29 March 2024, Friday

Related news

March 27, 2024
February 21, 2024
February 6, 2024
January 30, 2024
January 20, 2024
December 30, 2023
December 25, 2023
December 18, 2023
December 7, 2023
December 1, 2023

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നിയമ തടസം നീങ്ങി

Janayugom Webdesk
തിരുവനന്തപുരം
February 25, 2022 9:48 pm

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നിയമ തടസം മാറി. ലയന നടപടികളുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത വിധിയില്‍ തല്‍സ്ഥിതി തുടരാനുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം ഇന്നലെ ഒഴിവാക്കുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വം ഒഴിവായത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് സഹകരണവകുപ്പിന്റെ തീരുമാനം. 

മൂന്ന് തലത്തിലുള്ള ബാങ്കിങ് സംവിധാനം ഒഴിവാക്കി ദ്വിതല സംവിധാനം ഒരുക്കുകയും അതുവഴി പലിശ ഇനത്തില്‍ സഹകാരികള്‍ക്ക് ലാഭം നല്‍കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിച്ചത്. എന്നാല്‍ 13 ജില്ലാ സഹകരണ ബാങ്കുകളും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നിന്നപ്പോള്‍, രാഷ്ട്രീയ കാരണങ്ങള്‍ ഉയര്‍ത്തി യുഡിഎഫിന് നിയന്ത്രണമുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ ദ്വിതല സംവിധാനത്തില്‍ സഹകാരികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന പലിശ ഇനത്തിലെ രണ്ട് ശതമാനം വരെയുള്ള നേട്ടം മലപ്പുറത്തെ സഹകാരികള്‍ക്ക് നഷ്ടമായി. 

കേരള ബാങ്കിലുള്ള അത്യാധുനിക ബാങ്കിങ് സൗകര്യങ്ങളും മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയും സൃഷ്ടിക്കപ്പെട്ടു. ഇതിനു പിന്നാലെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. പിന്നാലെ നിയമസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സഹകാരികളും ജീവനക്കാരും ജില്ലാ സഹകരണ ബാങ്കിന്റെ നിലപാടിനെ എതിര്‍ക്കുകയും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. ഇവരുടെ ആവശ്യം പരിഗണിച്ചാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. 

ഇതിനെയാണ് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി കോടതിയെ സമീപിച്ചത്. ഇതിനിടയില്‍ നിയമസഭയില്‍ ജില്ലാ സഹകരണ ബാങ്ക് ലയനത്തെ സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷം സര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുകയും ഐക്യകണ്‌ഠേന ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. കോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. 

Eng­lish Summary:The legal imped­i­ment to the merg­er of Malap­pu­ram Dis­trict Co-oper­a­tive Bank with Ker­ala Bank has been removed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.