14 July 2024, Sunday
KSFE Galaxy Chits

ദുഃസഹമാവരുത് കൊച്ചിയിലെ ജീവിതം

Janayugom Webdesk
June 15, 2024 5:00 am

സാമ്പത്തിക സാഹചര്യങ്ങളും ജീവിത നിലവാരവും പരിസ്ഥിതിയും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തി ഒരു അന്താരാഷ്ട്ര സംഘടന അടുത്തിടെ നടത്തിയ പഠനത്തിൽ കൊച്ചിയെ മികച്ച നഗരങ്ങളിലൊന്നായാണ് വിലയിരുത്തിയിരിക്കുന്നത്. എന്നാൽ ഈ നഗരത്തില്‍ ജീവിക്കുന്നവരും ഹ്രസ്വകാലത്തേക്ക് വന്നുപോകുന്നവരും ഈ പഠനത്തെ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. നിരന്തരമുള്ള വെള്ളക്കെട്ട്, കുന്നുകൂടുന്ന മാലിന്യം, വീതികുറഞ്ഞ നിരത്തുകൾ, പതിവായുള്ള ഗതാഗതക്കുരുക്ക് എന്നിങ്ങനെ ജീവിതം ദുഃസഹമാക്കുന്ന സാഹചര്യങ്ങളിലൂടെയാണ് കേരളത്തിന്റെ ‘സാമ്പത്തിക തലസ്ഥാനം’ ഓരോ ദിവസവും തള്ളി നീക്കുന്നത്. മെട്രോ സർവീസും വാട്ടർ മെട്രോയുമുണ്ടെങ്കിലും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങൾക്ക് അവ പരിഹാരമാവുന്നില്ല. ഉറവിടത്തിൽത്തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികൾക്ക് നഗരഭരണാധികാരികൾ രൂപംനൽകിയിട്ടുണ്ടെങ്കിലും നൂറുകണക്കിന് ഹൗസിങ് കോളനികളും അതിലേറെ ഫ്ലാറ്റ് സമുച്ചയങ്ങളുമുള്ള കൊച്ചിയിൽ പല പദ്ധതികളും ലക്ഷ്യം കാണുന്നില്ലെന്നതാണ് വസ്തുത. 92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ മഹാനഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 511 ഫ്ലാറ്റ് സമുച്ചയങ്ങളുണ്ടെന്നാണ് കോർപറേഷന്റെ കണക്ക്.

നാലുനില അപ്പാർട്ടുമെന്റുകൾ മുതൽ 22 നില കെട്ടിടങ്ങൾ വരെയുണ്ട് അക്കൂട്ടത്തിൽ. ജൈവ മാലിന്യസംസ്കരണം മുതൽ സെപ്ടിക് ടാങ്ക് ശുചീകരണം വരെയുള്ള കാര്യങ്ങളിൽ സമഗ്രവും സമ്പൂർണവുമായ പദ്ധതികളില്ലാത്തത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ മാസം 28ന് മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പെരുമഴയിൽ കൊച്ചി മുങ്ങിയപ്പോൾ വീടിനകത്തു കുടുങ്ങിയ ഒട്ടേറെ കുടുംബങ്ങളെ വള്ളമിറക്കിയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സാധാരണ മഴയിൽ പോലും മുട്ടറ്റം വെള്ളം പൊങ്ങുന്ന കൊച്ചിയിലെ നഗരവീഥികളിൽ മേഘവിസ്ഫോടനമുണ്ടായാലുള്ള സ്ഥിതി പറയേണ്ടതില്ല. നഗര വികസനത്തിനായി കൊച്ചി സ്മാർട്ട് മിഷൻ ഉൾപ്പെടെയുള്ള ഏജൻസികൾ വർഷം മുഴുവൻ കർമ്മനിരതരാണെങ്കിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും മാറ്റമില്ലാതെ തുടരുമ്പോൾ പ്രശ്നം മറ്റെന്തോ ആണെന്ന് തീർച്ചയായും ഉറപ്പിക്കാം. അത് കണ്ടെത്തി പരിഹാര നടപടികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് സ്ഥിതിചെയ്യുന്ന പ്രദേശമായതിനാലാണ് വെള്ളക്കെട്ട് പതിവായുണ്ടാകുന്നത് എന്ന വാദമുയർത്തുന്നവർ കൊച്ചിയുടെ രക്ഷയ്ക്കായി ഒരുക്കിയ കനാലുകൾക്ക് എന്തു സംഭവിച്ചു എന്നതുകൂടി കാണണം. പേരണ്ടൂർ മുതൽ തേവരക്കായൽ വരെ നീളുന്ന പേരണ്ടൂർ കനാലും നഗരഹൃദയത്തിലൂടെ ഒഴുകുന്ന മുല്ലശേരി കനാലും ഇടപ്പള്ളിത്തോടും കയ്യേറ്റങ്ങളാലും മാലിന്യം നിറഞ്ഞും ഒഴുക്കുനിലച്ച അവസ്ഥയിലാണ്. ഇവയുടെ നവീകരണത്തിനായി എത്രയോ പതിറ്റാണ്ടുകളായി പണമൊഴുക്കുന്നു. അതെല്ലാം പാഴ്‌വേലയായെന്ന് ഒരു മഴക്കാലം കൂടി തെളിയിച്ചു.


ഇതുകൂടി വായിക്കൂ:ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെടരുത് 


കൊച്ചി രാജ്യത്തെ മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പൻ 40കളിൽ ദീർഘദൃഷ്ടിയോടെ നടപ്പാക്കിയ പദ്ധതികൾ പഴയതലമുറ ഇന്നുമോർക്കുന്നു. വാഹനങ്ങൾ നാമമാത്രമായിരുന്ന കാലത്താണ് സഹോദരൻ എംജി റോഡ് എന്ന വമ്പൻ പദ്ധതി ആവിഷ്കരിച്ചത്. കൊച്ചു കൊച്ചിക്കെന്തിന് 70 അടി വീതിയിൽ റോഡ് എന്ന ചോദ്യമുയർത്തി സഹോദരനെ വിമർശിച്ചവർ നിരവധിയാണ്. കൊച്ചി ഇന്ന് കൊച്ചായിരിക്കും, പക്ഷേ ഭാവിയിൽ ഇത് വിശാല കൊച്ചിയായി മാറുമെന്നു പ്രവചിച്ച സഹോദരന്റെ ഭാവനയും ദീർഘവീക്ഷണവും പിൽക്കാലത്ത് നഗരഭരണത്തിന്റെ ചുക്കാൻ പിടിച്ചവർക്കില്ലാതെ പോയി എന്നു പറയാതെവയ്യ. എംജി റോഡിന്റെ അലൈൻമെന്റ് വരച്ച എന്‍ജിനീയർമാർ സഹോദരന്റെ വസതി പൊളിക്കാതിരിക്കാൻ ആ ഭാഗം വളച്ചാണ് പ്ലാൻ തയ്യാറാക്കിയത്. അതു ശ്രദ്ധയിൽപ്പെട്ട സഹോദരൻ, തന്റെ വീട് പൊളിച്ചോളൂ എന്നാലും റോഡിൽ വളവുണ്ടാക്കരുത് എന്നാണ് അവരോടു പറഞ്ഞത്. ഇന്ന് ചിന്തിക്കാൻ പോലുമാവാത്ത കാര്യം. വൻ വികസന പദ്ധതികളെല്ലാം നഗരഹൃദയത്തെ കേന്ദ്രീകരിച്ചുള്ള നാലഞ്ചു കിലോമീറ്ററിലേക്ക് ഒതുങ്ങിയതും കൊച്ചിയെ ഞെരുക്കി. പനമ്പിള്ളി നഗർ, ഗിരിനഗർ, ഗാന്ധിനഗർ ഉൾപ്പെടെയുള്ള പല ഭവന പദ്ധതികളും ചതുപ്പുനിലങ്ങളും പാടശേഖരങ്ങളും നികത്തിയെടുത്ത ഭൂമിയിലാണ് നടപ്പാക്കിയത്. ഒറ്റ മഴയിൽത്തന്നെ അടുക്കള വരെ വെള്ളം കയറുന്നതിന്റെ കാരണം തേടി ഗവേഷണമൊന്നും നടത്തേണ്ടതില്ല.

ബ്രഹ്മപുരത്ത് നൂറ് ഏക്കറിൽ സജ്ജമാക്കിയ മാലിന്യസംസ്കരണ പ്ലാന്റിൽ കൊച്ചി നഗരസഭയ്ക്ക് സമീപത്തെ എട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി മാലിന്യ നിക്ഷേപത്തിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ അവിടെയുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്ലാന്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിനൊഴികെ മറ്റുള്ളവർക്കുള്ള അനുമതി വിലക്കി. മഹാനഗരത്തിന്റെ സമീപ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ മാലിന്യക്കൂമ്പാരമാണ്. മത്സ്യങ്ങൾക്കു പോലും ജീവിക്കാൻ കഴിയാത്തവിധം രാസവിഷം കലർന്ന വെള്ളം തന്നെയാണ് കൊച്ചി നഗരത്തിലടക്കം 15 ലക്ഷം മനുഷ്യർ കുടിക്കുന്നത്. കഴിഞ്ഞ മാസം പെരിയാറിലുണ്ടായ മത്സ്യക്കുരുതിയുടെ കാരണത്തെച്ചൊല്ലി മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള ഏജൻസികൾ തർക്കത്തിലാണ്. ഇക്കാര്യത്തിൽ ഹൈക്കോടതി ഒരു അന്വേഷണ സമിതിയെ നിയോഗിച്ചത് ആശാവഹം തന്നെ. ഇന്നുള്ള റോഡും തോടും പരിസ്ഥിതിക്കിണങ്ങുംവിധം വികസിപ്പിച്ചില്ലെങ്കിൽ അപരിഷ്കൃത, അവികസിത നഗരങ്ങളുടെ പട്ടികയിൽ കൊച്ചി ഇടംനേടുന്ന കാലം വിദൂരമല്ല.

TOP NEWS

July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.