23 December 2024, Monday
KSFE Galaxy Chits Banner 2

കാല്‍നൂറ്റാണ്ട് കഴിയട്ടെ മക്കളേ…

ദേവിക
വാതിൽപ്പഴുതിലൂടെ
May 30, 2023 4:22 am

ശവപ്പെട്ടിയോട് രൂപസാമ്യമുള്ള നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരം മോഡി മഹാരാജാവ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ശവപ്പെട്ടിയുടെ തലപ്പത്ത് ഒരു കുഞ്ഞന്‍ റീത്തുവച്ചാല്‍ എങ്ങനെയിരിക്കും അതുപോലെയാണ് ആകാശവീക്ഷണത്തില്‍ നമ്മുടെ ജനാധിപത്യസൗധം. എന്താെക്കെയിരുന്നു മോഡിയുടെ നാടകങ്ങള്‍… മതേതര ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജകീയ അധികാരദണ്ഡായ ചെങ്കോല്‍, തമിഴ്‌നാട്ടിലെ സ്വര്‍ണപ്പണിക്കാര്‍ നിര്‍മ്മിച്ചത്. എന്നിട്ട് ഏതോ ആശ്രമത്തില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുവെന്ന് അവകാശവാദം. ചെങ്കോല്‍ തമ്പ്രാനെ ഏല്പിച്ചത് നെറ്റിയിലും മേലാകെയും ചുടലഭസ്മം വാരിത്തേച്ച പ്രാകൃതസന്യാസിമാര്‍. മതേതര ഇന്ത്യയില്‍ നടത്തുപടിക്കാരാകാന്‍ ഈ അഘോരി സന്യാസികളേയുള്ളോ. ഈ പൂച്ചസന്യാസിമാരെ സാഷ്ടാംഗം നമസ്കരിച്ച് മഹത്തായ ഇന്ത്യയുടെ പ്രധാനമന്ത്രി! സര്‍ക്കസിലെ കോമാളിയുടെ ഒരു തൊപ്പികൂടി മോഡിയെ ധരിപ്പിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു.
മഹാരാജാവിന്റെ പ്രസംഗമോ അതിലേറെ ഗംഭീരം. ലോകം ഇന്ത്യയെ കണ്ടുപഠിക്കുന്നു, കോപ്പിയടിക്കുന്നു എന്നൊക്കെ. പിന്നൊന്നുകൂടി രാജവചനം, കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്ത്യ അഷ്ടെെശ്വര്യസമൃദ്ധമാകുമെന്ന്. ഇതുകേട്ട് ഞെട്ടിയ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഷിയാപൂരിലുള്ള രുഗ്മിണി എന്ന അമ്മ തന്റെ മൂന്ന് പിഞ്ചുമക്കളോട് പറഞ്ഞിട്ടുണ്ടാവും, 25 കൊല്ലം കഴിയട്ടെ മക്കളെ അന്ന് നമുക്ക് ചെരുപ്പ് വാങ്ങാം. രുഗ്മിണി മോഡിഭരണത്തിലെ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും അവതാരമാണ്. ഭര്‍ത്താവ് ക്ഷയരോഗിയായി കിടപ്പില്‍. കത്തിക്കാളുന്ന നിരത്തിലൂടെ ജോലി തേടി അലയുന്ന രുഗ്മിണി, ഒപ്പം നടക്കുന്ന രണ്ട് കുട്ടികള്‍ക്ക് ചെരുപ്പ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പോളിത്തീന്‍ കവറുകള്‍കൊണ്ട് കാല്പാദങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. ദേശീയ, സാര്‍വദേശീയ മാധ്യങ്ങളില്‍ ഈ ഉള്ളുലയ്ക്കുന്ന ചിത്രം വന്‍ ശ്രദ്ധ നേടിയിരുന്നു. ആ കുരുന്നുകളോടാണ് മോഡി പറയുന്നത് കാല്‍നൂറ്റാണ്ടുകൂടി കാത്തിരിക്കാന്‍. നെല്ലിപ്പഴമുണ്ട് ചിരഞ്ജീവിയായിരിക്കും താനെന്ന മട്ടിലാണ് മേപ്പടിയാന്റെ കാല്‍നൂറ്റാണ്ടിന്റെ അവധി പറച്ചില്‍.

 


ഇതുകൂടി വായിക്കു; അംബേദ്കറില്‍ നിന്ന് സവര്‍ക്കറിലേക്ക്


 

നാട്ടുഭാഷയില്‍ പറയാറുണ്ട്, തെക്കുന്നു വന്നതും പോയി ഒറ്റാലില്‍ കിടന്നതും പോയി എന്ന്. സംസ്കൃതത്തിലെ ഒരു വചനമാണ് ഓര്‍ത്തുപോവുന്നത്. ‘യോധ്രുവാണി പരിത്യജ്യ അധൃത പരിഷേപരേ, ധ്രുവാണി തസ്യ നശ്യതി അധ്രുവം നഷ്ടമേ വചഃ’ അതായത് സങ്കല്പത്തിലുള്ള ലക്ഷ്യം തേടാന്‍ കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത്. എങ്കില്‍ രണ്ടും നഷ്ടമാവുകയാവും ഫലം. മോഡിയുടെ ചിന്തകളിലെ കോര്‍പറേറ്റുകളും വാക്കുകളിലെ ദരിദ്രരും ഒരിക്കലും പൊരുത്തപ്പെട്ടു പോകില്ല. അവസാനം രണ്ടും നഷ്ടപ്പെടുന്ന അവസ്ഥ ഹിമാചലിലും കര്‍ണാടകയിലും കണ്ട്തുടങ്ങിയതു കൊണ്ടാണല്ലൊ ഈ ചെങ്കോല്‍ കളിയും വിദൂഷകവേഷവും. കാല്‍നൂറ്റാണ്ട് കാത്തിരിക്കാനുള്ള ഉപദേശത്തിനിടെ ചില വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊടിയ ദാരിദ്ര്യമനുഭവിക്കുന്ന ലോകരാഷ്ട്രങ്ങളില്‍ ഇനി ദുനിയാവില്‍ ഇന്ത്യക്ക് പിന്നിലുള്ളത് നാലോ അഞ്ചോ രാജ്യങ്ങള്‍ മാത്രം. ലോകത്തെ അഞ്ച് കോടി ആധുനിക അടിമകളില്‍ മുക്കാല്‍പ്പങ്കും ഇന്ത്യക്കാര്‍. എന്തിന് മോഡിയുടെ സ്വന്തം ഗുജറാത്തില്‍ കുട്ടികള്‍ക്ക് പത്തക്ഷരം പറഞ്ഞുകൊടുക്കാന്‍ നേരമുണ്ടോ, ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മഹാരാജാവിന്റെ തട്ടകത്തിലെ 63 സ്കൂളുകളില്‍ ഒരൊറ്റ കുട്ടിപോലും ജയിച്ചില്ല. ഇതിനെല്ലാമിടയില്‍ നിന്നും വിളിച്ചുപറയുകയാണ് കാല്‍നൂറ്റാണ്ടുകൊണ്ട് ഇന്ത്യയെയങ്ങ് ഒലത്തിക്കളയുമെന്ന്.  കഴക്കൂട്ടത്ത് പണ്ടൊരു സബ് ഇന്‍സ്പെക്ടറുണ്ടായിരുന്നു. കാലണ കെെക്കൂലി വാങ്ങില്ല. പകരം അതങ്ങ് ഹെഡ് കുട്ടന്‍പിള്ളയെ ഏല്പിച്ചാല്‍ മതി. മുക്കാല്‍പ്പങ്ക് എസ്ഐ ഏമാന്, കാല്‍പ്പങ്ക് ഹെഡിനും.


ഇതുകൂടി വായിക്കു; അങ്ങനെ അവര്‍ക്ക് ചെങ്കോലും ആയി…


 

തന്റെ കോഴി മോഷണം പോയതിന് പരാതിയുമായി വരുന്ന പാവത്താന് കോഴിക്കള്ളനെ പിടിക്കണമെങ്കില്‍ ആടിനെ വിറ്റ് കെെക്കൂലി നല്കണം. സ്വന്തം തന്തപ്പടി പരാതിയുമായി വന്നാലും പോകാന്‍ നേരം പിതാശ്രീയോട് പുത്രശ്രീ പറയും, ‘അച്ഛാ എനിക്ക് കെെക്കൂലിയൊന്നും വേണ്ട. ആ ഹെഡ് കുട്ടന്‍പിള്ളയ്ക്ക് ഒരഞ്ഞൂറ് രൂപ കൊടുത്തേക്ക്, അതാണ് അഡ്ജസ്റ്റുമെന്റ്. പൂജപ്പുരയില്‍ ഒരു പൊലീസുകാരനുണ്ടായിരുന്നു. സന്ധ്യ മയങ്ങിയാല്‍ ലെെറ്റില്ലാതെ സെെക്കിള്‍ ചവിട്ടുന്നവരെ പിടികൂടും. ഒരു രൂപ കോഴവാങ്ങി വിട്ടയയ്ക്കും. അന്ന് രൂപ, അണ കാലമായിരുന്നു. ലെെറ്റില്ലാതെ വന്ന ഒരു ഇരയെ പിടിച്ചുനിര്‍ത്തി. ഒരു രൂപ തന്നിട്ട് പൊയ്ക്കൊ. സര്‍ എട്ടണയേയുള്ളു എന്ന് സെെക്കിളുകാരന്‍. ‘എട്ടണയെങ്കില്‍ എട്ടണ, എട്ടണ കടിക്കുമോടാ’ എന്ന് പൊലീസുകാരന്‍. അകത്തായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറും എട്ടണ പൊലീസും തമ്മില്‍ എന്തൊരു സാദൃശ്യം. കാശില്ലെങ്കില്‍ പുഴുങ്ങിയ മുട്ടയായാലും മതി. അതല്ലെങ്കില്‍ തേനും വയമ്പും, പടക്കമായാല്‍ ബഹുകേമം. പണമാണെങ്കില്‍ ആയിരക്കണക്കിന് വേണം. ഇന്നലെ മോഡി ഉദ്ഘാടനം ചെയ്ത സഹസ്രകോടികളുടെ നിര്‍മ്മാണത്തിന് പിന്നിലും അഴിമതിയുണ്ടെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങി. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ കലാരൂപങ്ങള്‍ ഒരുക്കിയത് മലയാളിയായ ജയാജയ്റ്റ്ലി ആണെന്ന വര്‍ണന കേട്ടു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഭാര്യ ലെെലാ കബീറില്‍ നിന്ന് അടിച്ചുമാറ്റിയതിന് കേസില്‍പ്പെട്ട അതേ മലയാളി ജയ. സെെന്യത്തിന് വേണ്ടി ശവപ്പെട്ടി ഇറക്കുമതിയില്‍പ്പോലും കോടികളുടെ കോഴ ഇടപാടില്‍ ജയാജയ്റ്റ്ലിയും പ്രതിസ്ഥാനത്തുണ്ടായിരുന്നു. ആ ജയയാണ് ശവപ്പെട്ടി പോലുള്ള പാര്‍ലമെന്റ് മന്ദിരത്തില്‍ കലാരൂപങ്ങളൊരുക്കിയത്. ഒടയതമ്പുരാന്‍ ഉടലോടെ ഇറങ്ങിവന്നാലും ശവപ്പെട്ടി ജയയും തേന്‍ സുരേഷും നമ്മുടെ രാഷ്ട്രശരീരത്തിലെ കാന്‍സറായി ഇനിയും പടര്‍ന്നുകയറുകയേയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.