18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 14, 2025
June 4, 2025
June 4, 2025
June 3, 2025
June 2, 2025
June 1, 2025
May 31, 2025
May 23, 2025
May 20, 2025
May 19, 2025

പ്രതിപക്ഷ നിലപാട്; നിയമസഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

web desk
തിരുവനന്തപുരം
March 21, 2023 11:05 am

ഏഴാം ദിവസവും പ്രതിപക്ഷം നടപപടികള്‍ നടപടികൾ തടസപ്പെടുത്തിയതോടെ നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ധനബില്ലും ധനവിനിയോഗ ബില്ലും പാസാക്കുന്നതിനായി മാർച്ച് 30 വരെ നടക്കേണ്ട പ്രത്യേക സമ്മേളനമാണ് ഇന്ന് പിരിഞ്ഞത്. ഇത് സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിലേക്കുള്ള ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ധനബില്ലും ധനവിനിയോഗ ബില്ലും സഭ പാസാക്കി.

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന്റെ പേരിൽ കേട്ടുകേൾവിയില്ലാത്ത നടപടികളാണ് പ്രതിപക്ഷം സ്വീകരിച്ചത്. സഭാ നടപടികൾ തുടർച്ചയായി തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് സംഘർഷം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. സമാന്തര സഭ നടത്തിയ പ്രതിപക്ഷം വാര്‍ത്താസമ്മേളനം വിളിച്ച് സ്പീക്കറെയും വിമർശിച്ചു. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വിധം സ്പീക്കറുടെ കോലം കത്തിക്കല്‍ പ്രതിഷേധ മാർഗവും പ്രതിപക്ഷം സ്വീകരിച്ചിരുന്നു.

ജനുവരി 23നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിച്ചത്. 2023–24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേര്‍ന്ന സമ്മേളനത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും മൂന്നിന് ബജറ്റ് അവതരണവും നടന്നു. ഫെബ്രുവരി ആറ് മുതല്‍ എട്ടു വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും നടന്നു. തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകള്‍ സൂക്ഷ്മ പരിശോധന നടത്തി. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത് ഒമ്പതാം തവണയാണ് ഫുള്‍ ബജറ്റ് പാസാക്കുന്നത് എന്ന സവിശേഷത ഈ സമ്മേളനത്തിനുണ്ടായി. ഇതിനു മുന്‍പ് 2020 ലാണ് ഫുള്‍ ബജറ്റ് പാസായത്.

ഫെബ്രുവരി 28 മുതല്‍ ഇന്നുവരെ 2023–24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടന്നിരുന്നു. ധനവിനിയോഗ ബില്ലുകള്‍ ഉള്‍പ്പെടെ ഈ സമ്മേളനത്തില്‍ സഭ ആകെ എട്ട് ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. സഭ പാസാക്കിയ പ്രധാന ബില്ലുകളില്‍ ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആന്റ് അസൈന്‍മെന്റ്) അമെന്റ്മെന്റ്ബില്‍, 2022‑ലെ കേരള പഞ്ചായത്ത് രാജ് ബില്‍, 2022ലെ കേരള മുനിസിപ്പിലാറ്റി ബില്‍, 2021ലെ കേരള പൊതുജനാരോഗ്യ ബില്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സമ്മേളനകാലയളവില്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി മാര്‍ച്ച് മൂന്ന്, 17 തീയതികളിലായി രണ്ടു ദിവസം വിനിയോഗിച്ചു. ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 7600 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ഈ സമ്മേളനത്തില്‍ ലഭ്യമായത്. 570 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 6888 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി. വിവിധ സമ്മേളനങ്ങളിലെ നക്ഷത്രചിഹ്നമിടാത്ത രണ്ട് ചോദ്യങ്ങളുടെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്താവന ഈ സമ്മേളനത്തില്‍ സഭയില്‍ സമര്‍പ്പിക്കുക യുണ്ടായി. ചട്ടം 50 പ്രകാരമുള്ള 14 നോട്ടീസുകള്‍ സഭയില്‍ വന്നു.

സമ്മേളനത്തില്‍ 32 ശ്രദ്ധക്ഷണിക്കലുകളും 149 സബ്മിഷനുകളും സഭാതലത്തില്‍ ഉന്നയിക്കപ്പെട്ടു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് വിഷയം സംബന്ധിച്ച് മാര്‍ച്ച് 15ന് സഭയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടായി. എട്ടാം സമ്മേളനകാലത്താകെ 384 രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുകയും വിവിധ നിയമസഭാ സമിതികളുടേതായ 57 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

സഭയുടെ എട്ടാം സമ്മേളന നടപടികള്‍ വിജയിപ്പിക്കുവാന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, വിവിധ കക്ഷി നേതാക്കള്‍, മറ്റ് സഭാംഗങ്ങള്‍ എന്നിവര്‍ കാണിച്ച സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായി 21 ദിവസത്തെ സഭാസമ്മേളനം പിരിഞ്ഞതായി അറിയിച്ചുകൊണ്ട് സ്പീക്കര്‍ പറഞ്ഞു. എല്ലാപേര്‍ക്കും ഹൃദ്യമായ വിഷു-റംസാന്‍ ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.

 

Eng­lish Sam­mury: ker­ala Leg­isla­tive Assem­bly ses­sion adjourned

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.