23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 6, 2024
August 24, 2024
January 12, 2024
August 3, 2023
August 2, 2023
August 2, 2023
August 2, 2023
July 5, 2023
December 5, 2022
November 30, 2022

കേരള നിയമസഭ ലൈബ്രറി രാജ്യത്ത് ഏറ്റവും മികച്ചത്: സ്പീക്കർ എ എൻ ഷംസീർ

Janayugom Webdesk
കോഴിക്കോട്
September 17, 2022 7:55 pm

രാജ്യത്തെ മികച്ച നിയമസഭയും നിയമസഭാ ലൈബ്രറിയും കേരളത്തിന്റേതാണെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. കേരള നിയമസഭാ ലൈബ്രറി നൂറാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശേഖരണത്തിന്റെയും ഇൻഫർമേഷൻ സർവ്വീസിന്റെയും കാര്യത്തിൽ കേരള നിയമസഭ മുന്നിട്ട് നിൽക്കുന്നു. വായനയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൂട്ടിക്കൊണ്ട് പോവാനുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഇതിനായി പഞ്ചായത്ത്-വാർഡ് അടിസ്ഥാനത്തിൽ വായനശാലകൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നവോത്ഥാനമൂല്യം ഉയർത്തിക്കൊണ്ട് വരുന്നതിൽ വായനശാലകൾ വലിയപങ്ക് വഹിച്ചു. സാതന്ത്ര്യാനന്തരകാലത്ത് സാമാന്യജനവിഭാഗങ്ങളുടെ ഭൗതികവളർച്ചക്കും ജീവിത ഉന്നതിക്കും മഹത്തായ സംഭാവനകൾ നൽകിയത് ഗ്രന്ഥശാല പ്രസ്ഥാനങ്ങളാണ്. നിയമസഭാ സമ്മേളനത്തിന്റെ കാര്യത്തിലും ലൈബ്രറിയുടെ കാര്യത്തിലും കേരളമോഡൽ ലോകത്തിന് തന്നെ മാതൃകയാണ്. കേരളത്തിന്റെ സാംസ്കാരിക മേഖലക്ക് വലിയ രീതിയിൽ ഔന്നിത്യം നൽകുന്ന കാര്യത്തിലും ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ പങ്ക് വഹിച്ചു. വിദ്യാലയങ്ങളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം ആകർഷകമായ ലൈബ്രറികളും ഉണ്ടാവണം. സിലബസ്സിനപ്പുറം വായനയെ പ്രോത്സാഹിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു.

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചടങ്ങിന് ആശംസ നേർന്നു. അറിവ് നേടാനുള്ള അന്വേഷണത്തിലൂടെയാണ് വായനയുടെ ലോകത്തിൽ മുഴുകേണ്ടതെന്നും അന്വേഷണത്തിൽ നിന്നാണ് പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞു. കേരളനിയമസഭ ലൈബ്രറിയോട് കിടപിടിക്കുന്ന ലൈബ്രറികൾ രാജ്യത്ത് വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സാമാജികർക്കു അവരുടെ പ്രസംഗങ്ങൾ തയ്യാറാക്കാനുള്ള റഫറൻസ് ലൈബ്രറി എന്നതിൽ ഉപരിയായി വിജ്ഞാന ശേഖരണത്തിനുള്ള ഒരു മഹാഖനിയായി നിയമസഭാ ലൈബ്രറി മാറിയിട്ടുണ്ടെന്ന് തുറമുഖ‑പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൂടി ലൈബ്രറി പരിപൂർണമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നമ്മുടെ നാടിന്റെ വിജ്ഞാന സമ്പത്തിൽ ഒരു പ്രധാനപ്പെട്ട അക്ഷയ ഖനിയായി നിയമസഭാ ലൈബ്രറിയെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ചരിത്രവും രാഷ്ട്രീയവും ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികം ഓർമപ്പെടുത്തുന്ന ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ആശംസയും സദസിനെ അറിയിച്ചു.

കോഴിക്കോട് നടക്കാവ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, എം കെ മുനീർ, കെ എം സച്ചിൻദേവ്, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയൻ എ എസ് ലൈല, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറി ഉപദേശകസമിതി ചെയർമാൻ തോമസ് കെ തോമസ് എംഎൽഎ സ്വാഗതവും നിയമസഭ സെക്രട്ടറി എ എം ബഷീർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Leg­isla­tive library cen­te­nary cel­e­bra­tions kick off
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.