23 December 2024, Monday
KSFE Galaxy Chits Banner 2

ലാറ്റിനമേരിക്കയിലെ കൊളംബിയന്‍ ചുവപ്പ്

Janayugom Webdesk
June 21, 2022 5:00 am

ലാറ്റിനമേരിക്കയിലെ കൊളംബിയന്‍ ചുവപ്പ് മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലും പ്രവചനങ്ങളെ യാഥാര്‍ത്ഥ്യമാക്കി ഇടതു സ്ഥാനാര്‍ത്ഥി പ്രസിഡന്റായിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സായുധവും സാമ്പത്തികവുമായ എല്ലാ ഉപരോധങ്ങളെയും കുതന്ത്രങ്ങളെയും കുത്തിത്തിരിപ്പുകളെയും പ്രതിരോധിച്ച് സോഷ്യലിസ്റ്റ് പാതയില്‍ ഉറച്ചുനില്ക്കുന്ന ക്യൂബയ്ക്കും സുശക്തമായ ഇടതു നിലപാടുകളിലൂടെ മുന്നേറുന്ന വെനസ്വേലയ്ക്കും പിറകേ ലാറ്റിനമേരിക്കയിലെ കൂടുതല്‍ രാജ്യങ്ങള്‍ ഇടതുപക്ഷത്തെ തെരഞ്ഞെടുക്കുകയാണ്. കഴിഞ്ഞ ദിവസം സമ്മതിദായകര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഗുസ്താവോ പെട്രോയെ പ്രസിഡന്റായി തെരഞ്ഞെടുത്തതോടെ ലാറ്റിനമേരിക്കയില്‍ ചുവപ്പിനെ സ്വീകരിച്ച ഒമ്പതാം രാജ്യമായിരിക്കുകയാണ് കൊളംബിയ. ക്യൂബയ്ക്കും വെനസ്വേലയ്ക്കും പിറകേ അര്‍ജന്റീന, ചിലി, ബൊളീവിയ, നിക്കരാഗ്വ, പെറു, ഹോണ്ടുറാസ്‌ തുടങ്ങിയ രാജ്യങ്ങളാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇടതുപക്ഷത്തെ തെരഞ്ഞെടുത്തത്.

 

ഇതും കൂടി വായിക്കാം; പ്രവാസികളോടുള്ള അവഹേളനം

 

അഭിപ്രായ വോട്ടെടുപ്പിലും മേയ് 29 ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലും മുന്‍തൂക്കം നേടിയാണ് ഗുസ്താവോ പെട്രോ അന്തിമവോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍ 40 ശതമാനം വോട്ടെങ്കിലും ആദ്യഘട്ടത്തില്‍ ഗുസ്താവോ നേടുമെന്നായിരുന്നു പ്രവചനമുണ്ടായിരുന്നത്. മേയ് 29ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍, അഭിപ്രായ സര്‍വേകളില്‍ പ്രവചിച്ചതുപോലെ 40.3 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനം വിനിയോഗിക്കുന്ന 50 ശതമാനം പേരുടെ പിന്തുണ ലഭിക്കാതിരുന്നതിനാലാണ് അന്തിമ ഘട്ടം ആവശ്യമായി വന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി റോഡോള്‍ഫോ ഹെര്‍ണാണ്ടസിന് 28 ശതമാനം വോട്ടുകളാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. ഞായറാഴ്ച നടന്ന അന്തിമ ഘട്ടവോട്ടെടുപ്പില്‍ ഗുസ്താവോ 50.4 ശതമാനം വോട്ട് നേടിയപ്പോൾ ഹെർണാണ്ടസിന്‌ 47.3 ശതമാനം വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. ഇതോടെയാണ് കൊളംബിയയുടെ ചരിത്രത്തില്‍ ചുവപ്പ് പടര്‍ത്തി ഗുസ്താവോയുടെ അധികാരാരോഹണത്തിന് വഴിയൊരുങ്ങിയത്. വോട്ടെടുപ്പ് ദിവസം ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അതുപോലെതന്നെ വോട്ട് അസാധുവാണെന്ന് വരുത്താനുള്ള ശ്രമങ്ങള്‍, സമ്മതിദായകരെ സ്വാധീനിക്കല്‍, നിരീക്ഷകരെ തടയല്‍ എന്നിവ നടന്നതായുള്ള വാര്‍ത്തകളുമുണ്ടായി. എന്നാല്‍ അവയെ എല്ലാം അതിജീവിച്ചാണ് കൊളംബിയന്‍ ജനത അതിന്റെ ചരിത്ര നിയോഗമെന്നോണമുള്ള വിധിയെഴുത്ത് നടത്തിയിരിക്കുന്നത്.

ഓഗസ്റ്റ് ഏഴിനാണ് ഗുസ്താവോ കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. മറ്റുപല മുതലാളിത്താഭിമുഖ്യ രാജ്യങ്ങളെയും പോലെ കോവിഡ് മഹാമാരിക്കാലവും അതിനു മുമ്പും വലതുപക്ഷ ഭരണത്തിനു കീഴില്‍ വന്‍ ദുരിതങ്ങളെ അഭിമുഖീകരിച്ച രാജ്യമായിരുന്നു കൊളംബിയ. നിലവിലുള്ള തീവ്ര വലതുപക്ഷഭരണകൂടത്തിന്റെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങളും കോവിഡ് മഹാമാരി നേരിടുന്നതില്‍ കാട്ടിയ അലംഭാവങ്ങളും ജനങ്ങളുടെ വെറുപ്പിന് ഇടയാക്കിയിരുന്നു. അതിനെതിരായ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് ഇടത് ആഭിമുഖ്യം വളര്‍ത്താനിടയാക്കിയത്. സുസ്ഥിര ദേശീയ വികസന നയങ്ങളും തദ്ദേശീയ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും ഒപ്പം സ്ത്രീശാക്തീകരണം, എല്ലാവരെയും കൂട്ടിയോജിപ്പിച്ചുള്ള ഭരണം എന്നിങ്ങനെ ഗുസ്താവോ മുന്നോട്ടുവച്ച നിലപാടുകളെ ജനങ്ങള്‍ അംഗീകരിക്കുന്നതിനു അവിടെ നടന്ന പ്രക്ഷോഭങ്ങള്‍ അടിത്തറയൊരുക്കി. വിദ്യാര്‍ത്ഥികളും കര്‍ഷകരും തദ്ദേശീയ ജനവിഭാഗങ്ങളും എല്ലാം തെരുവിലിറങ്ങിയ പോരാട്ടത്തിനാണ് കൊളംബിയ സാക്ഷ്യം വഹിച്ചത്. 2021 ഏപ്രില്‍ അവസാനം മുതല്‍ ജൂണ്‍വരെ നീണ്ടുനിന്ന തുടര്‍ച്ചയായ സമരങ്ങളും നടന്നു. ആയിരങ്ങളാണ് രാജ്യത്തെ നഗരങ്ങളിലെല്ലാം തെരുവിലിറങ്ങിയത്. പ്രക്ഷോഭങ്ങളുടെയും ജനാധിപത്യ പ്രക്രിയയുടെയും വഴികളിലൂടെയാണ് തീവ്ര ഇടതുപക്ഷ നിലപാടുണ്ടായിരുന്ന ഗുസ്താവോ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നത്.

 

ഇതും കൂടി വായിക്കാം; കേരളത്തിനെതിരെ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു

 

2018ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് തോറ്റെങ്കിലും രാജ്യ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും ദേശീയ സെനറ്റ് അംഗമായും ഗുസ്താവോ പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുള്ള ഭരണനടപടികളായിരിക്കും തന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നാണ് പ്രസിഡന്റ് പദവിയിലേക്ക് വിജയമുറപ്പിച്ച ശേഷം ആദ്യം ഗുസ്താവോ പ്രതികരിച്ചത്. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളും ജനങ്ങളുടെ ജീവിത പ്രതിസന്ധികളും പരിഹരിക്കുന്നതിന് എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും അതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മതിദാനം വിനിയോഗിച്ചവരുടെ 50 ശതമാനത്തിന്റെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും അതിനുശേഷം രാജ്യത്തിന്റെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നുമുള്ള വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. നിലപാടുകളുടെ ഈ തെളിമയില്‍ നിന്നുതന്നെ, തനതായ ഭരണസംവിധാനത്തെയല്ല യഥാര്‍ത്ഥ ഇടതുപക്ഷത്തെയാണ് കൊളംബിയന്‍ പൗരസമൂഹം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.