഹൻ എന്ന സംഗീത സംവിധായകനാണ് ലത മങ്കേഷ്കറുടെ സ്വരത്തിലൂടെ അപൂർവ മാന്ത്രികത സൃഷ്ടിച്ചതെന്ന് പറയാം. ലത മങ്കേഷ്കറുടെ ഇഷ്ട സംഗീത സംവിധായകനും മദൻ മോഹനായിരുന്നു. രുദാലി എന്ന ചിത്രത്തിനുവേണ്ടി ഡോ. ഭൂപൻ ഹസാരികയ്ക്കൊപ്പം ആലപിച്ച ദിൽ ഹൂം ഹൂം കരേ എന്ന ഗോത്ര – ക്ലാസിക്കൽ സംഗീത സങ്കലനഗാനം ലത മങ്കേഷ്കറുടെ ആലാപന ചാരുതയുടെ ഉത്തമ മാതൃകയാണ്.
സംഗീത സപര്യക്കിടയിൽ ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും തയാറാകാത്ത ലത മങ്കേഷ്കർ അതുപോലെതന്നെ തന്റെ വഴിയിലെ വിഘ്നങ്ങളെയും വച്ചുപൊറുപ്പിക്കാനുള്ള സഹിഷ്ണുത കാട്ടിയിട്ടില്ല. ഇന്ത്യ ജന്മംകൊടുത്ത എക്കാലത്തെയും മികച്ച പിന്നണി ഗായകൻ മുഹമ്മദ് റഫിയോട് പിണങ്ങുകയും അദ്ദേഹത്തോടൊപ്പം കുറച്ചുകാലം പാടാൻ തയാറാകാതിരിക്കുകയും ചെയ്ത ലത മങ്കേഷ്കർ തന്റെ പിടിവാശിമൂലം റഫി — ലത ദ്വയത്തിലൂടെ അനശ്വരമാകേണ്ടിയിരുന്ന എത്രയോ ഗാനങ്ങളുടെ പിറവിയെ ഇല്ലാതാക്കി. ബോൽരെ പപ്പിഹരാ എന്ന ഗാനവുമായി ഹിന്ദിയിലെത്തിയ വാണിജയറാമിന് അവസരം കൊടുത്തതിന് സംഗീത സംവിധായകരോട് അവർ കലഹിച്ചു. അനുജത്തി ആശ ഭോസ്ലേയുമായും അകൽച്ച സൂക്ഷിച്ചിരുന്നു. ലതയുടെ സ്വഭാവത്തിലെ ഇത്തരം ആശങ്കകൾ കാരണം ഓംകാർ പ്രസാദ് നയ്യാർ എന്ന ഇതിഹാസ സംഗീത സംവിധായകൻ അവരെക്കൊണ്ട് ഒരു പാട്ടുപോലും പാടിപ്പിച്ചിട്ടില്ല. എങ്കിലും ലതയുടെ കടുത്ത ആരാധകനാണ് താനെന്നു പറയുന്നതിൽ ഒ പി നയ്യാർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. വടക്കേ ഇന്ത്യ – തെക്കേ ഇന്ത്യ അപകർഷങ്ങൾ സൂക്ഷിച്ചിരുന്ന ലത മങ്കേഷ്കർ പക്ഷേ പി സുശീലയുടെ ആരാധികയായിരുന്നു. ഇന്ത്യയിൽ ആലാപന വൈവിധ്യത്തിലും രാഗവിന്യാസങ്ങളിലും പി സുശീലയെ വെല്ലാൻ മറ്റൊരു ഗായിക ഇല്ലെന്ന ഭൂരിപക്ഷ സംഗീത നിരൂപകരുടെ ബോധ്യം ലത മങ്കേഷ്കറും ഉൾക്കൊണ്ടിരുന്നുവത്രേ! ഒറ്റപ്പെട്ട ജീവിതത്തിലെ ശാഠ്യങ്ങൾക്കപ്പുറം സംഗീതം മാത്രം ഉപാസിച്ചു വഴിനടന്ന ഈ ഏകാന്ത പഥിക ലോകത്തെ ആബാലവൃദ്ധത്തെയും നനുത്ത ഭാവതീവ്രതയാർന്ന അമരസ്വരത്താൽ ഇനിയും മന്ത്രമുഗ്ധരാക്കിക്കൊണ്ടിരിക്കും. അതിന്റെ സാക്ഷ്യമാണ് രാജ്യം മുഴുവൻ അർപ്പിച്ച ആദരാഞ്ജലികൾ.

നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലേ നിന്റെ ഗാനമെന്നും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.