March 22, 2023 Wednesday

Related news

March 16, 2023
March 16, 2023
February 28, 2023
February 18, 2023
February 9, 2023
February 8, 2023
February 2, 2023
January 28, 2023
January 27, 2023
January 20, 2023

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പരിഹാരത്തിന് നിയമ ഭേദഗതി

Janayugom Webdesk
തിരുവനന്തപുരം
January 10, 2023 2:39 pm

ഇടുക്കി ജില്ലയില്‍ ഭൂവിനിയോഗത്തിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ബിൽ 23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു.
1960ലെ നിയമത്തിൽ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ അധികാരം നൽകുന്ന പുതിയ വകുപ്പ് ചേർത്താണ് നിയമ ഭേദഗതി. ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളിലും ഭേദഗതി വരുത്തും. ജീവിതോപാധിക്കായി നടത്തിയ ചെറു നിർമ്മാണങ്ങളും (1500 ചതുരശ്ര അടി വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിർമ്മാണവും എന്ന് യോഗത്തിൽ യോഗത്തില്‍ അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവൽക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

1500 ചതുരശ്ര അടിക്ക് മുകളിലുള്ള നിർമ്മിതികൾ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കിൽ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തലില്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമ്മാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ/ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യൽ ഫോറങ്ങൾ, ബസ് സ്റ്റാന്റുകൾ, റോഡുകൾ, പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിർവചിച്ചിട്ടുള്ളവ ആണ് ഇങ്ങനെ ഒഴിവാക്കുക. സംസ്ഥാനത്തിന് പൊതുവിൽ ബാധകമാകും വിധത്തിൽ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങൾ തയ്യാറാക്കാൻ റവന്യു ‑നിയമ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.

കാർഡമം ഹിൽ റിസർവിൽ ഭൂമി പതിച്ചു നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടൻ ലഭ്യമാക്കി ലാൻഡ് രജിസ്റ്ററിൽ ചട്ടം 2(എഫ്) പ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്ന കൈവശങ്ങൾക്ക് പട്ടയം അനുവദിക്കും. 20,384.59 ഹെക്ടർ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. ഇതിൽ പട്ടയം നൽകാൻ ബാക്കിയുള്ളവയിൽ അടിയന്തര തീരുമാനമെടുക്കാൻ റവന്യു, വനം വകുപ്പുകളും ജില്ലാ കളക്ടറും കെഎസ്ഇബിയും ചർച്ച നടത്തും. പതിനായിരത്തോളം ഹെക്ടർ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്ന് യോഗം വിലയിരുത്തി. 

പട്ടയ ഭൂമിയിൽ നിന്ന് ഉടമസ്ഥർക്ക് മരം മുറിക്കാൻ കഴിയാത്ത അവസ്ഥ പരിശോധിക്കാൻ റവന്യു, വനം മന്ത്രിമാർ യോഗം ചേരും. ഇത് സംബന്ധിച്ച് നിരവധി പരാതികൾ വനം വകുപ്പിന് ലഭിച്ചിരുന്നു. ജില്ലയിലെ ഇത്തരം എല്ലാ പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
റവന്യു മന്ത്രി കെ രാജൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ് എന്നിവരും വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് മേധാവി ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Eng­lish Summary;Law amend­ment to solve land prob­lems in Iduk­ki district

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.